പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യ ബന്ധം ഓർമ്മപ്പെടുത്തുന്നതിനായി 2026 ജൂൺ 5-ന് ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്. അതിതീവ്ര മഴ, വനനശീകരണം, ഉഷ്ണതരംഗങ്ങൾ, മണ്ണിടിച്ചിൽ, ജലസ്രോതസ്സുകളുടെ ക്ഷയം, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയ ആഗോള-പ്രാദേശിക വെല്ലുവിളികൾ നമ്മുടെ നാടിനും കർഷകർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയമായ "പ്രകൃതിയാൽ പ്രചോദിതം; കാലാവസ്ഥയ്ക്കും നമ്മുടെ ഭാവിക്കും" (“Inspired by Nature, for Climate, for Our Future”) എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട്, സംസ്ഥാന കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിപുലമായ ജനകീയ കാർഷിക വികസന പരിപാടികളാണ് സംസ്ഥാനത്തുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്.

ലോക പരിസ്ഥിതി ദിനം 2026 – സംസ്ഥാനതല ഉദ്ഘാടനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിപുലമായ ഫലവൃക്ഷത്തൈ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടക്കും.

സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയും പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കുകയും ചടങ്ങിൽ പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. വിവിധ വകുപ്പ് മന്ത്രിമാർ, എം.എൽ.എമാർ, കർഷക പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ, തലസ്ഥാനത്തെ അഞ്ച് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അമ്പതോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളാകുന്നതിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശം യുവതലമുറയിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള വേദിയായി ഈ പരിപാടി മാറും.

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃഷി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഈ ബൃഹത് ഹരിതയജ്ഞം ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ കൃഷി വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

കുട്ടി കർഷകർക്ക് ആദരവും ഹരിത കിറ്റ് വിതരണവും

കൃഷിയിൽ മികച്ച താല്പര്യവും നേട്ടവും കൈവരിച്ച, വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 5 കുട്ടി കർഷകരെ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി ആദരിക്കുന്നതാണ്. കൂടാതെ, ചടങ്ങിൽ പങ്കെടുക്കുന്ന സ്കൂളുകൾക്ക് ഭാവിയിൽ വിദ്യാലയ മുറ്റങ്ങളിൽ ഹരിതവൽക്കരണം ശക്തമാക്കുന്നതിനായി ഒരു ഫലവൃക്ഷത്തൈയും ഗുണമേന്മയുള്ള പച്ചക്കറി വിത്തുകളും അടങ്ങുന്ന പ്രത്യേക ഹരിത കിറ്റും വിതരണം ചെയ്യുന്നതാണ്.

‘‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’
സമഗ്ര പച്ചക്കറി - പുഷ്പ ഉൽപ്പാദന യജ്ഞം

ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിൽ കുടുംബാടിസ്ഥാനത്തിലുള്ള കാർഷിക ഉൽപ്പാദനത്തിന് സുപ്രധാന പങ്കുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി ഓണക്കാലത്ത് വീടുകളിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളുടെയും പൂക്കളുടെയും ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ എന്ന സമഗ്ര കാർഷിക യജ്ഞത്തിന് തുടക്കം കുറിക്കുന്നു. സ്വന്തം വീട്ടുവളപ്പുകളിലും തോട്ടങ്ങളിലും കൃഷി വ്യാപിപ്പിക്കുന്നതിലൂടെ കുടുംബങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങൾ ഒരു പരിധിവരെ സ്വയം നിറവേറ്റുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. അതോടൊപ്പം, കാർഷിക സംസ്കാരത്തെയും പ്രകൃതിയോടുള്ള അടുപ്പത്തെയും പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിനും പദ്ധതി സഹായകമാകും.

പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് അങ്കണത്തിൽ സജ്ജമാക്കുന്ന മാതൃകാ പച്ചക്കറിത്തോട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പരിസ്ഥിതി ദിനാചരണ വേദിയിൽ മുഖ്യമന്ത്രി നിർവഹിക്കും. പരിമിതമായ സ്ഥലങ്ങളിലും ശാസ്ത്രീയമായ രീതിയിൽ പച്ചക്കറി കൃഷി വിജയകരമായി നടപ്പാക്കാമെന്ന സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന പ്രായോഗിക മാതൃകയായിരിക്കും ഈ തോട്ടം. ഓണക്കാലത്ത് സ്വന്തം കൃഷിയിടങ്ങളിൽ നിന്നുള്ള വിളവുകൾ വീടുകളിലെത്തിക്കുക എന്ന ആശയത്തിലൂന്നിയ ഈ സംരംഭം, ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും കൈകോർക്കുന്ന ജനകീയ കാർഷിക പദ്ധതിയാണ്. 

“കതിര് ” (KATHIRU) കാർഷിക ക്ലബ്ബ് പദ്ധതി

ഭാവി തലമുറയിൽ കാർഷിക അവബോധവും പ്രകൃതിസ്നേഹവും ശാസ്ത്രീയമായ കൃഷിരീതികളും വളർത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും കൈകോർത്ത് നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് “കതിര്” (KATHIRU – Kerala Agriculture Technology Heritage and Innovation for Rural Understanding) കാർഷിക ക്ലബ്ബുകൾ. കാർഷിക സാങ്കേതികവിദ്യ, പാരമ്പര്യ കാർഷിക അറിവുകൾ, നവീന ആശയങ്ങൾ, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ വികസനം എന്നിവ ഏകോപിപ്പിച്ച് വിദ്യാർത്ഥികളെ മികച്ച പൗരന്മാരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യം.

കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന മാനസ്സിക പിരിമുറക്കം കുറയ്ക്കുന്നതിനായി ഹോർട്ടികൾച്ചറൽ തെറാപ്പി (Horticultural Therapy) പോലുള്ള ആധുനിക രീതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. കൂടാതെ, കുട്ടികൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വാട്സ്ആപ്പ് (WhatsApp) മുഖേനയുള്ള മിനി മാർക്കറ്റിംഗ് പ്ലാറ്റ്ഫോമുകൾ സജ്ജമാക്കുകയും, കൂടുതൽ പോഷകമൂല്യമുള്ള കൂൺ വളർത്തൽ കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ ക്ലബ്ബുകളെല്ലാം കൃഷി വകുപ്പിന്റെ ഔദ്യോഗിക AIMS പോർട്ടലിൽ ഡിജിറ്റലായി രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുക.

കതിര് പദ്ധതിയുടെ സുഗമമായ നിർവ്വഹണത്തിനായി കൃഷിയിൽ താല്പര്യമുള്ള 20 മുതൽ 25 വരെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് എൽ.പി മുതൽ ഹയർ സെക്കണ്ടറി തലം വരെ ഓരോ വിദ്യാലയത്തിലും ക്ലബ്ബ് രൂപീകരിക്കുന്നത്. ഇതിന്റെ ദൈനംദിന മേൽനോട്ടത്തിനായി ഒരു അധ്യാപകനെയും ഒരു വിദ്യാർത്ഥിയെയും നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി വിജയകരമാക്കാൻ പഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പി.ടി.എ (PTA) അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ഒരു മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും.

സംസ്ഥാനത്തെ 2500 സ്കൂളുകളിൽ ആദ്യഘട്ടത്തിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുമായി ഓരോ വിദ്യാലയത്തിനും പരമാവധി 10,000/- രൂപ വീതം ധനസഹായം നൽകുന്നതാണ്. ഇതിനായി കൃഷി വകുപ്പ് 250 ലക്ഷം (2.5 കോടി) രൂപയുടെ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

വൃക്ഷത്തൈ നടീൽ, കുടുംബകൃഷി, വിദ്യാലയ കാർഷിക ക്ലബ്ബുകൾ, കുട്ടി കർഷകരെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഭക്ഷ്യസുരക്ഷയും സുസ്ഥിര വികസനവും ശക്തിപ്പെടുത്തുന്നു. കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതികൾ പ്രകൃതിയോട് ചേർന്നുള്ള വികസനത്തിന്റെയും ജനകീയ പങ്കാളിത്തത്തിന്റെയും മികച്ച മാതൃകകളാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-05 12:12:36

ലേഖനം നമ്പർ: 2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo