കേരളത്തിൽ സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കേരളാ അർബൻ കോൺക്ലേവ് 2025  സംഘടിപ്പിക്കുന്നു. ജനാധിപത്യപരവും പങ്കാളിത്തപരവും സുസ്ഥിരവുമായ സംസ്ഥാനത്തിന്റെ നഗര വികസനം ഉറപ്പാക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചി ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കും. 

നയരൂപീകരണത്തിന്റെ ഭാഗമായി രണ്ടുവർഷം മുൻപ് വിദഗ്ധർ ഉൾപ്പെട്ട കമീഷനെ സർക്കാർ നിയോഗിച്ചിരുന്നു. നഗരവൽക്കരണം, കാലാവസ്ഥ, ആവാസ വ്യവസ്ഥ, സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും, ആരോഗ്യവും ക്ഷേമവും തുടങ്ങി പരിഗണനാവിഷയങ്ങളെ 10 മേഖലകളായി തിരിച്ച് കമ്മീഷൻ റിപ്പോർട്ട് നൽകി. ഈ മേഖലകളിൽ നടക്കുന്ന ചർച്ചകളിലൂടെ 'അസ്പിറിങ് സിറ്റീസ്, ത്രൈവിംഗ് കമ്മ്യൂണിറ്റീസ് (Aspiring Cities, Thriving Communities) എന്ന ആശയത്തിലൂന്നി അന്താരാഷ്ട്ര കോൺക്ലേവിൽ അന്തിമ നഗരനയത്തിന് രൂപം നൽകും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപം നൽകുന്നത്.  

സംസ്ഥാന നഗരനയ കമ്മീഷന്റെ ശുപാർശകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും, ഭരണത്തിലും പ്രതിരോധശേഷിയിലും മികച്ച രീതികൾ ആവിഷ്ക്കരിക്കുന്നതിനും, നിക്ഷേപം, ശേഷി വർദ്ധിപ്പിക്കൽ, നയ-ഗവേഷണ സഹകരണം എന്നിവയിൽ പങ്കാളിത്തം വളർത്തിയെടുക്കുന്നതിനും, നയരൂപീകരണക്കാർ, നഗര ആസൂത്രകർ, ഗവേഷകർ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, അന്താരാഷ്ട്ര വിദഗ്ധർ, സിവിൽ സൊസൈറ്റി നേതാക്കൾ എന്നിങ്ങനെ വ്യത്യസ്ത മേഖലയിലുള്ളവരെ ഒരുമിച്ച് കൊണ്ടുവന്ന്, ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതും സുസ്ഥിരവുമായ നഗര വികസനത്തിന്റെ ആഗോള മാതൃകയായി കേരളത്തെ രൂപപ്പെടുത്തുക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം.

അർബൻ കോൺക്ലേവ് എന്ത്, എന്തിന്?

തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) സംഘടിപ്പിക്കുന്ന നഗര കേന്ദ്രീകൃത വികസന സമ്മേളനമാണ് കേരള അർബൻ കോൺക്ലേവ് 2025. നഗരനയ കമ്മീഷൻ സമർപ്പിച്ച നിർദേശങ്ങൾ വിശകലനം ചെയ്ത്, അവയെ കേരളത്തിന്റെ  സാഹചര്യങ്ങൾക്ക് അനുയോജ്യമാക്കി, സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ മറികടക്കാനുമുള്ള മാർഗങ്ങൾ രൂപപ്പെടുത്തിയും, സമഗ്ര നഗരനയം അന്തിമമാക്കുന്നതിനുള്ള പ്രധാന സംവാദ വേദിയാണ് അർബൻ കോൺക്ലേവ്. അർബൻ കമ്മീഷൻ വിവിധ ജനവിഭാഗങ്ങളുമായി ചർച്ച ചെയ്താണ് നിർദേശങ്ങൾ തയ്യാറാക്കിയത്. ഇതിന്റെ തുടർച്ചയ്ക്കാണ് കോൺക്ലേവ് വേദിയാവുക. കേരളത്തിലെ നഗരസഭകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പടെ വിദഗ്ദ്ധർ കോൺക്ലേവിൽ പങ്കെടുക്കും. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ള ദേശീയ അന്തർദേശീയ തലത്തിലെ അക്കാദമിക് വിദഗ്ധരും ചർച്ചകൾക്ക് നേതൃത്വം നൽകും. 

കേരളത്തിന്റെ സാഹചര്യങ്ങളോട് സാമ്യമുള്ള വിദേശരാജ്യങ്ങളിലെ മന്ത്രിമാരും, ലോകത്തിലെ പ്രമുഖ നഗരങ്ങളുടെ മേയർമാരും കോൺക്ലേവിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ മാതൃകകളെ കേരളത്തിന്റെ യാഥാർത്ഥ്യങ്ങളുമായി താരതമ്യം ചെയ്യുന്നതിലൂടെ, സംസ്ഥാനത്തിന്റെ നഗരനയം കൂടുതൽ സമ്പുഷ്ടമാക്കപ്പെടും. കൂടാതെ, നവീന സാധ്യതകൾ കണ്ടെത്തുന്നതിനും പുതിയ ആശയങ്ങൾക്ക് വഴിതെളിക്കുന്നതിനും ഈ സംവാദം സഹായകമാകും. അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാനിർദ്ദേശം നൽകുന്ന പ്രധാന വേദിയായിരിക്കും കോൺക്ലേവ്.

കോൺക്ലേവിന്റെ പ്രസക്തി

കേരള അർബൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 2050ഓടെ സംസ്ഥാനത്തിലെ ഭൂരിപക്ഷം ജനങ്ങളും നഗരവാസികളാകും. ഇതിനാൽത്തന്നെ നഗരനയം രൂപീകരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുന്നു എന്നത് വികസന ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണ്.  കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ, 2050 വരെ സംസ്ഥാനത്തിന് ആവശ്യമായ വികസന നയോപായവൈദഗ്ദ്ധ്യങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഉൾക്കാഴ്ച നൽകുന്ന വേദിയാകും ഈ കോൺക്ലേവ്.

 ചർച്ചകൾ, പങ്കെടുക്കുന്നവർ 

നഗരനയ കമ്മീഷൻ നിർദേശിച്ച പ്രധാന മേഖലകളെ ആസ്പദമാക്കി കോൺക്ലേവിൽ വ്യാപകമായ ചർച്ചകൾ നടക്കും. വിദേശരാജ്യങ്ങളിലെ മന്ത്രിമാരും മേയർമാരും വിദഗ്ധരും, കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, മേയർമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പ്രധാന പങ്കാളികൾ. നഗരജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ചർച്ചകളിൽ ഉൾപ്പെടുത്തുന്നു. High-Level Political Forum of Ministers, Political Forum of Mayors, കൗൺസിലേഴ്‌സ് അസംബ്ലി, പ്ലീനറി സെഷനുകൾ, വട്ടമേശ സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവയിലൂടെ ആശയവിനിമയം നടത്തും. അന്താരാഷ്ട്ര പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, വ്യവസായികൾ, റെസിഡൻസ് അസോസിയേഷനുകൾ, എൻജിഒകൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, വനിതകൾ എന്നിവരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി ആയിരത്തിലധികം പേർ കോൺക്ലേവിൽ പങ്കെടുക്കും.

പശ്ചാത്തലം/ നഗരനയ കമ്മീഷൻ/കമ്മീഷൻ നിർദേശങ്ങളും നടപ്പിലാക്കലും

സംസ്ഥനത്ത് 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയെ കൂടാതെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളുമുണ്ട്. കേരളത്തിലെ ഗ്രാമങ്ങളും നഗരസ്വഭാവം കൈവരിക്കുകയാണ്. 2035ഓടെ 92.8 ശതമാനത്തിന് മുകളിൽ നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മീഷന്റെ വിലയിരുത്തൽ. ഈ നഗരവത്കരണത്തിന് ഒരുപാട് സാധ്യതകളും, അതോടൊപ്പം തന്നെ നിരവധി വെല്ലുവിളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ അതിവേഗത്തിലുള്ള നഗരവത്കരണത്തിന്റെ സ്വഭാവവും പ്രത്യേകതകളും പഠിക്കാനും, അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ നയസമീപനങ്ങളിൽ നഗരവത്കരണവുമായി ബന്ധപ്പെട്ട് വരുത്തേണ്ട പരിഷ്കരണങ്ങൾ നിർദേശിക്കാനുമായി നഗരനയ കമ്മീഷനെ നിയോഗിച്ചത്. ഇങ്ങനെ കേരള സർക്കാർ രാജ്യത്തെ ആദ്യ നഗരനയ കമ്മീഷൻ (KUPC) 2023 ഡിസംബറിൽ രൂപീകരിച്ചു. 2025 മാർച്ച് 30 ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അന്തർദേശീയ തലത്തിലെ വിദഗ്ധർ അടങ്ങിയ കമ്മീഷൻ, മികവേറിയ നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.

വരുന്ന 25 വർഷത്തെ കേരളത്തിലെ നഗരങ്ങളുടെ വളർച്ചയെ അടിസ്ഥാനമാക്കി, സമസ്മത മേഖലകളിലെയും വികസന കാഴ്ചപ്പാടിനെ രൂപീകരിക്കുകയെന്നതാണ് നഗരനയം രൂപീകരിക്കുന്നതിന് പിന്നിലെ അടിസ്ഥാനം. പുതിയ ലോകസാഹചര്യത്തിൽ ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങളും നയങ്ങളും രൂപീകരിക്കുക എന്നതായിരുന്നു കമ്മീഷൻറെ പ്രഥമ പരിഗണന. ഇതിനായി നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും സാമൂഹികമായ ഉൾച്ചേർക്കൽ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിനെയും ഉൾക്കൊണ്ടുകൊണ്ടുള്ള നഗരവികസന തന്ത്രമാണ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്.

നഗരനയ കമ്മീഷന്റെ റിപ്പോർട്ടിലെ ഓരോ നിർദേശവും എങ്ങനെ നടപ്പിലാക്കണമെന്നതാണ് കോൺക്ലേവിൽ അന്തിമമാക്കുക. നൂതനവും കേരളത്തിന്റെ സാഹചര്യങ്ങൾക്കിണങ്ങിയതുമായ വികസന-നയ സമീപനങ്ങളാണ് കമ്മീഷൻ മുന്നോട്ടുവെച്ചത്. ഇതിലെ പല നിർദേശങ്ങളും ഇതിനകം തന്നെ സർക്കാർ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.  കേരളത്തിലെ വലിയ നഗരങ്ങൾക്ക് മെട്രോപ്പൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റി വേണമെന്ന നിർദേശം കമ്മീഷൻ മുന്നോട്ടുവെച്ചിരുന്നു. കൊച്ചിയിൽ ഇതിനകം തന്നെ അത്തരമൊരു സംവിധാനത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. 
 
കാലാവസ്ഥ വ്യതിയാനം അഭിമുഖീകരിക്കുന്ന സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീർണമായ നഗരവൽക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന ഒരു പ്രദേശം എന്ന നിലയിലും കേരളത്തിന് നഗരനയം അനിവാര്യമാണ്. ലോകത്തെ വിവിധ നഗരങ്ങളിൽ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയിൽ, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവൽക്കരണത്തെക്കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ കോൺക്ലേവ് സഹായകമാവും. നവകേരള നിർമ്മിതിയുടെ സുപ്രധാന ചുവടുവെയ്പായി മാറുന്ന കോൺക്ലേവിൽ, അർബൻ കമ്മീഷൻ റിപ്പോർട്ടും തുടർചർച്ചകളും മുഖേന ഉയർന്നുവരുന്ന ആശയങ്ങൾ ക്രോഡീകരിച്ച് സമഗ്ര നഗരനയം അന്തിമമാക്കും. പുതിയ ആശയങ്ങൾക്കും പ്രാധാന്യം നൽകും. ഇങ്ങനെ രൂപീകരിക്കുന്ന നഗരനയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയും ചട്ടക്കൂടുമായിരിക്കുമ്പോൾ, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കും പ്രചോദനമാകും.

Urban Conclave : keralaurbanconclave2025.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-11 11:39:36

ലേഖനം നമ്പർ: 1849

sitelisthead