പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും നിക്ഷേപങ്ങളും കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 27-ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ വെച്ച് നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, പ്രവാസി സമൂഹം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. 1960-കളിലെ സാധാരണ തൊഴിലാളികളിൽ നിന്ന് ഇന്ന് ലോകമെമ്പാടുമുള്ള പ്രമുഖ പ്രൊഫഷണലുകളും, സംരംഭകരും, ശാസ്ത്രജ്ഞരും, വ്യവസായ പ്രമുഖരുമായി ആഗോള സാങ്കേതികവിദ്യയിലും സാമ്പത്തിക വളർച്ചയിലും നിർണായകമായ പങ്കുവഹിക്കുന്ന ഒരു വലിയ സമൂഹമായി കേരളം മാറി.
കേരളത്തിന്റെ വികസനദൗത്യം യാഥാർത്ഥ്യമാക്കാൻ പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം, നിക്ഷേപങ്ങൾ, ആഗോള നെറ്റ്‌വർക്കുകൾ എന്നിവ തന്ത്രപരമായി പ്രയോജനപ്പെടുതുന്നതിനുള്ള സുപ്രധാന വേദിയാണ് നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്. ലോക കേരള സഭ, ഇൻവെസ്റ്റ് കേരള തുടങ്ങിയ നിലവിലുള്ള സർക്കാർ പ്ലാറ്റ്‌ഫോമുകൾ വിശാലമായ പങ്കാളിത്തം ഉറപ്പാക്കുമ്പോൾ, ഈ സംരംഭങ്ങളെ പൂർത്തീകരിക്കുന്നതിനായി, ആഗോള മലയാളി നേതാക്കളെയും കേരളത്തിലെ ഉന്നതതല നയരൂപകർത്താക്കളെയും വ്യവസായ പ്രമുഖരെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു ലക്ഷ്യാധിഷ്ഠിതവും ഉന്നതതലത്തിലുള്ളതുമായ പ്രൊഫഷണൽ ഫോറം അനിവാര്യമായ സാഹചര്യത്തിലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ലോകമെങ്ങുമുള്ള മലയാളി പ്രമുഖരേയും (സി.ഇ.ഒ.മാർ, സംരംഭകർ, ശാസ്ത്രജ്ഞർ, ഇന്നൊവേറ്റേഴ്സ്, അക്കാദമീഷ്യൻസ്) കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും പ്രധാന വ്യവസായ പങ്കാളികളെയും ഒരുമിപ്പിക്കുക എന്നതാണ് ഈ ഫോറത്തിന്റെ പ്രധാന ലക്ഷ്യം.
വിഷൻ
കേരളത്തെ ഒരു വിജ്ഞാന-അധിഷ്ഠിതവും, നിക്ഷേപ സൗഹൃദവും, ഭാവി വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ളതുമായ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന്, പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം, സ്വാധീനം, നിക്ഷേപം, അനുഭവസമ്പത്ത്, നവീനമായ ആശയങ്ങൾ എന്നിവ നവകേരളത്തിന്റെ അജണ്ടയെ പിന്തുണയ്ക്കുന്ന, ഘടനാപരമായ, ദീർഘകാല പങ്കാളിത്തങ്ങളാക്കി മാറ്റേണ്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്ന ഒരു വാർഷിക ആഗോള വേദിക്ക് സ്ഥാപനപരമായ രൂപം നൽകുക എന്നതാണ് ഈ മീറ്റിന്റെ ദീർഘകാല കാഴ്ചപ്പാട്.
കേരളത്തിന്റെ ഉന്നതതല പ്രവാസി ഇടപെടലുകൾക്കുള്ള ഒരു പ്രധാന വേദിയായി ഇത് മാറും. ഇതിലൂടെ ദീർഘകാല പങ്കാളിത്തങ്ങൾ സ്ഥാപിക്കുകയും, വിവിധ മേഖലകളിൽ നൂതന ആശയങ്ങൾ വളർത്തുകയും, ആഗോള മികവിനെ പ്രാദേശിക അഭിലാഷങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഓരോ വർഷവും പ്രവാസി മലയാളികളിലെ പ്രമുഖരെ ഒരുമിപ്പിച്ച്, കേരളത്തിന്റെ ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്താനും, സഹകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ദീർഘകാല സ്വാധീനം എന്നിവയിൽ ഊന്നിയ ഒരു വികസന മാതൃക രൂപപ്പെടുത്താനും ഈ മീറ്റ് സഹായിക്കും. ഈ മീറ്റ്, പ്രമുഖരായ പ്രവാസി മലയാളികളെ കേരളത്തിന്റെ 'ആഗോള അംബാസഡർമാർ' ആയി ഉയർത്തിക്കൊണ്ട്, ലോക വേദിയിൽ കേരളത്തിന്റെ സാമ്പത്തിക, സാങ്കേതിക, സാംസ്കാരിക പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും ചെയ്യും.
ലക്ഷ്യങ്ങൾ
പ്രവാസി പങ്കാളിത്തം ഉറപ്പിക്കുക: കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾക്ക് സഹായകമാകുന്ന, പ്രവാസി മലയാളികളുടെ ആഗോള വൈദഗ്ധ്യവും, ശൃംഖലകളും, പ്രതിബദ്ധതയും ഘടനാപരമായ പങ്കാളിത്തങ്ങളാക്കി മാറ്റുക.
മേഖലാപരമായ സഹകരണം സാധ്യമാക്കുക: നിക്ഷേപം, ഗവേഷണ വികസനം, സാങ്കേതിക വിനിമയം, ശേഷി വർദ്ധിപ്പിക്കൽ, നൂതനാശയങ്ങളിലൂടെയുള്ള പങ്കാളിത്തം എന്നിവയിലൂടെ വിവിധ വികസന മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക.
പ്രവാസികളെ ആഗോള അംബാസഡർമാരായി പ്രയോജനപ്പെടുത്തുക: വിദഗ്ധരായ പ്രവാസി മലയാളികളെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി സ്ഥാനപ്പെടുത്തുക. ഇത് നിക്ഷേപങ്ങൾ ആകർഷിക്കാനും, ആഗോള സഹകരണങ്ങൾ ശക്തിപ്പെടുത്താനും, ലോക വേദിയിൽ കേരളത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും.
സഹകരണത്തിനുള്ള പ്രധാന മേഖലകൾ
ആരോഗ്യ സംരക്ഷണം & ലൈഫ് സയൻസസ്: പ്രവാസി വൈദഗ്ധ്യവും നിക്ഷേപവും പ്രയോജനപ്പെടുത്തി ബയോടെക്, മെഡിക്കൽ സാങ്കേതികവിദ്യകൾ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, പൊതുജനാരോഗ്യ സംവിധാനങ്ങൾ എന്നിവയെ വികസിപ്പിക്കുക.
ഭാവി സാങ്കേതികവിദ്യകൾ- AI, ML, റോബോട്ടിക്സ് & ഡിജിറ്റൽ ഇന്നൊവേഷൻ: ഡീപ്-ടെക് ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, സംരംഭകത്വം എന്നിവയിൽ ഗവേഷണം, വെഞ്ച്വർ ഫണ്ടിംഗ്, ഉത്പന്ന വികസനം, എന്നിവയിലൂടെ സഹകരണം വളർത്തുക.
സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കൽ, പുതിയ ഊർജ്ജം: പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, മലിനീകരണം കുറഞ്ഞ സാമ്പത്തിക മാതൃകകൾ, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള വികസനം എന്നിവയിൽ പങ്കാളിത്തം വർദ്ധിപ്പിക്കുക.
വിദ്യാഭ്യാസം, നൈപുണ്യം & തൊഴിലിന്റെ ഭാവി: പുതിയ വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി ഭാവിയിലേക്കുള്ള നൈപുണ്യ വികസന പരിപാടികൾ, പാഠ്യപദ്ധതി പരിഷ്കരണം, അക്കാദമിക് പങ്കാളിത്തം, ആഗോള ഉപദേശക ശൃംഖലകൾ, എഡ്‌ടെക് നൂതനാശയങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ ടാലന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക.
സാമൂഹിക നവീകരണവും സമൂഹ വികസനവും: മാനസികാരോഗ്യം, വയോജന പരിചരണം, ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ, ഉപജീവന മാർഗ്ഗങ്ങൾ എന്നിവയിൽ പ്രവാസികളുടെ ഇടപെടലിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിക്കുക. ഉത്തരവാദിത്ത ടൂറിസം, വെൽനസ് സൗകര്യങ്ങൾ, കേരളത്തിന്റെ സാംസ്കാരിക മൂലധനത്തെ സാമ്പത്തിക സാമൂഹിക പുരോഗതിയുമായി ബന്ധിപ്പിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത നൂതനാശയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രധാന സെക്ഷനുകൾ
വിദ്യാഭ്യാസം, നൈപുണ്യം, തൊഴിലിന്റെ ഭാവി (Education, Skill & Future of Work): കേരളത്തിലെ യുവാക്കൾക്കിടയിലുള്ള ഉയർന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക എന്നതാണ് ഈ സെഷൻ ലക്ഷ്യമിടുന്നത്. "വിദ്യാസമ്പന്നരായവരുടെ തൊഴിലില്ലായ്മ" എന്ന അവസ്ഥയിൽ നിന്ന് കേരളത്തെ ഒരു ആഗോള വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ഒരു ഡിജിറ്റൽ മെന്റർഷിപ്പ് പ്ലാറ്റ്‌ഫോമിന്റെ ആരംഭവും, ഫ്യൂച്ചർ-റെഡി വിദ്യാഭ്യാസത്തിനായി ഒരു പ്രവാസി ഉപദേശക സമിതി രൂപീകരിക്കുന്നതും ഉൾപ്പെടെയുള്ള ചർച്ചകൾ നടക്കും.
AI, ML & റോബോട്ടിക്സ്: കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന് (AI, ML & Robotics: Driving Kerala’s Digital Leap): ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ നേട്ടങ്ങൾ ഈ സെഷൻ എടുത്തു കാണിക്കും. പ്രവാസി സാങ്കേതിക വിദഗ്ധർക്കും സംരംഭകർക്കും മാർഗ്ഗനിർദ്ദേശം, വെഞ്ച്വർ ഫണ്ടിംഗ്, ഗവേഷണ-വികസന സഹകരണം എന്നിവയിൽ സംഭാവന നൽകുന്നതിന് ചിട്ടയായ മാർഗ്ഗങ്ങൾ സൃഷ്ടിക്കാൻ ഈ സെഷൻ ലക്ഷ്യമിടുന്നു. ഒരു AI/റോബോട്ടിക്സ് ഇൻകുബേറ്ററിനായുള്ള നിക്ഷേപ വാഗ്ദാനങ്ങൾ ഉറപ്പാക്കുക, പ്രവാസി നേതൃത്വത്തിലുള്ള "AI മെന്റർഷിപ്പ് നെറ്റ്‌വർക്ക്" ആരംഭിക്കുക, ഭാവി സാങ്കേതികവിദ്യകൾക്കായി ഒരു ഉപദേശക സമിതി രൂപീകരിക്കുക എന്നിവയിൽ ചർച്ച നടക്കും.
ഹെൽത്ത്‌കെയർ & ലൈഫ് സയൻസസ് (Healthcare & Life Sciences): കേരളത്തിന്റെ ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ വൈദഗ്ദ്ധ്യവും നിക്ഷേപ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിൽ ഈ സെഷൻ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യ സംരക്ഷണ കണ്ടുപിടിത്തങ്ങളുടെ ഉപഭോക്താവെന്ന നിലയിൽ നിന്ന് ഒരു സ്രഷ്ടാവും കയറ്റുമതിക്കാരനുമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. പൈലറ്റ് പ്രോജക്റ്റുകൾക്ക് വേണ്ടിയുള്ള വാഗ്ദാനങ്ങൾ ഉറപ്പാക്കുക, അന്താരാഷ്ട്ര യൂണിവേഴ്സിറ്റി പങ്കാളിത്തം സ്ഥാപിക്കുക, ഈ മേഖലയ്ക്കായി ഒരു പ്രവാസി വിദഗ്ദ്ധ രജിസ്ട്രി, മെന്റർഷിപ്പ് നെറ്റ്‌വർക്ക് എന്നിവ ആരംഭിക്കുക എന്നിവയാണ് പ്രതീക്ഷിക്കുന്ന ഫലങ്ങൾ.
സാമൂഹിക നവീകരണവും കമ്മ്യൂണിറ്റി വികസനവും (Social Innovation & Community Development): സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ പ്രവാസി സമൂഹത്തിന്റെ ആഗോള വൈദഗ്ദ്ധ്യത്തെ കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGs) പോലുള്ള കേരളത്തിന്റെ താഴെത്തട്ടിലുള്ള സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ സെഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വയോജന പരിചരണം, സമഗ്രമായ ഉപജീവനമാർഗ്ഗങ്ങൾ, സുസ്ഥിര സാമ്പത്തിക മാതൃകകൾ എന്നിവയിൽ ഈ ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കും. സാമൂഹിക നവീകരണത്തിനായി ഒരു പ്രവാസി ഉപദേശക സമിതി രൂപീകരിക്കുന്നതും "സോഷ്യൽ ഇന്നൊവേഷൻ ഹബ്ബി"നായുള്ള ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കുന്നതും ഉൾപ്പെടയുള്ള ഭാവി പ്രവർത്തങ്ങൾ ചർച്ച ചെയ്യും.
സുസ്ഥിരതയും പുതിയ ഊർജ്ജവും (Sustainability & New Energy): പുനരുപയോഗ ഊർജ്ജം, കാലാവസ്ഥാ ധനകാര്യം, സർക്കുലർ ഇക്കോണമി സാങ്കേതികവിദ്യകൾ എന്നിവയിൽ ആഗോള മലയാളി പ്രവാസി സമൂഹത്തിനുള്ള വൈദഗ്ദ്ധ്യം ഉപയോഗിച്ച് കേരളത്തിന് ഹരിതവും പ്രതിരോധശേഷിയുള്ളതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ ഈ സെഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹരിത ഹൈഡ്രജൻ, ഓഫ്‌ഷോർ കാറ്റ്, ദുരന്തങ്ങൾക്കായി AI- പവർഡ് മുന്നറിയിപ്പ് സംവിധാനങ്ങൾ നടപ്പിലാക്കുക, വേസ്റ്റ്-ടു-വെൽത്ത് മാതൃകകൾ വികസിപ്പിക്കുക എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാണ്. പൈലറ്റ് പ്രോജക്റ്റുകൾക്ക് വേണ്ടിയുള്ള വാഗ്ദാനങ്ങൾ ഉറപ്പാക്കുന്നതും, ഈ മേഖലയ്ക്കായി പ്രവാസി നേതൃത്വത്തിലുള്ള ഒരു വിദഗ്ദ്ധ ഉപദേശക സമിതി രൂപീകരിക്കുന്നതും പരിഗണനാ വിഷയങ്ങളാണ്.
നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്, കേരളത്തിന്റെ വികസനത്തിന് പിന്തുണ നൽകുന്ന ദീർഘകാല പങ്കാളിത്തങ്ങളിലേക്ക് ആഗോള വൈദഗ്ദ്ധ്യത്തെ ചാനൽ ചെയ്യുന്ന മികച്ച ഒരു പദ്ധതിയാണ്. വിദ്യാഭ്യാസം, AI, ഹെൽത്ത്‌കെയർ, സാമൂഹിക നവീകരണം, സുസ്ഥിരത തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഒരു പ്രാദേശിക ഘടകത്തിൽ നിന്ന് ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നിവയുടെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റാൻ ഈ മീറ്റ് ലക്ഷ്യമിടുന്നു. പൈലറ്റ് പ്രോജക്റ്റുകൾക്കായുള്ള ഉറച്ച വാഗ്ദാനങ്ങൾ, വിദഗ്ധ ഉപദേശക സമിതികളുടെ രൂപീകരണം, ദീർഘകാല സഹകരണത്തിനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കൽ എന്നിവയിലൂടെ ഇത് യാഥാർത്ഥ്യത്തിലെത്തും. നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് കേരളത്തിന്റെ വളർച്ചയിലെ നാഴികക്കല്ലായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-22 12:55:22
ലേഖനം നമ്പർ: 1861