യുവതലമുറയിൽ മികച്ച ചലച്ചിത്രാസ്വാദനശീലവും സാമൂഹിക-സാംസ്കാരിക ബോധവും സർഗാത്മക വീക്ഷണവും വളർത്തിയെടുക്കുന്നതിനായി കോളേജുകളിൽ സംഘടിപ്പിക്കുന്ന ക്ലാസിക് ചലച്ചിത്രമേളയാണ് ക്യാമ്പസ് ഫ്ലിക്സ്. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സാംസ്കാരിക വികസന നയങ്ങളുടെ ഭാഗമായി സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേവല വിനോദോപാധി എന്നതിനപ്പുറം സിനിമയെ ഉന്നത കലാമാധ്യമമായും സാമൂഹിക വിമർശനത്തിനുള്ള ശക്തമായ ഉപാധിയായും തിരിച്ചറിയാനും വിലയിരുത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് ഈ ക്ലാസിക് ചലച്ചിത്രമേള വിഭാവനം ചെയ്തിരിക്കുന്നത്.
കോളേജ് വിദ്യാർത്ഥികളിൽ ഗൗരവതരമായ ക്ലാസിക് ചലച്ചിത്രാസ്വാദന സംസ്കാരം വളർത്തിയെടുക്കുക, അന്താരാഷ്ട്ര-ഇന്ത്യൻ സിനിമകളിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകൾ നേരിട്ട് പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സിനിമയുടെ ഭാഷ, രാഷ്ട്രീയ പശ്ചാത്തലം, ദൃശ്യ-ശ്രവ്യ സാങ്കേതികതകൾ എന്നിവ വിമർശനാത്മകമായി വിശകലനം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം കലാലയങ്ങളിൽ സിനിമാ ക്ലബ്ബുകൾ രൂപീകരിക്കുകയും നിലവിലുള്ള ഫിലിം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധവും ഊർജവും പകരുകയും ചെയ്യുന്നു.
14 ജില്ലകളിൽ 56 ദിവസത്തെ ചലച്ചിത്ര പ്രദർശനം
കേരളത്തിലെ 14 ജില്ലകളിലായി തെരഞ്ഞെടുത്ത പ്രമുഖ കോളേജുകളിൽ ക്ലാസിക് ചലച്ചിത്രമേള സംഘടിപ്പിക്കും. ഓരോ ജില്ലയിലും നാലു ദിവസം വീതം ആകെ 56 ദിവസം നീണ്ടുനിൽക്കുന്ന സഞ്ചരിക്കുന്ന ചലച്ചിത്ര പ്രദർശനമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. ആധുനിക പ്രൊജക്ഷൻ സംവിധാനങ്ങളോടെ സജ്ജീകരിച്ച ടൂറിംഗ് ടാക്കീസ് വാഹനം ഓരോ ക്യാമ്പസിലുമെത്തി സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര പ്രദർശനങ്ങൾക്ക് മുന്നോടിയായും ഓരോ ജില്ലയിലെയും ഉദ്ഘാടനവേദികളിലും പ്രമുഖ ചലച്ചിത്ര പ്രവർത്തകരും നിരൂപകരും പങ്കെടുക്കുന്ന സംവാദങ്ങളും ഓപ്പൺ ഫോറങ്ങളും സംഘടിപ്പിക്കും. സിനിമയെക്കുറിച്ചുള്ള വിമർശനാത്മക ചിന്തയും അക്കാദമിക ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ചലച്ചിത്ര മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നതിനും ഇതിലൂടെ സാധിക്കും.
51 ക്ലാസിക് സിനിമകൾ
അന്താരാഷ്ട്ര സിനിമകളിലെയും ഇന്ത്യൻ സിനിമകളിലെയും ശ്രദ്ധേയമായ സൃഷ്ടികൾ ഉൾപ്പെടെ 51 ചിത്രങ്ങളാണ് പ്രദർശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 23 അന്താരാഷ്ട്ര സിനിമകളും 28 ഇന്ത്യൻ ക്ലാസിക്കുകളും ഉൾപ്പെടുന്നു. സിനിമാചരിത്രം, രാഷ്ട്രീയ-സാമൂഹിക യാഥാർഥ്യങ്ങൾ, ദാർശനിക തലങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
അന്താരാഷ്ട്ര സിനിമകൾ
ലോകസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി വിലയിരുത്തപ്പെടുന്ന ഓർസൺ വെൽസിന്റെ സിറ്റിസൺ കെയ്ൻ, വിറ്റോറിയോ ഡി സിക്കയുടെ ബൈസിക്കിൾ തീവ്സ് തുടങ്ങിയ ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിലുണ്ട്. ഇങ്മർ ബെർഗ്മാൻ, സ്റ്റാൻലി കുബ്രിക്, അകിര കുറോസാവ, കിം കി-ഡുക്, അസ്ഗർ ഫർഹാദി തുടങ്ങിയ വിഖ്യാത സംവിധായകരുടെ ശ്രദ്ധേയ സൃഷ്ടികളും ഇതിൽ ഉൾപ്പെടുന്നു. ഇറ്റാലിയൻ നിയോറിയലിസം, ഫ്രഞ്ച് ന്യൂ വേവ്, കൊറിയൻ സിനിമാധാരകൾ തുടങ്ങിയ ചലച്ചിത്രപ്രസ്ഥാനങ്ങളെ പരിചയപ്പെടാനും ഈ പ്രദർശനങ്ങൾ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും.
ഇന്ത്യൻ, മലയാള ക്ലാസിക്കുകൾ
ഇന്ത്യൻ സമാന്തര-കലാ സിനിമകളുടെ ശ്രദ്ധേയമായ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളും പട്ടികയിലുണ്ട്. സത്യജിത് റായിയുടെ അപു ത്രയം — പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ — എന്നിവയ്ക്കൊപ്പം ഋത്വിക് ഘട്ടക്, മൃണാൾ സെൻ, ശ്യാം ബെനഗൽ തുടങ്ങിയവരുടെ ചിത്രങ്ങളും കോർട്ട്, ഷിപ്പ് ഓഫ് തെസ്യൂസ് തുടങ്ങിയ സ്വതന്ത്ര സിനിമകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാള സിനിമയുടെ കലാപരമായ വളർച്ചയ്ക്കും ദേശീയ-അന്തർദേശീയ തലങ്ങളിലെ അംഗീകാരത്തിനും സംഭാവന നൽകിയ പ്രമുഖ സൃഷ്ടികളും ക്യാമ്പസ് ഫ്ലിക്സിന്റെ ഭാഗമാണ്. അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം, മതിലുകൾ, വിധേയൻ, ജി. അരവിന്ദന്റെ തമ്പ്, വാസ്തുഹാര, എം.ടി. വാസുദേവൻ നായരുടെ നിർമ്മാല്യം, ഷാജി എൻ. കരുണിന്റെ പിറവി, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ കലാമൂല്യവും ആഖ്യാനവൈവിധ്യവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും.
കലാലയങ്ങളിൽ ചലച്ചിത്രാവബോധം വളർത്താൻ
യുവജനങ്ങളിൽ ഗൗരവപൂർണമായ ചലച്ചിത്രാസ്വാദനശീലം വളർത്തുന്നതിനും സിനിമയെ ആസ്പദമാക്കിയുള്ള സാമൂഹിക-സാംസ്കാരിക ചർച്ചകൾ കലാലയങ്ങളിൽ സജീവമാക്കുന്നതിനും കാമ്പസ് ഫ്ലിക്സ് സഹായകമാകും. മികച്ച ചലച്ചിത്രസൃഷ്ടികളെ നേരിട്ട് പരിചയപ്പെടുത്തുന്നതിലൂടെയും ഫിലിം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിലൂടെയും വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്തയും കലാബോധവും വികസിക്കാൻ ഈ ചലച്ചിത്രമേള വഴിയൊരുക്കും. ചലച്ചിത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും സംവാദങ്ങൾക്കും കലാലയങ്ങളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ കേരളത്തിന്റെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പുതിയ തലമുറയുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും ക്യാമ്പസ് ഫ്ലിക്സിലൂടെ സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-14 09:30:53
ലേഖനം നമ്പർ: 2120