സമഗ്ര വികസനവും ജനാധിപത്യവും കൈകോർക്കുന്ന ഭാവി കേരളം രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. 2031ൽ കേരള സംസ്ഥാനം രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ, ഇതുവരെ കൈവരിച്ച പുരോഗതി വിലയിരുത്തിയും ഭാവിയെ ലക്ഷ്യമിട്ട വികസന മുൻഗണനകൾ ആസൂത്രണം ചെയ്യുന്നതിനുമാണ് സർക്കാർ ഈ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
വികസനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനൊപ്പം ജനാധിപത്യ മൂല്യങ്ങളെ കൂടുതൽ സുതാര്യവും പങ്കാളിത്തപരവുമായതാക്കുന്ന സംവാദ വേദിയായി ഈ സമ്മേളനം മാറും. നയരൂപീകരണം, ഗവേഷണം, വിവിധ അഭിപ്രായങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് കേരളത്തിന്റെ ഭാവി വികസനപാതയ്ക്ക് വ്യക്തമായ ദിശ നിശ്ചയിക്കാനാണ് ‘വിഷൻ 2031’ ലക്ഷ്യമിടുന്നത്.
ഒക്ടോബർ, നവംബർ മാസങ്ങളിലായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 14 ജില്ലകളിലായി 34 സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ചാണ് 18 വിവിധ വിഷയങ്ങളിലായി സമ്മേളനത്തിൽ ചർച്ചകൾ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് സമ്മേളനം നടക്കും. ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടക്കും.
വിഷൻ 2031
1. ഇൻക്ലൂസിവ് ഡെവലപ്മെന്റ്
2. ആരോഗ്യവും പോഷകാഹാരവും
3. കൃഷി, കന്നുകാലി, മത്സ്യബന്ധന മേഖലകളുടെ ആധുനികവൽക്കരണം
4. പരിസ്ഥിതി സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധശേഷിയും
5. വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ
6. കായികവും യുവജനകാര്യങ്ങളും
7. ജനാധിപത്യ വികേന്ദ്രീകരണവും തദ്ദേശ ഭരണവും
8. തൊഴിലാളികളുടെ അവകാശങ്ങൾ
9. വിവരസാങ്കേതികവിദ്യ - കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിലെ ഡിജിറ്റൽ വിപ്ലവം
10. വയോജനങ്ങളെ ശാക്തീകരിക്കൽ
11. സാമൂഹിക ശാക്തീകരണം
12. ഊർജ്ജത്തിന്റെയും ജലസ്രോതസ്സുകളുടെയും ശാസ്ത്രീയമായ പരിപാലനം
13. ജനങ്ങൾക്കായുള്ള ധനസഹായ വികസനം
14. സാംസ്കാരിക വികസനം, പൈതൃകം, ടൂറിസം
15. വിദ്യാഭ്യാസത്തിന്റെയും കഴിവുകളുടെയും പരിവർത്തനം
16. സംരംഭം, സാങ്കേതികവിദ്യ, നവീകരണം
17. സാമ്പത്തിക വികസനത്തിനായുള്ള സഹകരണം
18. ലിംഗ നീതിയോടെയുള്ള വികസനം
സാക്ഷരത, ആയുർദൈർഘ്യം, മാതൃ-ശിശു ആരോഗ്യം, സ്കൂൾ പ്രവർത്തനം എന്നിവയിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. കൂടാതെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ബഹുമുഖ ദാരിദ്ര്യ നിരക്കും (0.55 ശതമാനം) കേരളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2025 നവംബർ 1ന് കേരളം അതിദാരിദ്ര്യ നിർമാർജ്ജനം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നിർണായക അധ്യായം കുറിക്കപ്പെട്ടു. ഈ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. വിശദമായ സർവേകളുടെയും ഏകോപിത പ്രാദേശിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ നിർമ്മിച്ച സമീപകാല അതിദാരിദ്ര്യ നിർമാർജന പരിപാടി ഉൾപ്പെടെ, ക്ഷേമം, സാമൂഹിക സംരക്ഷണം, പൊതു പ്രവർത്തനം എന്നിവയോടുള്ള കേരളത്തിന്റെ ദീർഘകാല പ്രതിബദ്ധത കൊണ്ടാണ് ഈ നേട്ടം സാധ്യമായത്.
സമീപകാലത്ത് കേരളം കൈവരിച്ച മാനുഷിക വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് സംസ്ഥാനം നടത്തിവരുന്നത്. കൃഷിയെയും അനുബന്ധ മേഖലകളെയും ശക്തിപ്പെടുത്തുക, വ്യവസായ വികസനം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം വർധിപ്പിക്കുക, വിവരസാങ്കേതികവിദ്യയും സേവനമേഖലയും വേഗത്തിൽ വികസിപ്പിക്കുക എന്നിവയിലൂടെ ഉൽപ്പാദനക്ഷമവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമായ ഒരു ആധുനിക സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുക എന്നിവയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം, വികസന പ്രക്രിയയിൽ ആരും പിന്നിലാകാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച ഉറപ്പാക്കാനും സംസ്ഥാനം ശ്രദ്ധ ചെലുത്തുന്നു. പ്രകൃതി ദുരന്തങ്ങൾ, നിപ പകർച്ചവ്യാധി, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ, കോവിഡ്-19 പ്രതിസന്ധി, കേന്ദ്ര–സംസ്ഥാന ഭരണബന്ധങ്ങളിലെ വെല്ലുവിളികൾ തുടങ്ങിയ പ്രതിസന്ധികൾ നേരിട്ടിട്ടും ഈ ശ്രമങ്ങൾ സംസ്ഥാനം തുടർച്ചയായി മുന്നോട്ട് കൊണ്ടുപോയി.
ശാസ്ത്രീയ മനോഭാവം, മതേതരത്വം, ജനാധിപത്യം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സമഗ്ര വികസനവും ശക്തമായ ജനാധിപത്യവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള കേരളത്തിന്റെ ദീർഘകാല പ്രതിബദ്ധതയുടെ വ്യക്തമായ പ്രകടനമാണ് ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനം. ഉൾക്കൊള്ളൽ, സാമൂഹ്യനീതി, ശാസ്ത്രീയ ചിന്ത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യവികസനത്തിലെ മുന്നേറ്റം തുടർന്നും നിലനിർത്തുന്ന ഒരു കേരളത്തെ രൂപപ്പെടുത്തുന്നതിൽ ‘വിഷൻ 2031’ നിർണായക പങ്ക് വഹിക്കും.
വെബ്സൈറ്റ് : vision2031.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-13 11:02:33
ലേഖനം നമ്പർ: 1960