മുഖ്യമന്ത്രി പിണറായി വിജയൻ
അമ്പലപ്പുഴ മണ്ഡലം
വലിയ തോതിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയായ ആലപ്പുഴയിൽ സ്പിൽവേയുടെ മണൽ നീക്കം ചെയ്തും, വീതിയും ആഴവും കൂട്ടിയും സർക്കാർ കാഴ്ചവച്ച കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു . 2018 പ്രളയത്തിൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 4.17 ലക്ഷം പേരെയാണ് പാർപ്പിച്ചത്. 2019-ൽ അത് 1.25 ലക്ഷമുണ്ടായിരുന്നത് 2022, 2023 വർഷങ്ങളിൽ 2500-ൽ താഴെയായി കുറഞ്ഞു.
പൊതുവില്‍ കടല്‍ നിരപ്പിന് താഴെ നില്‍ക്കുന്ന പ്രദേശമാണ് പമ്പാ നദീതടത്തിന്‍റെ ഭാഗമായ കുട്ടനാട് മേഖല. മഴക്കാലത്ത് ആലപ്പുഴ ജില്ലയിലുള്ള ജനങ്ങള്‍ അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ വലുതാണ്. 2018 ലെ പ്രളയം ഇക്കാര്യത്തില്‍ അടിയന്തര നടപടികളിലേക്ക് സർക്കാർ പോകേണ്ട സ്ഥിതി ഉണ്ടാക്കി. 2018 ലെ പ്രളയത്തില്‍ പത്തനംതിട്ട ജില്ലയിലും ആലപ്പുഴ ജില്ലയിലും ഉണ്ടായ പ്രത്യേക സാഹചര്യത്തിനു കാരണം നദികളിലൂടെയുള്ള പ്രളയജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള തടസ്സമാണ് എന്ന് മനസിലാക്കി ഇത് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു.
2018 സെപ്റ്റംബറില്‍ ലോകബാങ്കും എ.ഡി.ബിയും തയ്യാറാക്കിയ ജോയിന്‍റ് റാപ്പിഡ് നീഡ്സ് അസസ്മെന്‍റ് റിപ്പോര്‍ട്ടില്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ കപ്പാസിറ്റി കുറവ് കുട്ടനാട് ഭാഗത്തെ പ്രളയത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. തോട്ടപ്പള്ളി സ്പില്‍വേയിലെയും തണ്ണീര്‍മുക്കം ബാരേജിലെയും പുറത്തേക്കുള്ള ജലമൊഴുക്ക് ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ ഇവിടേക്ക് എത്തുന്ന ജലത്തിനെ കടലിലേക്ക് വിടാന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയിരുന്നു. തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടുന്ന അധിക മണല്‍ നീക്കം ചെയ്യുന്നതിന് 2012-ല്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
തോട്ടപ്പള്ളി സ്പില്‍വേയുടെയും ലീഡിംഗ് ചാനലിന്‍റെയും നവീകരണത്തിന്‍റെ ഭാഗമായി പൊഴിമുഖത്ത് അടിഞ്ഞ മണ്ണ് നീക്കം ചെയ്യേണ്ടതാണെന്നും, വീതിയും ആഴവും കൂട്ടേണ്ടതാണെന്നും, ചാനലിന്‍റെ വീതി കൂട്ടണമെന്നുമാണ് പരിഹാരമായി നിര്‍ദ്ദേശിച്ചത്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിലും ജലസേചന മന്ത്രിതലത്തിലും മുഖ്യമന്ത്രി തലത്തിലും യോഗങ്ങള്‍ നടന്നു. 2018 ലെ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, ജലസേചനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തോട്ടപ്പള്ളി സ്പില്‍വേ 300 മീറ്റര്‍ വീതി ഉണ്ടായിരുന്ന അഴിമുഖത്തിന് നിലവില്‍ 100 മീറ്റര്‍ മാത്രമാണ് വീതി എന്നും ബാക്കിയുള്ള ഭാഗം കടലില്‍ നിന്നുള്ള മണ്ണടിഞ്ഞ് നികത്തപ്പെട്ടെന്നും അഭിപ്രായം വന്നു. അഴിമുഖത്തെ മണല്‍ നീക്കി വീതി കൂട്ടേണ്ടത് അനിവാര്യമാണെന്നും സോഷ്യല്‍ ഫോറസ്ട്രി നട്ടുവളര്‍ത്തിയ മരങ്ങള്‍ നീക്കം ചെയ്യേണ്ടതാണെന്നും വിദഗ്ധർ നിർദ്ദേശിച്ചു.
ഇതോടൊപ്പം, വെള്ളപ്പൊക്ക നിവാരണത്തിന് കുട്ടനാട്ടിലെ അവശേഷിക്കുന്ന പാടശേഖരങ്ങളുടെ പുറം ബണ്ടുകളുടെ നവീകരണം, നീരൊഴുക്ക് സുഗമമാക്കാനായി കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഉള്ള റോഡുകളുടെയും ചാനലുകളുടെയും നവീകരണം തുടങ്ങിയ വിഷയങ്ങളും ഉയര്‍ന്നുവന്നു. കുട്ടനാട്ടിലെ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച പാലങ്ങളും അനുബന്ധ നിര്‍മ്മിതികളും നീരൊഴുക്കിനും ഗതാഗതത്തിനും തടസ്സം നില്‍ക്കുന്നുണ്ടെന്നും അവ വീതിയും ഉയരവും കൂട്ടി നിര്‍മ്മിക്കണമെന്നും അഭിപ്രായം ഉയർന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചശേഷം കുട്ടനാട് വെള്ളപ്പൊക്കത്തിന് പ്രതിരോധ മാര്‍ഗങ്ങള്‍ ശുപാർശ ചെയ്യാന്‍ വിദേശ സഹായത്തോടെ ചെയ്യേണ്ട പ്രവൃത്തികളും സംസ്ഥാനം ഏറ്റെടുക്കേണ്ട പ്രവൃത്തികളും പരിശോധിച്ച് നടപടിയെടുക്കാന്‍ റീ ബിൽഡ് കേരളയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. എ.സി കനാലില്‍ ഭാവിയില്‍ യാതൊരുവിധ കയ്യേറ്റവും അനുവദിക്കാന്‍ പാടില്ല എന്നും ഇത് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തി. കുട്ടനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട് വെള്ളപ്പൊക്ക ജലനിര്‍ഗമനം സുഗമമാക്കാന്‍ കുട്ടനാട്ടിലെ ചെറിയ കനാലുകളിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടാനും തീരുമാനിച്ചു. കുട്ടനാടിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജിയോ സ്പേഷ്യല്‍ മാപ്പിംഗ് നടത്തുന്നത് പരിശോധിക്കാനും തീരുമാനിച്ചു. തോട്ടപ്പള്ളി സ്പില്‍വേയുടെ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ തിട്ടയില്‍ സാമൂഹ്യ വനവല്‍ക്കരണത്തിന്‍റെ ഭാഗമായി വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റുവാന്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി വനം, ജലസേചനം എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.