കാർഗോ ലോജിസ്റ്റിക്‌സ് സർവീസിന് തുടക്കംകുറിച്ച് കെഎസ്ആർടിസി. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ചരിത്രപരമായ ചുവടുവയ്പ്പ് കെഎസ്ആർടിസി നടത്തിയത്. 

ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതരവരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ളീറ്റായി കെഎസ്ആർടിസിയെ മാറ്റാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഡൽഹിയിൽ നിന്നും എയർ ഇന്ത്യയുടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിയ ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യമായി  കെഎസ്ആർടിസിയുടെ ട്രക്കിൽ എറണാകുളത്തേക്ക് കയറ്റിയയച്ചത്. ‌സ്‌കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് കാർഗോ സേവനത്തിനായി കെഎസ്ആർടിസിക്ക് പിന്തുണ നൽകുന്നത്. തുടക്കത്തിൽ വെറ്റ് ലീസിനെടുത്ത അഞ്ച് ട്രക്കുകൾ ആണ് സർവീസിന് ഉപയോഗിക്കുന്നത്.

സ്വന്തം നിലയ്ക്ക് കൂടുതൽ വരുമാനം കണ്ടെത്താനുള്ള കെഎസ്ആർടിസിയുടെ നീക്കങ്ങളിൽ ഏറ്റവും പുതിയതാണ് കാർഗോ സർവീസ്. രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസി യാത്രക്കാർക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തിൽ വിനിയോഗിക്കാനാകും.  

യാത്രാസേവനത്തിനപ്പുറം വ്യവസായ-വാണിജ്യ മേഖലയ്ക്ക് താങ്ങായി മാറുന്ന പുതിയ കാർഗോ ലോജിസ്റ്റിക്‌സ് സർവീസ് കെഎസ്ആർടിസിയുടെ വളർച്ചയിൽ നിർണ്ണായക നാഴികക്കല്ലാകും. ഭാവിയിൽ കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്തി കാർഗോ ശൃംഖല വിപുലീകരിക്കുന്നതോടെ, കെഎസ്ആർടിസിക്ക് സാമ്പത്തിക അടിത്തറ ശക്തമാക്കാനും യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനം നൽകാനും സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-13 04:56:40

ലേഖനം നമ്പർ: 2117

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo