ആഗോള മലയാളികളുടെ സംഗമമായ ലോക കേരളസഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് നടക്കും. വിദേശത്തും കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൽ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികളുടെ പ്രാതിനിധ്യമുണ്ടാകും. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കും. 2018 ലെ ആദ്യ ലോക കേരള സഭയിൽ 35 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രാതിനിധ്യം അഞ്ചാം സഭയിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചത് സഭയ്ക്ക് പ്രവാസികൾ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
ലോക കേരള സഭയുടെ മുൻ സമ്മേളനങ്ങളിൽ ഉയർന്നു വന്ന നിർദേശങ്ങളിൽ നോർക്ക വകുപ്പ് നേരിട്ട് നടപ്പിലാക്കിയ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ, പ്രവാസി മിഷൻ, എയർപോർട്ട് ഹെല്പ് ഡസ്‌കുകൾ തുടങ്ങിയവ അഞ്ചാം പതിപ്പിൽ ഉദ്ഘാടനം ചെയ്യും. കൂടാതെ നോർക്കയുടെ കീഴിലുള്ള ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് നടപ്പിലാക്കിയ 'ഷെർപ്പ' നിക്ഷേപ പ്രോത്സാഹന പോർട്ടലിന്റെ ഉദ്ഘാടനവും സമ്മേളനത്തിൽ നടക്കും.
പ്രവാസി ഭരണ നിർവ്വഹണം: നവീകരണ സാധ്യതകളും പരിഷ്‌കാരങ്ങളും, വിദേശ തൊഴിൽ അവസരങ്ങളും സുരക്ഷിത കുടിയേറ്റവും: മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, നവതൊഴിൽ മേഖലകൾ, തൊഴിൽ കരാറുകൾ, വിദ്യാർത്ഥി കുടിയേറ്റം: ഭാവിയും വെല്ലുവിളികളും, സ്ത്രീ കുടിയേറ്റം: പുതിയ പ്രവണതകൾ, പ്രവാസി നിക്ഷേപവും സംരംഭകത്വവും: നവീകരണ - വൈവിധ്യവൽക്കരണ സാധ്യതകൾ, പുതു തലമുറ പ്രവാസവും വിജ്ഞാന-നൈപുണ്യ വിനിമയ സാധ്യതകളും, പ്രവാസി പുനരധിവാസ - ക്ഷേമ പദ്ധതികളുടെ ഭാവിയും സുസ്ഥിര സാമ്പത്തിക മാതൃകകളുടെ ആവശ്യകതയും, കേരളീയ കല-സാഹിത്യ- ഭാഷ പ്രചാരണത്തിൽ പ്രവാസി മലയാളി സംഘടനകളുടെ പങ്ക് എന്നീ എട്ട് വിഷയങ്ങളിൽ ചർച്ചകളും ഗൾഫ്, ഏഷ്യ - പസഫിക്, യൂറോപ്പ് ആന്റ് യുകെ, അമേരിക്കൻ വൻകര, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, തിരികെ എത്തിയ പ്രവാസികൾ തുടങ്ങിയ ഏഴു മേഖലാ സമ്മേളനങ്ങളും ലോകകേരള സഭയുടെ ഭാഗമാകും. നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും.
ലോക കേരള സഭയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം കിട്ടിയ കാലഘട്ടം കൂടിയാണിത്. വിദേശകാര്യ വകുപ്പിന്റെ പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് അധികരിച്ചു ലോക കേരള സഭയുടെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടുകയും അതിൻ പ്രകാരം ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്തരം മാതൃകകൾ രൂപീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ച ശിപാർശകളിൽ സാധ്യമായ 28 എണ്ണം നടപ്പാക്കികൊണ്ടിരിക്കുകയാണ്. 23 നിർദേശങ്ങൾ സംസ്ഥാന സർക്കാരാണ് നടപ്പിലാക്കുന്നത്. സർക്കാർ നടപ്പിലാക്കുന്നവയിൽ 16 നിർദേശങ്ങൾ നോർക്ക വകുപ്പും, ഏഴെണം ലോക കേരളസഭ സെക്രട്ടറിയേറ്റിന്റെ സഹായത്തോടെയുമാണ് സാധ്യമാക്കുന്നത്. ഇതിൽ 10 നിർദേശങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. ബാക്കിയുള്ള 13 നിർദേശങ്ങൾ നടപ്പിലാക്കി വരുന്നു.
പ്രവാസി മിഷൻ, നോർക്ക കെയർ - സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, വിദേശ രാജ്യങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓണലൈൻ സേവനങ്ങൾ, നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്, എയർപോർട്ട് ഹെൽപ് ഡെസ്‌ക്, നോർക്ക പോലീസ് സ്റ്റേഷൻ തുടങ്ങിയ വിവിധ പദ്ധതികൾക്ക് പുറമേ പ്രതിനിധികൾ സർക്കാരിനു നേരിട്ട് സമർപ്പിച്ച പ്രപ്പോസലുകൾ ലോക കേരള സഭ സെക്രട്ടറിയേറ്റ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കും.
പ്രവാസി പങ്കാളിത്തത്തെ വികസനത്തിന്റെ ശക്തമായ ആഗോള മാതൃകയാക്കി മാറ്റുന്നതിലൂടെ ലോക കേരളസഭ കേരളത്തിന്റെ മുന്നേറ്റത്തിന് പുതിയ ദിശ നൽകുന്നു. കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക വികസനത്തിൽ പ്രവാസി മലയാളികളുടെ നിർണായക പങ്ക് ഉറപ്പാക്കിക്കൊണ്ട്, സഹകരണവും സമഗ്രവുമായ സമീപനത്തിലൂടെ നവകേരള രൂപീകരണത്തിന് ലോക കേരളസഭ ശക്തമായ അടിത്തറ ഒരുക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-29 12:34:26
ലേഖനം നമ്പർ: 1952