ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ സംസ്ഥാനത്തിന്റെ  നൂതന സാംസ്കാരിക-വികസന മാതൃകകൾക്ക് നേർകാഴ്ചയൊരുക്കിയ കേരളം പവലിയന് വെള്ളി മെഡൽ. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ഐടിപിഒ) 45-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (ഐഐടിഎഫ്) 31 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പങ്കെടുത്ത പ്രദർശന വിഭാഗത്തിലാണ് കേരളത്തിന് ഈ തിളക്കമാർന്ന നേട്ടം ലഭിച്ചത്. കേരളപ്പിറവിയുടെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച ഈ ദേശീയ അംഗീകാരം സംസ്ഥാനത്തിന്റെ വികസന-സാംസ്കാരിക മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുന്നതാണ്. "വികാസ് ഔർ വിരാസത്ത്" അഥവാ 'വികസനവും പാരമ്പര്യവും' എന്ന പ്രമേയത്തിൽ ഐഐടിഎഫ് 2026 നവംബർ 13 മുതൽ 27 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലെ 17 ഹാളുകളിലായാണ് സംഘടിപ്പിച്ചത്.

സന്ദർശകരുടെ മനംകവർന്ന കേരള പവലിയൻ

വ്യാപാരമേളയിൽ സംസ്ഥാനത്തിൻ്റെ വികസന മുൻഗണനകളിലേക്ക് നയിക്കുന്ന ‌300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രദർശനവേദിയായിരുന്നു കേരളത്തിന്റേത്. വ്യാപാരമേളയിൽ അഞ്ചാം നമ്പർ ഹാളിൻ്റെ ഒന്നാം നിലയിലാണ് കേരളത്തിൻറെ പ്രദർശനവേദി. കേരളത്തിന്റെ തനത് സംസ്കാരവും വ്യാവസായിക മികവും കോർത്തിണക്കിയ പവലിയൻ മേളയുടെ തുടക്കം മുതൽ തന്നെ വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പവലിയനിൽ ഒരുക്കിയ കൊമ്പനാനയുടെ ചലിക്കുന്ന മാതൃക സന്ദർശകർക്ക് വേറിട്ട അനുഭവമായി.

കേരളത്തിന്റെ സവിശേഷമായ പാരമ്പര്യത്തെ അറിഞ്ഞുകൊണ്ട് സംസ്ഥാനത്തിൻ്റെ വികസനവും ഉത്പന്ന വൈവിധ്യവും നോക്കിക്കാണുക എന്ന സന്ദേശമാണ് ആറന്മുള കണ്ണാടിയുടെ മാതൃകയിൽ രൂപകല്പന ചെയ്ത പ്രവേശനകവാടത്തിലൂടെ നൽകിയിരിക്കുന്നത്. ഇതിനൊപ്പം സുദീർഘമായ സമുദ്രവാണിജ്യ പാരമ്പര്യമുള്ള സംസ്ഥാനത്തിൻ്റെ വികസനക്കുതിപ്പിൻ്റെ സുപ്രധാന അടയാളങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാതൃകയും ലൈറ്റ് ഹൗസും പ്രവേശനകവാടത്തിൽ നൽകിയിരുന്നു. പൂർണ്ണ വലിപ്പത്തിലുള്ള ആനയുടെ ഇൻസ്റ്റലേഷനും അതിനുചുറ്റുമുള്ള തെങ്ങിന്റെ മാതൃകകളുമാണ് പവലിയന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെയും ദൈനംദിനജീവിതം, ഉപജീവനം, ഭക്ഷണം, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയിൽ തെങ്ങിനുള്ള പ്രാധാന്യത്തെയും സൂചിപ്പിക്കുന്ന 'കല്പവൃക്ഷം' എന്ന സങ്കല്പമാണ് ഈ ഇൻസ്റ്റലേഷനിലൂടെ നൽകുന്നത്.

കേരളത്തിന്റേതായി 23 വ്യത്യസ്ത സ്റ്റാളുകളാണ് മേളയിൽ സജ്ജീകരിച്ചിരുന്നത്. കൈത്തറി, ടെറാക്കോട്ട കരകൗശല ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, തേയില, വെളിച്ചെണ്ണ, കാപ്പിപ്പൊടി എന്നിവയ്ക്കൊപ്പം കൂൺ കൊണ്ടുള്ള പായസം, സ്മൂത്തി തുടങ്ങിയ നൂതന മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും വലിയ ആവശ്യക്കാരാണ് ഉണ്ടായിരുന്നത്. കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെയും (SAF) നേതൃത്വത്തിൽ പ്രവർത്തിച്ച ഫുഡ് കോർട്ടുകളിൽ കേരളത്തിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും ആസ്വദിക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനായിരുന്നു കേരള പവലിയൻറെ സംഘാടന  ചുമതല.

താരമായി കേരളത്തിന്റെ സ്വന്തം വിഭവങ്ങൾ

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ നിന്നുള്ള തനത് വനവിഭവങ്ങൾ നേരിട്ട് വിപണിയിലെത്തിക്കുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി കേരള പവലിയനിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി. പൂർണമായും അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി കർഷകർ മാത്രം ഓഹരിയുടമകളായുള്ള കമ്പനിയാണിത്. വാഴച്ചാൽ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലെ മണ്ണാൻ, മലയൻ, കാടർ, ഉള്ളാടർ, മുതുവാൻ എന്നീ ആദിവാസി സമൂഹങ്ങൾ തലമുറകളായി കൈമാറിവന്ന പരമ്പരാഗത രീതികളിലൂടെ ശേഖരിക്കുന്ന വനവിഭവങ്ങളാണ് 'അതിരപ്പിള്ളി' എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്നത്. കാപ്പിപ്പൊടി, കാട്ടുതേൻ, കുരുമുളക്, ഏലയ്ക്ക, മഞ്ഞക്കൂവപ്പൊടി, തെള്ളി, കാട്ടുകുടംപുളി തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ‘കമ്പനി’ എത്തിച്ചിട്ടുള്ളത്. മികച്ച രീതിയിലുള്ള പായ്ക്കിങ്ങും ബ്രാൻഡിങ്ങും കമ്പനിയുടെ മൂല്യവർധിത ഉത്പന്നങ്ങളെ രാജ്യാന്തര വിപണിയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു.

‌ഇന്ത്യയിലെ അദ്യത്തെ കർഷകോത്പാദന ജൈവ തേയില കമ്പനിയായ വയനാടിൻ്റെ ‘വയോമൈൽ’ ന്യൂഡൽഹിയിൽ വൻജനപ്രീതി നേടി. പ്ലാൻ്റേഷൻ ഡയറക്ടറേറ്റിൻ്റെ സ്റ്റാളിലാണ് പ്രീമിയം ഗ്രീൻ ടീ, പ്രീമിയം ഓർത്തഡോക്സ് ബ്ലാക്ക് ടീ, പ്രീമിയം ടീ ഗ്രാന്യൂൾസ്, പ്രീമിയം റോസ് ടീ, പ്രീമിയം സാഫ്രൺ ടീ, പ്രീമിയം മസാല ടീ എന്നിങ്ങനെ ആറ് ഉൽപ്പന്നങ്ങൾ ബ്രാൻഡ് എത്തിച്ചിരിക്കുന്നത്.

വയനാടിന്റെ പ്രകൃതിഭംഗിയും തേയില കൃഷിയുടെ പാരമ്പര്യവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് വയോമൈൽ എന്ന പുതിയ തേയില ബ്രാൻഡ്. ചെറുകിട തേയില കർഷകരുടെ കൂട്ടായ പരിശ്രമത്തിനും സുസ്ഥിര കൃഷിരീതികൾക്കും പ്രാധാന്യം നൽകുന്നതിനാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വയോമൈൽ എന്ന ബ്രാൻഡ് തയ്യാറാക്കിയത്. സുസ്ഥിര കൃഷി, ന്യായമായ വ്യാപാരരീതികൾ, ഗുണമേന്മയുള്ള തേയിലയിലകളുടെ തിരഞ്ഞെടുപ്പ്, ശുചിത്വപരമായ സംസ്കരണവും പാക്കേജിങ്ങും എന്നിവയ്ക്ക് കമ്പനി പ്രാധാന്യം നൽകുന്നു. കർഷകർക്ക് മെച്ചപ്പെട്ട അവസരം ഒരുക്കുക, ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുക, തേയില കൃഷിയുടെ പാരമ്പര്യവും അറിവും അടുത്ത തലമുറയിലേക്ക് കൈമാറുക എന്നിവയും വയോമൈൽ ബ്രാൻഡിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

പവലിയനിലെ കൊമേഴ്സ്യൽ ഏരിയയിൽ കേരളത്തിലെ 22 സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായാണ് സ്റ്റാളുകൾ അനുവദിച്ചിട്ടുള്ളത്. ടൂറിസം, കുടുംബശ്രീ, വ്യവസായ വാണിജ്യ വകുപ്പ്, മാർക്കറ്റ്ഫെഡ്, സഹകരണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കൃഷിവകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, നോർക്ക റൂട്ട്സ്, മത്സ്യഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ മിഷൻ, കയർ വികസന വകുപ്പ്, ഹാൻവീവ്, അതിരപ്പിള്ളി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഔഷധി, സാഫ്, ഹാന്റക്സ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ, കൈത്തറി വകുപ്പ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവലിയനിൽ അണിനിരന്നത്. ഇതിനുപുറമെ സാഫ്, കുടുംബശ്രീ എന്നിവയുടെ ഫുഡ്കോർട്ടും സന്ദർശകർക്കായി സജ്ജീകരിച്ചിരുന്നു. ഹരിതചട്ടം കർശനമായി പാലിച്ചാണ് പവലിയൻ നിർമ്മിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും 11 വിദേശ രാജ്യങ്ങളിൽ നിന്നുമായി 3,500-ലധികം പ്രദർശകരും 600-ഓളം സ്റ്റാർട്ടപ്പുകളും പങ്കെടുത്ത മേള രാജ്യത്തുടനീളവും വിദേശത്തുമുള്ള പ്രദർശകരെയും സന്ദർശകരെയും ഒരുമിച്ച് ഒരു വേദിയിലെത്തിക്കുന്നതിൽ നിർണ്ണായക ഘടകമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-27 10:50:49

ലേഖനം നമ്പർ: 2152

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo