കേരളത്തിലെ വയോജനങ്ങളുടെ വർധനവും അണുകുടുംബ സമ്പ്രദായവും മൂലം മുതിർന്ന പൗരന്മാർ നേരിടുന്ന ഒറ്റപ്പെടലിന് സമഗ്രമായ പരിഹാരവുമായി 'വയോജന അയൽപക്ക സഹായ ശൃംഖല' എന്ന സമൂഹാധിഷ്ഠിത പിന്തുണ പദ്ധതി ആരംഭിച്ച് മുതിർന്ന പൗരന്മാരുടെ വകുപ്പ്. കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി, വയോജനങ്ങൾക്ക് മികച്ച ഭൗതിക-മാനസിക പിന്തുണ ഉറപ്പാക്കും.
വാർദ്ധക്യസഹജമായ ശാരീരിക-മാനസിക-സാമൂഹിക പ്രയാസങ്ങളെ അതിജീവിച്ച് വയോജനങ്ങൾക്ക് സ്വന്തം വീടുകളിൽ തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും രൂപീകരിക്കുന്ന സുരക്ഷിതത്വ ശൃംഖലകൾ വഴി, 60 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും—പ്രത്യേകിച്ചും ഒറ്റയ്ക്ക് താമസിക്കുന്നവർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്—അടിയന്തര സഹായവും മാനസിക-സാമൂഹിക കരുതലുകളും സ്വന്തം വീട്ടുപടിക്കൽ ഉറപ്പാക്കും.
പദ്ധതിയുടെ കാര്യക്ഷമമായ ആസൂത്രണത്തിനും ഏകോപനത്തിനുമായി വാർഡ് തലം, തദ്ദേശ സ്ഥാപന തലം, ജില്ലാ തലം എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള സംയോജിത സമിതികളാണ് പ്രവർത്തിക്കുന്നത്. ഓരോ വാർഡിലും 15 മുതൽ 20 വരെ വയോജനങ്ങൾക്ക് ഒരു വോളണ്ടിയർ എന്ന ക്രമത്തിൽ കുടുംബശ്രീ പ്രവർത്തകരെയോ സന്നദ്ധ പ്രവർത്തകരെയോ നിയോഗിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി ഒരു വോളണ്ടിയർ ലീഡറെയും തെരഞ്ഞെടുക്കും. കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി വാർഡിലെ മുഴുവൻ വയോജനങ്ങളുടെയും വിവരശേഖരണം (വൾണറബിലിറ്റി മാപ്പിംഗ്) നടത്തുകയും, അവരുടെ സഹായ ആവശ്യകതയുടെ തോത് കണക്കിലെടുത്ത് അവരെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്യുന്നു. നിരന്തരമായ സഹായം ആവശ്യമുള്ളവർ, കൃത്യമായ ഇടവേളകളിൽ ശ്രദ്ധ വേണ്ടവർ, ആവശ്യാനുസരണം മാത്രം പിന്തുണ ആവശ്യമുള്ളവർ എന്നിങ്ങനെ വർഗ്ഗീകരിച്ച് വ്യക്തമായ പ്രതിവാര ഗൃഹസന്ദർശന പ്ലാനുകൾ തയ്യാറാക്കിയാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഗൃഹസന്ദർശന വേളകളിൽ അവശ്യ മരുന്നുകളുടെയും മറ്റ് സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം വയോജനങ്ങളുടെ ആരോഗ്യനില നിരീക്ഷിക്കാനും അടിയന്തര ഘട്ടങ്ങളിൽ സഹായം ഏകോപിപ്പിക്കാനും ഈ വോളണ്ടിയർമാർ സദാ സന്നദ്ധരായിരിക്കും. കേവലം ശാരീരിക പരിചരണത്തിൽ മാത്രം ഒതുങ്ങാതെ അവരുടെ മാനസിക ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് ഈ പദ്ധതി നൽകുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രതിമാസ വയോജന സംഗമങ്ങൾ, വായനാ കൂട്ടായ്മകൾ, യോഗ ക്ലാസുകൾ എന്നിവ വയോജനങ്ങളുടെ ഒറ്റപ്പെടൽ മാറ്റി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാൻ സഹായിക്കുന്നു.
ഡിജിറ്റൽ ഡാഷ്ബോർഡ് അധിഷ്ഠിതമായ മേൽനോട്ട സംവിധാനത്തിലൂടെ പദ്ധതിയുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയോജിത പ്രവർത്തനത്തിലൂടെയാണ് ഈ ശൃംഖല കെട്ടിപ്പടുത്തിരിക്കുന്നത്. കുടുംബശ്രീയുടെ ശക്തമായ സാമൂഹിക അടിത്തറ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതി, വയോജനങ്ങൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നതോടൊപ്പം തന്നെ, മികച്ച വയോജന സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിൽ നിർണ്ണായകമായ ഒരു പദ്ധതിയായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-15 09:22:39
ലേഖനം നമ്പർ: 2112