നവംബർ 1 കേരളപ്പിറവി ദിനം, ഐക്യകേരളത്തിന്റെ രൂപീകരണത്തിലൂടെ ഒരു ജനതയുടെ ഭാഷാപരവും സാംസ്‌കാരികവുമായ ഐക്യം യാഥാർഥ്യമായതിന്റെ ചരിത്രസ്മരണയാണ്. ഏഴ് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, ജനക്ഷേമം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച പുരോഗതി സംസ്ഥാനത്തിന്റെ വികസനയാത്രയിലെ നിർണായക നേട്ടങ്ങളാണ്. ജനകീയ പങ്കാളിത്തവും സാമൂഹിക നീതിയും ഉൾക്കൊള്ളുന്ന വികസന സമീപനത്തിലൂടെ പുരോഗതിയുടെ പുതിയ മാതൃകകൾ സൃഷ്ടിച്ച കേരളം, സമഗ്രവും സുസ്ഥിരവുമായ വളർച്ച ലക്ഷ്യമിട്ടുള്ള മുന്നേറ്റം തുടരുകയാണ്.

വികസന നേട്ടങ്ങൾ നിലനിർത്തുന്നതിനൊപ്പം പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സന്തുലിതാവസ്ഥ, കാലാവസ്ഥാ പ്രതിരോധം, ഉത്തരവാദിത്തപരമായ വിഭവവിനിയോഗം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഭാവിദർശനമാണ് കേരളത്തിന്റെ അടിത്തറ. സാമ്പത്തിക വളർച്ചയും പരിസ്ഥിതി സുസ്ഥിരതയും കൈകോർക്കുന്ന വികസന മാതൃകയിലൂടെ വരുംതലമുറകൾക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം കേരളത്തിന്റെ തനത് കലാരൂപങ്ങൾ, ഭാഷ, സാഹിത്യം, ആചാരങ്ങൾ, സാംസ്‌കാരിക പൈതൃകം എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഈ മുന്നേറ്റത്തിന്റെ അവിഭാജ്യ ഘടകമാണ്. എഴുപത് വർഷത്തിന്റെ അനുഭവസമ്പത്തും കൂട്ടായ്മയുടെ കരുത്തും ഉൾക്കൊണ്ട് വികസനത്തിലും സുസ്ഥിരതയിലും സാംസ്‌കാരിക സമ്പന്നതയിലും പുതിയ ഉയരങ്ങളിലേക്ക് കേരളത്തെ നയിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന ദിനം കൂടിയാണ് കേരളപ്പിറവി. 

ഫെസ്റ്റിവൽ ഓഫ് കേരളം 2026 

സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പിന്നിടുന്ന വേളയിൽ കേരളത്തിന്റെ ചരിത്രപരമായ മുന്നേറ്റങ്ങളും സാംസ്‌കാരിക വൈവിധ്യവും വികസനാനുഭവങ്ങളും ദേശീയതലത്തിൽ അവതരിപ്പിക്കുന്നതിനായി ഫെസ്റ്റിവൽ ഓഫ് കേരളം 2026 സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ വളർച്ച അടയാളപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ വികസനസാധ്യതകളും ഭാവി കാഴ്ചപ്പാടുകളും രാജ്യത്തിന്റെ വിവിധ ജനവിഭാഗങ്ങളുമായി പങ്കുവെക്കുന്നതിനുള്ള വിപുലമായ വേദിയായിരിക്കും ഫെസ്റ്റിവൽ ഓഫ് കേരളം. 

കേരളത്തിലും രാജ്യത്തെ പ്രമുഖ നഗരങ്ങളിലുമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകം, തനത് കലാരൂപങ്ങൾ, കായിക നേട്ടങ്ങൾ, സാഹിത്യം, ഭക്ഷ്യസംസ്‌കാരം, സാമൂഹിക പുരോഗതി എന്നിവയ്ക്ക് പ്രാധാന്യം നൽകും. വിവിധ കലാ-സാംസ്‌കാരിക മേഖലകളിലെ പ്രതിഭകളെയും സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും ഒരുമിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ സവിശേഷമായ സാംസ്‌കാരിക സ്വത്വം കൂടുതൽ വിപുലമായി ജനങ്ങളിൽ എത്തിക്കാനാകും.

സംസ്ഥാനത്തിന്റെ വികസന മുൻഗണനകളും നിക്ഷേപസാധ്യതകളും ദേശീയതലത്തിൽ പരിചയപ്പെടുത്തുന്നതും പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ടൂറിസം, വ്യവസായം, വിവരസാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ അവതരിപ്പിക്കും. കേരളത്തിന്റെ വിനോദസഞ്ചാര ആകർഷണങ്ങൾ, ഉത്തരവാദിത്ത ടൂറിസം മാതൃകകൾ, ആയുർവേദം, ആരോഗ്യ-വെൽനസ് ടൂറിസം എന്നിവയ്ക്കും പ്രചാരം നൽകുന്നതിലൂടെ പുതിയ പങ്കാളിത്തങ്ങളും അവസരങ്ങളും സൃഷ്ടിക്കാനാകും. 

2056-ൽ കേരളം രൂപീകരണത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ കൈവരിക്കേണ്ട വികസനനിലവാരത്തെക്കുറിച്ചുള്ള ദീർഘകാല കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണിത്. മാറുന്ന സാമ്പത്തിക സാഹചര്യങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ മാറ്റങ്ങൾ, തൊഴിൽ മേഖലയിലെ പരിണാമങ്ങൾ എന്നിവ കണക്കിലെടുത്ത് ഭാവിയിലെ വികസന മുൻഗണനകൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, എല്ലാവർക്കും പ്രാപ്യമായ ആരോഗ്യപരിരക്ഷ, സുസ്ഥിരമായ അടിസ്ഥാനസൗകര്യങ്ങൾ, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, നൂതന സംരംഭങ്ങൾ, നൈപുണ്യവികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന വികസന സമീപനമാണ് ഈ ദീർഘകാല കാഴ്ചപ്പാടിന്റെ അടിസ്ഥാനം. യുവജനങ്ങളുടെ സജീവ പങ്കാളിത്തം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, മുതിർന്ന പൗരന്മാരുടെ ക്ഷേമം എന്നിവ ഉറപ്പാക്കുന്ന, ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും പ്രാധാന്യം നൽകും.

കേരളത്തിന്റെ ചരിത്രപൈതൃകത്തെയും സമകാലിക വികസന സാധ്യതകളെയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെയും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് കേരളം 2026, സംസ്ഥാനത്തിന്റെ ദേശീയ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും പുതിയ സഹകരണങ്ങൾക്കും വികസന പങ്കാളിത്തങ്ങൾക്കും വഴിയൊരുക്കുന്നതിനുമുള്ള സുപ്രധാന സംരംഭമായി മാറും.

കേരളപ്പിറവി ആഘോഷം 

കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 1ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനങ്ങളിലൂടെ കേരളത്തിന്റെ യശസ്സുയർത്തിയ മലയാളി കായികതാരങ്ങളെ ആദരിക്കും. മലയാളസംഗീതത്തിന്റെ ഏഴ് പതിറ്റാണ്ടുകളായുള്ള പരിണാമയാത്രയും കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ സംഗീതം ചെലുത്തിയ സ്വാധീനവും ആവിഷ്‌കരിക്കുന്ന ‘ഗാനാഞ്ജലി - കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ അരങ്ങേറും. ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയും സംയുക്തമായാണ് ഗാനാഞ്ജലി സംഘടിപ്പിക്കുന്നത്. തുടർന്ന് പ്രത്യേക ശാസ്ത്രീയ നൃത്താവിഷ്‌കാരവും സംഘടിപ്പിക്കുന്നു.  

ഭരണഭാഷാവാരാഘോഷം / ഭരണഭാഷാപ്രതിജ്ഞ 

കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ സർക്കാർ ഓഫീസുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരാഘോഷം സംഘടിപ്പിക്കും. നവംബർ 1-ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ ഓഫീസ് മേധാവിയുടെ അധ്യക്ഷതയിൽ ഭരണഭാഷാസമ്മേളനവും ഭരണഭാഷാപ്രതിജ്ഞയെടുക്കലും നടക്കും. വിദ്യാലയങ്ങളിലും ഭരണഭാഷാപ്രതിജ്ഞ എടുക്കും. 

മുതിർന്ന പൗരന്മാർക്ക് സപ്ലൈകോ ഓഫർ

കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന്, 70 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് സപ്ലൈകോ പ്രത്യേക ഓഫറാണ് നൽകുന്നത്. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണ 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും. നവംബർ 1 മുതൽ 7 വരെയാണ് ഓഫർ.  

മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക്  സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് 7% വിലക്കുറവ് ലഭിക്കും. ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ 1 മുതൽ 30 വരെ 10% വിലക്കുറവും ലഭ്യമാക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.

ഏഴ് പതിറ്റാണ്ടുകളുടെ ചരിത്രവും അനുഭവസമ്പത്തും കരുത്താക്കി ഭാവിയിലേക്ക് മുന്നേറുന്ന കേരളത്തിന്റെ വികസന കാഴ്ചപ്പാടിനൊപ്പം ജനപങ്കാളിത്തവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്നതാണ് ഈ കേരളപ്പിറവി ആഘോഷങ്ങൾ. ഭാഷയുടെയും സംസ്കാരത്തിന്റെയും ഐക്യം മുതൽ മുതിർന്ന പൗരന്മാരുടെ ക്ഷേമം വരെയുള്ള വിവിധ ഇടപെടലുകളിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗമന സമൂഹമെന്ന കേരളത്തിന്റെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി ഈ വർഷത്തെ ആഘോഷങ്ങൾ മാറും.

ഫെസ്റ്റിവൽ ഓഫ് കേരളം 2026  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-30 11:24:32

ലേഖനം നമ്പർ: 2128

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo