സുസ്ഥിര സമുദ്രാധിഷ്ഠിത വികസനം ലക്ഷ്യമിട്ട് സംസ്ഥാന ഫിഷറീസ് വകുപ്പും യൂറോപ്യൻ യൂണിയനും ചേർന്ന് ‘ബ്ലൂ ടൈഡ്സ് – കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ് -2025’ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വിശാലമായ സമുദ്ര-തീരദേശ സാധ്യതകളെ യൂറോപ്യൻ യൂണിയന്റെ വൈദഗ്ധ്യവുമായി സംയോജിപ്പിച്ച്, ഒരു ആഗോള മാതൃക സൃഷ്ടിക്കാനാണ് കോൺക്ലേവ് ഉദ്ദേശിക്കുന്നത്. ‘രണ്ട് തീരങ്ങൾ, ഒരേ കാഴ്ചപ്പാട്’ (“Blue Tides-Two Shores One Vision”) എന്ന പ്രമേയത്തെ അടിസ്ഥനമാക്കി സംഘടിപ്പിക്കുന്ന കോൺക്ലേവ് സെപ്റ്റംബർ 18, 19 തീയതികളിൽ തിരുവനന്തപുരം കോവളം ദി ലീല റാവിസിൽ നടക്കും.
യൂറോപ്പ്യൻ രാജ്യങ്ങളിലെ നിക്ഷേപങ്ങൾ ഉറപ്പാക്കിക്കൊണ്ട് സ്റ്റാർട്ടപ്പ് നവീകരണം, നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴിൽ സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം എന്നിവയിലെ സംയുക്ത സംരംഭങ്ങൾക്കായി സഖ്യം രൂപപ്പെടുത്തുന്നതിന് വേണ്ടിയുള്ള സമ്മേളനത്തിൽ ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലൊവാക്യ, സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കും.
സാമ്പത്തിക വളർച്ച, പരിസ്ഥിതി സംരക്ഷണം, സാമൂഹിക തുല്യത എന്നിവയിലൂന്നിയ ഭാവിയിലേക്കുള്ള ചുവടുവയ്പാണ് കേരള-യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കണോമി പങ്കാളിത്തം ലക്ഷ്യമിടുന്നത്. മത്സ്യബന്ധനം, മത്സ്യകൃഷി വികസനം, തീരദേശ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിപോഷിപ്പിക്കൽ, നിക്ഷേപ അവസരങ്ങൾ എന്നിവയ്ക്കായി ആഗോള വൈദഗ്ധ്യവും പ്രാദേശിക വികസനവും സംയോജിപ്പിക്കുന്ന പരിപാടിയാണ് കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവ്. സുസ്ഥിരവും പ്രതിരോധാത്മകവും ഊർജ്ജസ്വലവുമായ നീല സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ ഇത് നിർണായകമാകും.
കാലാവസ്ഥയെ പ്രതിരോധിക്കുന്ന സ്മാർട്ട് അക്വാകൾച്ചറും സുസ്ഥിര മത്സ്യബന്ധനവും, മത്സ്യബന്ധന മൂല്യ ശൃംഖല ശക്തിപ്പെടുത്തൽ, സമുദ്രാധിഷ്ഠിത ഭാവിയിലേക്കുള്ള അക്കാദമിക് വൈദഗ്ദ്ധ്യവും ഗവേഷണവും, സുസ്ഥിര സമുദ്ര വളർച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, തീരദേശ ടൂറിസം, സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീ ശാക്തീകരണം, നവീകരണവും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള മത്സ്യബന്ധനം എന്നിവയാണ് കേരള-യൂറോപ്യൻ യൂണിയൻ പങ്കാളിത്തത്തിന്റെ സുപ്രധാന ഘടകങ്ങൾ.
40-ലധികം പ്രഭാഷകരും, 750-ലധികം പ്രതിനിധികളും, 15-ലധികം എക്സിബിറ്റേഴ്സും സമ്മേളനത്തിൻറെ ഭാഗമാകും. സമുദ്രാധിഷ്ഠിത സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താനും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ കേന്ദ്രമായി കേരളത്തെ പ്രദർശിപ്പിക്കാനും സമ്മേളനം ഉദ്ദേശിക്കുന്നു. കൂടാതെ നീല സമ്പദ് വ്യവസ്ഥാ മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്ന പ്ലീനറി സെഷനുകൾ, ആഗോള മത്സ്യബന്ധന വെല്ലുവിളികളെക്കുറിച്ചുള്ള വിഷയാധിഷ്ഠിത ചർച്ചകൾ, സംവേദനാത്മക നെറ്റ് വർക്കിംഗ്, കേരളത്തിൻറെ തനത് പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറൈൻ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ, അക്വാകൾച്ചർ, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോർജ്ജം, ഹരിത സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യൻ യൂണിയൻ പങ്കാളിത്തം സമ്മേളനം ചർച്ച ചെയ്യും.നീല സമ്പദ് വ്യവസ്ഥാ മേഖലയിൽ (blue economy) സുസ്ഥിരവും ഫലപ്രദവുമായ മാറ്റങ്ങൾ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സഖ്യം രൂപപ്പെടുത്തുന്നതിനായി കേരളത്തിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള നയതന്ത്രജ്ഞർ, നയരൂപീകരണ-വ്യവസായ വിദഗ്ധർ, നിക്ഷേപകർ, വിഷയ വിദഗ്ധന്മാർ എന്നിവർ പങ്കെടുക്കും.
നീല സമ്പദ് വ്യവസ്ഥയിൽ കേരളം (Blue Economy)
വിശാലമായ തീരപ്രദേശം, അഭിവൃദ്ധി പ്രാപിക്കുന്ന തുറമുഖങ്ങൾ, സമുദ്ര ഗവേഷണം, മത്സ്യകൃഷി, പുനരുപയോഗ ഊർജ്ജം എന്നിവയിലെ വൈദഗ്ദ്ധ്യം ഇന്ത്യയെ, നീല സമ്പദ്‌വ്യവസ്ഥയിൽ ആഗോള കേന്ദ്രമായി ഉയരാൻ സഹായിക്കുന്നു. ഈ വളർച്ചയുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത് 600 കിലോമീറ്റർ തീരപ്രദേശവും, നദികൾ, അഴിമുഖങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, ഷിപ്പിംഗ്, തീരദേശ ടൂറിസം, ആയുർവേദം, ക്ഷേമം, സമുദ്ര ഗവേഷണം തുടങ്ങിയ അഭിവൃദ്ധി പ്രാപിക്കുന്ന മേഖലകൾ ഉൾപ്പെടുന്ന കേരളമാണ്. സുസ്ഥിരവും നൂതനവുമായ ഇന്ത്യയുടെ സമുദ്രാധിഷ്ഠിതമായ വളർച്ചയ്ക്കുള്ള സ്വാഭാവികത കേരളത്തിൽ നിലനിൽക്കുന്നു. അതിനാൽ ഈ സുപ്രധാന മേഖലയിൽ ആഗോള പങ്കാളിത്തം, സമഗ്ര വികസനം, സ്ഥിരതയുള്ള സഹകരണം എന്നിവ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് കേരള-യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കണോമി കോൺക്ലേവ് പ്രതിഫലിപ്പിക്കുന്നത്.
‘ബ്ലൂ ടൈഡ്സ് – കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ് 2025’ കേരളവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന ഒരു ചരിത്രപരമായ വേദിയാണ്. സമുദ്രാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി സുസ്ഥിര വളർച്ച, നിക്ഷേപം, ഗവേഷണം, സാങ്കേതിക നവീകരണം, തൊഴിൽ അവസരങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയും യൂറോപ്പും ചേർന്ന് പുതിയ വഴികൾ തുറക്കും. കേരളത്തിന്റെ സമൃദ്ധമായ തീരദേശവും സമുദ്രാധിഷ്ഠിത വിഭവങ്ങളും ആഗോള ബ്ലൂ എക്കണോമി പങ്കാളിത്തത്തിന്റെ ശക്തമായ കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തും. ഇത് ഇന്ത്യയുടെ സമഗ്ര വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തും.
ബ്ലൂ ടൈഡ്സ് – കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ് -2025: keralaeuconclave2025.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-16 11:54:14
ലേഖനം നമ്പർ: 1852