വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. അറിവിന്റെയും അക്ഷരങ്ങളുടെയും പുതിയൊരു ലോകത്തേക്ക് കാലെടുത്തുവെക്കുന്ന എല്ലാ കുരുന്നുകളേയും സ്വാഗതം ചെയ്യുന്ന പ്രവേശനോത്സവത്തോടെ ഇത്തവണത്തെ അധ്യയനവർഷത്തിന് തുടക്കമാകും. "പാഠം 1: പുതുയുഗ വിദ്യാലയം" എന്ന ആശയത്തിലൂന്നി പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ മികവുറ്റതാക്കാനുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ അധ്യയനവർഷം.
കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ട് കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. ഒപ്പം പാഠപുസ്തക വിതരണവും പൂർത്തിയാകും.
പഠനസമയം ഉറപ്പാക്കാൻ വിദ്യാഭ്യാസ കലണ്ടറും തയ്യാറായി. എൽ.പി. സ്‌കൂളുകളിൽ 800 മണിക്കൂറാണ് അധ്യയനസമയമെന്നതിനാൽ, ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനമാക്കില്ല. ഇത്തവണ 197 പ്രവൃത്തിദിനങ്ങളുണ്ടാവും. യു.പി.യിൽ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തിദിനമായി നിശ്ചയിച്ചു. ഹൈസ്‌കൂളിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ ഏഴ് ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-01 10:48:01
ലേഖനം നമ്പർ: 2022