കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കാൻ സമഗ്രമായ ക്ഷേമപദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കി സംസ്ഥാന സർക്കാർ. ഉത്സവകാലത്ത് പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലാളികൾക്കും പെൻഷൻക്കാർക്കും ജീവനക്കാർക്കും സാമ്പത്തിക സുരക്ഷ നൽകുക, കർഷകരെയും വനിതാ സംരംഭകരെയും ശക്തിപ്പെടുത്തുക, കൂടാതെ ശുചിത്വവും ഹരിതവുമായ ആഘോഷാന്തരീക്ഷം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സർക്കാർ സംയോജിത ഇടപെടലുകൾ നടത്തുന്നത്.

 

സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഉത്സവബത്ത

ഓണം 2025-നെ മുൻനിർത്തി സർക്കാർ 13 ലക്ഷത്തിലധികം ജീവനക്കാരുടെയും തൊഴിലാളികളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ഉത്സവ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസ് ലഭിക്കുന്നവിധം 500 രൂപ വർദ്ധനവ് അനുവദിച്ചു, ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്ത 3,000 ആയി ഉയർത്തി. സർവീസ് പെൻഷൻക്കാരുടെ ഉത്സവബത്ത 1,250 ആയി വർദ്ധിപ്പിക്കുകയും പങ്കാളിത്ത പെൻഷൻക്കാർക്കും ആനുകൂല്യം ലഭ്യമാക്കുകയും ചെയ്തു. ഗ്രാമീണ-നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് 1,200 രൂപ വീതം ഓണസമ്മാനം അനുവദിച്ചു, ഇതിന് സർക്കാർ 51.96 കോടി വകയിരുത്തി. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് - കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി 50 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2,250 രൂപ എക്‌സ്ഗ്രേഷ്യയും, കൂടാതെ 250 രൂപ മൂല്യമുള്ള അരിയും വിതരണം ചെയ്യാൻ തീരുമാനിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്ക് ഉത്സവബത്ത 7,500 ആയി വർദ്ധിപ്പിക്കുകയും, പെൻഷൻകാരുടെ ബത്ത 2,750 രൂപയായി ഉയർത്തുകയും ചെയ്തു. ഈ സമഗ്ര ഇടപെടലുകൾ ജീവനക്കാരുടെയും തൊഴിലാളികളുടെയും വരുമാനം വർദ്ധിപ്പിക്കുകയും, ഉപഭോക്തൃ വിപണി ഇടപെടലുകൾ ശക്തിപ്പെടുത്തുകയും ചെയ്യും.


വിലക്കയറ്റ നിയന്ത്രണം: വിപണിയിൽ സർക്കാരിന്റെ ഇടപെടൽ

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സർക്കാർ വ്യാപകമായ വിപണി ഇടപെടലുകളാണ് നടത്തുന്നത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംസ്ഥാനത്തുടനീളം 1,800 ഓണച്ചന്തകളാണ് ആരംഭിച്ചിട്ടുള്ളത്. അരി, പഞ്ചസാര, വെളിച്ചെണ്ണ അടക്കമുള്ള 13 ഇനം നിത്യോപയോഗ സാധനങ്ങൾ 30% മുതൽ 50% വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഈ ഇടപെടലുകൾ വഴി ഉപഭോക്താക്കൾക്ക് ഏകദേശം 100 കോടി രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കും.

സപ്ലൈക്കോയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ഓണം ഫെയറുകളിൽ 250-ലധികം ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. ശബരി ബ്രാൻഡിൽ അഞ്ച് പുതിയ ഉൽപ്പന്നങ്ങളാണ് ഇക്കുറി വിപണിയിലെത്തിയിട്ടുള്ളത്. ഓണം ഗിഫ്റ്റ് ഹാമ്പറുകൾ തുടക്കത്തിൽ തന്നെ ജനങ്ങളിൽ വലിയ സ്വീകാര്യത നേടിയതായി തെളിയിച്ചു; 50,000-ത്തിലധികം ഹാമ്പറുകൾ ഇതിനോടകം വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ മാസം മാത്രം 32 ലക്ഷം ഉപഭോക്താക്കൾ സപ്ലൈക്കോ വഴി സാധനങ്ങൾ വാങ്ങിയതിലൂടെ 168 കോടി രൂപയുടെ വിറ്റുവരവ് കൈവന്നു.


കർഷകർക്കും വനിതാ സംരംഭകർക്കും ശക്തമായ പിന്തുണ

ഓണക്കാലത്ത് കർഷകരെയും വനിതാ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപണന ഇടപെടലുകൾ നടത്തി. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണസമൃദ്ധി കർഷകചന്തകൾ പ്രവർത്തിക്കുന്നു. ഇതിലൂടെ കർഷകർക്ക് ഇടനിലക്കാരില്ലാതെ അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ധാന്യങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കാർഷിക ഉൽപ്പന്നങ്ങൾ 30% വരെ വിലക്കുറവിൽ ലഭ്യമാക്കി. ഈ സംരംഭങ്ങളിലൂടെ 80 കോടി വ്യാപാരലക്ഷ്യമാണ് സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്.

അതേസമയം, വനിതാ സംരംഭകത്വത്തിന് ശക്തമായ പിന്തുണ നൽകി കുടുംബശ്രീയുടെ നേതൃത്വത്തിൽ 2,000-ത്തിലധികം ഓണം വിപണന മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വനിതാ സംരംഭകർക്ക് 30 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. കുടുംബശ്രീ സംരംഭകർ ഒരുക്കിയ 20-ലധികം വിഭവങ്ങളുള്ള 'വാഴയില ഓണസദ്യ' പൊതുജനങ്ങളിൽ വലിയ സ്വീകാര്യത നേടികഴിഞ്ഞതായി പ്രീബുക്കിംഗ് ഓർഡറുകൾ സൂചിപ്പിക്കുന്നു. 180 മുതൽ 280 വരെ നിരക്കിൽ ആണ് സദ്യ ലഭ്യമാകുക. കഴിഞ്ഞ വർഷം മാത്രം 1 ലക്ഷം പ്ലേറ്റിലധികം സദ്യ കുടുംബശ്രീ വിതരണം ചെയ്തിരുന്നു.

ഡിജിറ്റൽ വിപണനത്തിനും പുതിയ സാധ്യതകൾ തുറന്ന് കൊണ്ട് ഓണം വരവേൽക്കുകയാണ് കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് മൊബൈൽ ആപ്പ്. ഇതുവഴി മാത്രം 5,400 ഓണം ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്ത് 48 ലക്ഷം വരുമാനം നേടി. കൂടാതെ, CDS മുഖേന 50,000-ത്തിലധികം ഹാമ്പറുകൾ വിതരണം ചെയ്തതിലൂടെ 3.5 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു.

വാണിജ്യ-വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലും ശക്തമായ ഇടപെടലുകൾ നടക്കുന്നത്. ഹാന്റക്സ് (Hantex), ഹാൻഡ്വീവ്സ് (Hanveev) സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ഹാൻഡ്ലൂം-ഹാൻഡിക്രാഫ്റ്റ് മേളകളിലൂടെ 50 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. ഇതിലൂടെ 10,000-ത്തിലധികം നെയ്ത്ത്തൊഴിലാളികൾക്കും കരകൗശല പ്രവർത്തകർക്കും നേരിട്ടുള്ള വരുമാനവും തൊഴിൽസുരക്ഷയും ഉറപ്പാക്കുന്നു.

 

ശുചിത്വം, ഗതാഗതം, ഭക്ഷ്യസുരക്ഷ

ഹരിത ഓണം: ഓണക്കാലത്ത് പരിസ്ഥിതി സൗഹൃദവും ശുചിത്വപരവുമായ ആഘോഷാന്തരീക്ഷം സൃഷ്ടിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനവ്യാപകമായി 5,000-ത്തിലധികം ശുചിത്വ മുന്നൊരുക്കപ്രവർത്തനങ്ങൾ നടത്തി. പൊതുസ്ഥലങ്ങളിലും വീടുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി 25,000 മാലിന്യബിന്നുകൾ സ്ഥാപിക്കുകയും, പ്ലാസ്റ്റിക് നിരോധന നടപടികൾ ശക്തമായി നടപ്പാക്കുകയും ചെയ്തു. കൂടാതെ, 1,000-ത്തിലധികം ഹരിത വോളണ്ടിയർ ടീമുകൾ തെരുവുകളും വിപണികളും ആഘോഷ കേന്ദ്രങ്ങളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

KSRTC ഓണം സർവീസുകൾ: ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി KSRTC 2,500-ത്തിലധികം ഓണം സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ഏകദേശം 15 ലക്ഷം യാത്രക്കാർക്ക് അധിക ഗതാഗത സൗകര്യം സാധ്യമാക്കാനാകും. കഴിഞ്ഞ വർഷം KSRTC ഓണസർവീസുകൾ വഴി 32 കോടി രൂപയുടെ അധിക വരുമാനം നേടിയിരുന്നു, ഇത്തവണയും സമാനമായ നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷ്യസുരക്ഷ വകുപ്പ്: ഓണക്കാലത്ത് വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കാൻ 4,200-ത്തിലധികം സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. ഇതിൽ നിന്ന് 1,150 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ചു ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ 145 കേസുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി, മൊത്തം 25 ലക്ഷം പിഴ ചുമത്തി. കൂടാതെ, 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ സാധിച്ചു.

സർക്കാർ വകുപ്പുകളുടെ സംയോജിത ഇടപെടലുകൾ മൂലം ഓണാഘോഷങ്ങൾ കേരളത്തിൽ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും ഉത്സവമായി മാറുന്നു. ജനങ്ങൾക്ക് വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും, തൊഴിലാളികൾക്കും ജീവനക്കാർക്കും സാമ്പത്തിക സഹായം നൽകുകയും, കർഷകരെയും വനിതാ സംരംഭകരെയും ശക്തിപ്പെടുത്തുകയും, പരിസ്ഥിതി സൗഹൃദവും സാംസ്‌കാരിക വൈവിധ്യമാർന്നതുമായ ആഘോഷാന്തരീക്ഷം ഉറപ്പാക്കുകയാണ് സർക്കാർ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-03 11:45:31

ലേഖനം നമ്പർ: 1843

sitelisthead