മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ നിയോജക മണ്ഡലം
കശുവണ്ടി വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പ്രവർത്തങ്ങളുടെ ഭാഗമായി വികസന പാതയിലാണ് കേരളത്തിന്റെ കശുവണ്ടി മേഖല. കശുവണ്ടി വ്യവസായമേഖലയെപ്പറ്റി പഠനം നടത്തുന്ന കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിലെ പ്രശ്നങ്ങളും വെല്ലുവിളികളും സാധ്യതകളും വിലയിരുത്തി സമഗ്രമായ പരിഷ്കരണം നടത്തും.
2015, 2016ൽ വെറും 56 ദിവസം മാത്രമായിരുന്നു കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും ഒട്ടേറെ നടപടികളുണ്ടായി. ഭാഗിക യന്ത്രവൽക്കരണത്തിന്റെ ഭാഗമായി കട്ടിംഗ് മെഷീനുകൾ സ്ഥാപിച്ചു. തൊഴിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡൈനിംഗ് ഹാൾ, ഡ്രെസ്സിംഗ്റൂം, വായനാ മുറി, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇൻസിനേറ്ററുകൾ ഘടിപ്പിച്ച ടോയ്ലെറ്റ് ബ്ലോക്കുകൾ, അന്തരീക്ഷ ഊഷ്മാവ് ക്രമീക്കരിക്കുന്നതിനാവശ്യമായ ടർബോ ഫാൻ, സി.സി.റ്റി.വി സർവ്വയിലൻസ് ക്യാമറകൾ, ചുമട് അനായാസമാക്കുന്ന ഹൈഡ്രോളിക്ക് പുള്ളറ്റ് ട്രെക്കുകൾ, ഷെഡുകളുടെ ഊഷ്മാവ് ക്രമീകരിക്കുന്നതിനുള്ള തെർമൽ സിസ്റ്റം, തൊഴിലാളികളുടെ കുട്ടികൾക്ക് ആവശ്യമായ തൊട്ടിൽപ്പുര എന്നിവ ഉറപ്പാക്കി.
തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനും, കേരളത്തിൽ നിന്ന് നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനും ക്യാഷ്യു ബോർഡ് രൂപികരിച്ചു. ഇത് വഴി 2017 മുതൽ 63,061 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി ചെയ്യുകയും ഇതിനായി 639.42 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഇനി 5000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 17000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ 175 കോടി രൂപ ചെലവഴിക്കും. കാഷ്യൂ ബോർഡ് രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ വാർഷിക സംഭരണമാണിത്. വരും വർഷങ്ങളിൽ 30,000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
2016 നു മുൻപുള്ള അഞ്ച് വർഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശികയുണ്ടായിരുന്നു. ഇപ്പോൾ 84 കോടി രൂപ ചെലവഴിച്ച് തൊഴിലാളികളുടെ 10 വർഷത്തെ ഗ്രാറ്റുവിറ്റി നൽകി. ഇക്കഴിഞ്ഞ വർഷം വിരമിച്ച തൊഴിലാളികൾക്ക് വിരമിച്ചപ്പോൾ തന്നെ ഗ്രാറ്റുവിറ്റി നൽകി. കാഷ്യൂ കോർപ്പറേഷൻ രൂപം കൊണ്ടതിനു ശേഷമുള്ള 50 വർഷത്തിനിടയിൽ വിരമിക്കുമ്പോൾ തന്നെ തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി നൽകിയത് ചരിത്രത്തിലാദ്യമായാണ്. നേരത്തെ ഉണ്ടായിരുന്ന പിഎഫ് കുടിശ്ശികയായ 10 കോടി രൂപ 2023 ൽ സർക്കാർ കൊടുത്തു തീർത്തു.
മേഖലയിലെ സ്വകാര്യ കമ്പനികളെ സഹായിക്കാൻ വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ ക്രമീകരണങ്ങളുണ്ടാക്കി. കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരനത്തിന് 37 കോടി രൂപ അനുവദിച്ചു. ഇതിൽ 20 കോടി രൂപ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളുടെ ഇ എസ് ഐ, പി എഫ്, മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അഞ്ച് കോടി രൂപ തൊഴിലിടം സ്ത്രീ സൗഹൃദമാക്കുന്നതിനും അഞ്ച് കോടി രൂപ ഷെല്ലിങ്ങ് യൂണിറ്റുകളുടെ നവീകരണത്തിനും ഉപയോഗിക്കും.
കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ കശുവണ്ടി വികസന കോർപ്പറേഷനിൽ 3012 തൊഴിലാളികളെ നിയമിച്ചു. 1000 തൊഴിലാളികളെ കൂടി നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലാത്ത സ്വകാര്യ ഫാക്ടറികളിലെ 250 തൊഴിലാളികൾക്ക് കാപ്പക്സിൽ നിയമനം നൽകിയിട്ടുണ്ട്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.