വയോജനങ്ങളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും മുൻഗണന നൽകിക്കൊണ്ട് വിപ്ലവാത്മകമായ അധ്യായങ്ങൾക്ക് തുടക്കമിടുകയാണ് കേരളം. വയോജന സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന നിരവധി പദ്ധതികളും നയപരമായ തീരുമാനങ്ങളുമാണ് ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജന ദിനത്തിൽ കേരളം പൊതുസമൂഹത്തിനായി സമർപ്പിക്കുന്നത്.

ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2026-ഓടെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നും (25%) മുതിർന്ന പൗരന്മാരായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ യാഥാർത്ഥ്യം മുൻനിർത്തി, വാർദ്ധക്യത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ചും അവരുടെ അനുഭവസമ്പത്ത് സമൂഹത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തിയും വയോജന ക്ഷേമം ഒരു അവകാശമായി തന്നെ സർക്കാർ നടപ്പിലാക്കുന്നു.

ദേശീയ തലത്തിലെ ആദ്യ ചുവടുവെപ്പ്: 'ഡിപ്പാർട്ട്‌മെന്റ് ഓഫ് സീനിയർ സിറ്റിസൺസ്'

വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കുകയെന്നത് സർക്കാരിന്റെ പ്രധാന കർമപദ്ധതികളിലൊന്നായിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിൽ നിന്ന് വേർപെടുത്തി 'ഡിപ്പാർട്ട്‌മെന്റ് ഓഫ്  സീനിയർ സിറ്റിസൺസ്' (മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്) രൂപീകരിച്ച് ഉത്തരവിറങ്ങി. വയോജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കൂടുതൽ ഗൗരവത്തോടെയും വേഗതത്തിലും കൈകാര്യം ചെയ്യാൻ ഇത് വഴിയൊരുക്കും.

രാജ്യത്ത് ആദ്യമായി 'വയോജന കമ്മീഷൻ

വയോജനങ്ങളുടെ സമഗ്രമായ പരിരക്ഷയും അവകാശ സംരക്ഷണവും നിയമപരമായി ഉറപ്പാക്കുന്നതിനായി ഇന്ത്യയിലാദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനമെന്ന അഭിമാനനേട്ടവും കേരളം സ്വന്തമാക്കി. വയോജന ക്ഷേമം മുൻ നിർത്തി MWPSC ആക്ട് (Maintenance and Welfare of Parents and Senior Citizens Act, 2007) പ്രകാരമുള്ള പ്രൊവിഷൻസ് കൃത്യമായി സംസ്ഥാനത്തിൽ നടപ്പിലാക്കുന്നതടക്കം വിപുലമായ സംവിധാനങ്ങളോടെയാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. 

വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും പരിചയസമ്പത്തും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമാണ് കമ്മീഷൻ രൂപീകരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ കേരള വയോജന കമ്മീഷൻ ബിൽ കേരളത്തിൽ വയോജന സംരക്ഷണ രംഗത്ത് പുതുയുഗമാണ്  സൃഷ്ടിക്കുന്നത്. കേരളം സംസ്ഥാന വയോജന കമ്മീഷൻ ആക്ടിലെ (2025) മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പു പ്രകാരമാണ് കമ്മീഷന് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനുമായി ചെയർപേഴ്സണെയും നാല് അംഗങ്ങളെയും നിയമിച്ചിരിക്കുന്നത്. 

 വയോജനങ്ങൾ നേരിടുന്ന അവഗണന, ചൂഷണം, അനാഥത്വം, പരിപാലനക്കുറവ്, സാമ്പത്തിക-സ്വത്ത് തർക്കങ്ങൾ എന്നിവയിൽ അടിയന്തിര ഇടപെടൽ നടത്തുക, ആവശ്യമായ നിയമസഹായങ്ങളും പുനരധിവാസവും ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നു. മെയിന്റനൻസ് ട്രൈബ്യൂണലുകളുമായി കൈകോർത്ത് വയോജനങ്ങളുടെ പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനും ഉത്തരവുകൾ വേഗത്തിൽ നടപ്പിലാക്കാനും വയോജന കമ്മീഷൻ നടപടികൾ സ്വീകരിച്ചു വരുന്നു.

ഓഫീസുകൾ വയോജന സൗഹൃദം: 'വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ

സർക്കാർ ഓഫീസുകളിൽ എത്തുന്ന മുതിർന്ന പൗരന്മാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി രാജ്യത്ത് ആദ്യമായി 'വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ' പദ്ധതിക്ക് തുടക്കമായി. യു.എ.ഇയിലെ ഷാർജ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്‌ലി മാനദണ്ഡങ്ങൾ, 2021-ലെ ഭിന്നശേഷി അവകാശ നിയമത്തിലെ ദേശീയ മാർഗരേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ പദ്ധതിയിലൂടെ നിർണായകമായ പരിശോധനകൾക്ക് ശേഷം ഓഫീസുകൾക്ക് ഗോൾഡ്, സിൽവർ, ബ്രോൺസ് പദവികൾ നൽകും. പടികളില്ലാത്ത റാംപ് പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം, മുൻഗണനാ ക്യൂ, പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവ ഓഫീസുകൾക്ക് നിർബന്ധമാണ്. ഇവയിൽ ഒന്നില്ലെങ്കിലും സർട്ടിഫിക്കേഷൻ ലഭിക്കില്ല.

കെട്ടിട പ്രവേശനക്ഷമത (30%), സേവനരീതി (25%), ജീവനക്കാരുടെ പെരുമാറ്റം/പരിശീലനം (20%), വിവരവിനിമയം (15%), പങ്കാളിത്തം (10%) എന്നിങ്ങനെ അഞ്ച് മേഖലകളെ ആസ്പദമാക്കിയാണ് സ്കോർ നിശ്ചയിക്കുന്നത്. പൈലറ്റ് ഘട്ടത്തിൽ 14 ജില്ലകളിലായി ഓരോ ഓഫീസുകളിൽ തുടങ്ങി, വില്ലേജ്-താലൂക്ക് ഓഫീസുകൾ, ആശുപത്രികൾ, ആർ.ടി.ഓഫീസുകൾ, ബാങ്കുകൾ തുടങ്ങിയവയിലേക്ക് സമഗ്രമായി വ്യാപിപ്പിക്കും. പണമടച്ച് സ്വമേധയാ പങ്കാളികളാകാൻ സ്വകാര്യ സ്ഥാപനങ്ങൾക്കും അവസരമുണ്ട്.

വയോജന ദിനം

"ദീർഘായുസ്സിന്റെ യുഗം: ദീർഘായുസ്സിനായി പുനർവിചിന്തന സംവിധാനങ്ങൾ" (The Age of Longevity: Rethinking Systems for Longer Lives) എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിന സന്ദേശം. സുരക്ഷിതത്വവും സ്വയംപര്യാപ്തതയും സാമൂഹിക പങ്കാളിത്തവും ചേർന്നുള്ള ദീർഘായുസ്സ് വയോജനങ്ങളുടെ അവകാശവും സമൂഹത്തിന്റെ ഉത്തരവാദിത്തവുമാണ്. അത് നിറവേറ്റാൻ കേരളം പ്രതിജ്ഞാബദ്ധവുമാണ്.
‌
അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ പ്രചാരണാർത്ഥം സെപ്റ്റംബർ 30-ന് കവടിയാർ കൊട്ടാരം ജംഗ്ഷനിൽ നിന്ന് മാനവീയം വീഥിയിലേക്ക് വാക്കത്തോണും ബൈസൈക്കിൾ റാലിയും സംഘടിപ്പിച്ചിരുന്നു. വയോജന ക്ഷേമ പ്രവർത്തനങ്ങളുടെ സർവ്വതല ഏകോപനത്തിനായി സംസ്ഥാന ഗവേണിംഗ് കൗൺസിൽ, മുതിർന്ന പൗരന്മാർക്കായി 24×7 പ്രവർത്തിക്കുന്ന പ്രത്യേക ഹെൽപ്പ് ലൈൻ, വയോജന സേവനങ്ങൾ ഏകീകൃതമാക്കുന്ന സർവീസ് കണക്ട് ഡയറക്ടറി & പോർട്ടൽ സംവിധാനങ്ങൾ, വയോജനങ്ങളുടെ കൃത്യമായ ഡേറ്റ സമാഹരിച്ച് ക്ഷേമപദ്ധതികൾ തയാറാക്കൽ തുടങ്ങി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിരവധി പുതിയ സേവനങ്ങളാണ് സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

കെയർ ഇക്കോണമി

വയോജന ആരോഗ്യം, റിട്ടയർമെന്റ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉൾക്കൊള്ളുന്ന സിൽവർ ഇക്കണോമിക് പോളിസിയുടെ ഭാഗമായി കെയർ ഇക്കോണമി എന്ന വലിയ ചിന്തയ്ക്കാണ് ബജറ്റിലൂടെ സർക്കാർ തുടക്കമിട്ടത്. നഴ്‌സിങ് കോളേജുകളും തിരഞ്ഞെടുത്ത ആശുപത്രികളും വഴി നടത്തുന്ന ആറ് മാസത്തെ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രായമായവർക്ക് കൃത്യമായ പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വഴിയൊരുക്കുന്നു. കൂടാതെ മുതിർന്ന പൗരന്മാരെ സജീവമാക്കാൻ വയോജന പാർക്കുകളും പകൽവീടുകളും ഫിറ്റ്‌നെസ് സെന്ററുകളും സർക്കാർ പരിഗണനയിലുണ്ട്.

സംസ്ഥാനത്ത് 65 വയസിന് മുകളിൽ പ്രായമുള്ളവരിൽ ഏകദേശം 4.86 ശതമാനം ആളുകൾക്ക് ഡിമെൻഷ്യ ബാധിക്കുന്നുണ്ടെന്നാണ് കേരള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിമെൻഷ്യയുടെ റിപ്പോർട്ട്. പ്രായമായവരിലെ ഡിമെൻഷ്യ നേരത്തെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാൻ 'ഡിമെൻഷ്യ സൗഹൃദ കേരളം' പദ്ധതി നടപ്പാക്കുകയാണ് സർക്കാർ. ഇതുകൂടാതെ, 'വയോമിത്രം', 'വയോരക്ഷ', 'വയോ അമൃതം', 'വയോമധുരം', 'ഓർമ്മത്തോണി' എന്നിങ്ങനെ സാമൂഹിക നീതി വകുപ്പ് വഴി നടന്നുവരുന്ന പദ്ധതികൾക്കൊപ്പം, പുതിയ വയോജന കമ്മീഷനും വയോജന സൗഹൃദ സർട്ടിഫിക്കേഷനും ചേരുമ്പോൾ കേരളം വയോജന പരിപാലന രംഗത്ത് ലോകശ്രദ്ധ ആകർഷിക്കുന്നയിടമായി മാറും. ആരോഗ്യമുള്ള വാർദ്ധക്യം, സന്തുഷ്ടമായ വാർദ്ധക്യം എന്ന പുതിയ യുഗത്തിലേക്ക് കേരളം മുന്നേറുകയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-01 09:01:28

ലേഖനം നമ്പർ: 2102

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo