കേരള സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) 2031-ൽ ആഘോഷിക്കാനിരിക്കെ, സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനായുള്ള സമഗ്രമായ കർമ്മപദ്ധതിക്ക് തുടക്കമിട്ട് സർക്കാർ. കഴിഞ്ഞ 75 വർഷത്തെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ഭരണ-വികസന മേഖലകളിലെ മുന്നേറ്റങ്ങളും വെല്ലുവിളികളും ആഴത്തിൽ വിശകലനം ചെയ്ത്, അടുത്ത ദശാബ്ദത്തേക്കുള്ള വികസന ലക്ഷ്യങ്ങൾ (Vision 2031) ആസൂത്രണം ചെയ്യുന്നതിനും 2031-ഓടെ കേരളത്തെ ഒരു വികസിതവും പുരോഗമനപരവുമായ സംസ്ഥാനമായി ഉയർത്തിയെടുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതിന്റെ ഭാഗമായി, 2031-ഓടെ കേരളത്തെ വികസിതവും പുരോഗമനപരവുമായ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ആശയങ്ങൾ, വിദഗ്ധ അഭിപ്രായങ്ങൾ, പൊതുജന നിർദ്ദേശങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി 2025 ഒക്ടോബർ മാസത്തിൽ സംസ്ഥാനത്തുടനീളം 33 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ സംഘടിപ്പിക്കും. സുസ്ഥിര വികസനം, സാമൂഹിക നീതി, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, തൊഴിൽ, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന വിധത്തിൽ സെമിനാറുകൾ ക്രമീകരിക്കും. ഇതുവഴി, സംസ്ഥാനത്തിന്റെ ദീർഘകാല വികസന പദ്ധതികൾ ജനങ്ങളുടെ പ്രതീക്ഷകളും സംസ്ഥാനത്തിന്റെ ആഗോള സാധ്യതകളും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആവിഷ്‌കരിക്കപ്പെടും. വിഷൻ 2031 പദ്ധതി, കേരളത്തിന്റെ ഭാവി വികസനത്തിന്റെ സംസ്ഥാനാതല കൺസൾട്ടേറ്റീവ് പ്രക്രിയയ്ക്കും, സമഗ്രവും ശാസ്ത്രീയവുമായ വികസന പ്രവർത്തനരേഖയ്ക്കും അടിത്തറയാകും.
ബഹുജന പങ്കാളിത്തത്തോടെ 33 വിഷയ ചർച്ചകളും സംഘാടനവും
സംസ്ഥാനത്തെ വികസനത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന 33 സുപ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സെമിനാറുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ സെമിനാറുകൾ ഒക്ടോബർ 1 മുതൽ 30 വരെ മന്ത്രിമാരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരിക്കും നടക്കുക. മന്ത്രിമാർ ചുമതല വഹിക്കുന്ന വകുപ്പുകളുടെ 2031-ലേക്കുള്ള ദീർഘവീക്ഷണം (Vision) ചർച്ച ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും സമാന പ്രാധാന്യം നൽകിക്കൊണ്ടാണ് 33 സെമിനാറുകൾക്കായി വിഷയങ്ങളും വേദികളും നിശ്ചയിച്ചിട്ടുള്ളത്. ഓരോ സെമിനാറിലും 500 മുതൽ 1000 വരെ ആളുകൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും. ഈ ബഹുജന പങ്കാളിത്തത്തിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകളുടെയും വിദഗ്ദ്ധരുടെയും കാഴ്ചപ്പാടുകൾ വികസന രൂപീകരണ പ്രക്രിയയിലേക്ക് എത്തിക്കാൻ സാധിക്കും. സെമിനാറുകളുടെ സംഘാടക ചുമതല അതത് ബന്ധപ്പെട്ട വകുപ്പുകൾക്കാണ്. ഒരു സെമിനാറിന് പരമാവധി 3 ലക്ഷം രൂപ വരെ വകുപ്പുകളുടെ ഫണ്ടിൽ നിന്നും ചെലവഴിക്കാനുള്ള അനുമതി ധനവകുപ്പ് നൽകും. പ്രചാരണ ചുമതല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനാണ്.
സെമിനാറിലെ ചർച്ചാ രീതിയും ഉള്ളടക്കവും
വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് ഏറ്റവും മികച്ച രീതിയിലുള്ള ചർച്ചകൾ ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ നടപടിക്രമമാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. വകുപ്പ് നേട്ടങ്ങളുടെ വിലയിരുത്തൽ സെമിനാറിന്റെ പ്രധാന ഭാഗമാണ്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി കഴിഞ്ഞ 10 വർഷത്തെ വകുപ്പിന്റെ സുപ്രധാന നേട്ടങ്ങൾ, നിലവിലുള്ള പ്രധാന നയങ്ങൾ, നടപ്പാക്കിയ സുപ്രധാന പദ്ധതികൾ എന്നിവ അവതരിപ്പിക്കും. ഈ വിഷയ മേഖലയിൽ 2031-ൽ കേരളം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന കരട് നയരേഖ ('വിഷൻ 2031' കരട്) തുടർന്ന് മന്ത്രി സെമിനാറിൽ അവതരിപ്പിക്കും. മന്ത്രി അവതരിപ്പിച്ച കരട് നയരേഖയെ കേന്ദ്രീകരിച്ച് പാനൽ ചർച്ചകൾ സംഘടിപ്പിക്കും. ദേശീയ, അന്തർദേശീയ തലത്തിലുള്ള വിദഗ്ദ്ധരെ പാനലിസ്റ്റുകളായി ക്ഷണിക്കും. വിഷയത്തിലൂന്നി ഗുണകരവും പ്രായോഗികവുമായ ചർച്ചകൾക്ക് കഴിയുന്നവരെ വകുപ്പുകൾ കണ്ടെത്തി പാനലിൽ ഉൾപ്പെടുത്തും. സെമിനാർ കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമെങ്കിൽ പരിഷ്‌ക്കാരങ്ങൾ വരുത്താൻ അതത് വകുപ്പുകൾക്ക് സ്വാതന്ത്ര്യമുണ്ട്. സെമിനാർ ചർച്ചകളുടെ സംഗ്രഹമായി, ചർച്ച ചെയ്ത വിഷയങ്ങളും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും ഉൾപ്പെടുത്തി 'വിഷൻ 2031: ചർച്ച ചെയ്ത മേഖലയുടെ റിപ്പോർട്ട്' എന്നൊരു കരട് രേഖ സർക്കാറിനു സമർപ്പിക്കും
റിപ്പോർട്ട് ക്രോഡീകരണവും ജനുവരി കോൺക്ലേവും
ഒക്ടോബറിലെ സെമിനാറുകൾ പൂർത്തിയാക്കിയ ശേഷം, ഒക്ടോബർ 30-നകം ഓരോ സംഘാടക വകുപ്പും അതത് മന്ത്രിമാർ മുഖേന മൂന്ന് പ്രധാന രേഖകൾ സർക്കാരിന് സമർപ്പിക്കണം:
1. നേട്ടങ്ങളുടെ രേഖ: സെക്രട്ടറിയുടെ അവതരണത്തെ അടിസ്ഥാനമാക്കിയുള്ള വകുപ്പിന്റെ നേട്ടങ്ങൾ.
2. വിഷൻ 2031 നയരേഖ: മന്ത്രി അവതരിപ്പിച്ച വിഷൻ 2031 നയരേഖ.
3. പ്രവർത്തന റിപ്പോർട്ട്: സെമിനാറിൽ ഉരുത്തിരിഞ്ഞ വിഷയങ്ങളും വകുപ്പ് ഭാവിയിൽ ചെയ്യാൻ ലക്ഷ്യമിടുന്ന കാര്യങ്ങളും അടയാളപ്പെടുത്തുന്ന റിപ്പോർട്ട്.
ഇത്തരത്തിൽ ലഭിക്കുന്ന 33 വകുപ്പുതല കാഴ്ചപ്പാടുകൾ (വിഷനുകൾ) ക്രോഡീകരിച്ച്, 2026 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആസൂത്രണബോർഡിന്റെ നേതൃത്വത്തിൽ ഒരു വിപുലമായ പ്രധാന കോൺക്ലേവ് സംഘടിപ്പിക്കും. കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് വഴിയൊരുക്കുന്ന, 2031-ഓടെ സംസ്ഥാനത്തെ വികസിത സംസ്ഥാനമായി മാറ്റുന്നതിനുള്ള അന്തിമ പദ്ധതികൾക്ക് രൂപം നൽകാനാണ് ഈ കോൺക്ലേവ് ലക്ഷ്യമിടുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-06 10:30:07
ലേഖനം നമ്പർ: 1879