പ്രവാസി സംരംഭകർക്ക് കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം ലഭ്യമാക്കുന്ന നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം 2026 പ്രഖ്യാപിച്ചു. പ്രവാസി മലയാളികളുടെ നിക്ഷേപ സാധ്യതകളും കഴിവുകളും പ്രയോജനപ്പെടുത്തി കേരളത്തിൽ വ്യവസായ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംസ്ഥാന സർക്കാറിന്റെ പുതിയ പദ്ധതി.
വ്യവസായ പാർക്കുകളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളും സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതിയിലൂടെ സാമ്പത്തിക പിന്തുണ നൽകുന്നത്. സ്വന്തമായി ഭൂമിയുള്ളവർക്കും കുറഞ്ഞത് 30 വർഷത്തെ പാട്ടക്കരാറിൽ ഭൂമി ലഭ്യമാക്കിയിട്ടുള്ള മടങ്ങിയെത്തിയ പ്രവാസികൾക്കും പദ്ധതിയിൽ അപേക്ഷിക്കാം. ഇവരുടെ ഭാര്യ, ഭർത്താവ്, മകൻ, മകൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
പ്രവാസികൾ പ്രധാന ഓഹരി ഉടമകളായ കമ്പനികൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, രജിസ്റ്റർ ചെയ്ത പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർഷ്യങ്ങൾ എന്നിവയ്ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വ്യവസായ പാർക്കുകളിൽ റോഡ്, വൈദ്യുതി, ജലവിതരണം, ഡ്രൈനേജ്, മാലിന്യസംസ്കരണ സംവിധാനങ്ങളായ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് (ETP), കോമൺ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് (CETP) എന്നിവയും മറ്റ് പൊതുസൗകര്യങ്ങളും ഒരുക്കുന്നതിനാണ് മൂന്ന് കോടി രൂപ വരെ ധനസഹായം അനുവദിക്കുന്നത്.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ റീഇംബേഴ്സ്മെന്റ് അടിസ്ഥാനത്തിലാണ് സഹായം ലഭ്യമാക്കുക. ഭൂമിയുടെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതികൾ പരിഗണിക്കുന്നത്. മൂന്ന് ഏക്കർ മുതൽ ഏഴ് ഏക്കർ വരെ ഭൂമിയുള്ളവരെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. കുറഞ്ഞത് 10,000 ചതുരശ്ര അടി വിസ്തീർണമുള്ളതും ഓരോന്നിനും കുറഞ്ഞത് 1,000 ചതുരശ്ര അടി വിസ്തീർണമുള്ള അഞ്ച് യൂണിറ്റുകളെങ്കിലും ഉൾക്കൊള്ളുന്നതുമായ ബഹുനില കെട്ടിട സമുച്ചയമാണ് ഈ വിഭാഗത്തിൽ വിഭാവനം ചെയ്യുന്നത്.
ഏഴ് ഏക്കർ മുതൽ 15 ഏക്കർ വരെ ഭൂമിയുള്ളവരെ വ്യവസായ പാർക്ക് വിഭാഗത്തിലാണ് പരിഗണിക്കുക. പദ്ധതിക്ക് അനുമതി ലഭിക്കുന്ന വ്യവസായ പാർക്കുകൾക്ക് സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് സംവിധാനത്തിന്റെ ആനുകൂല്യവും കെട്ടിട നിർമാണ ചട്ടങ്ങളിൽ പ്രത്യേക ഇളവുകളും ലഭ്യമാകും. ഇത് അനുമതി നടപടികൾ ലളിതമാക്കുന്നതിനും സംരംഭങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനും സഹായകമാകും. പദ്ധതിയുടെ നടത്തിപ്പ് ചുമതല വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിനും ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കുമാണ്. വിശദമായ മാർഗനിർദേശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടികൾ എന്നിവ അറിയുന്നതിനായി ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
കേരളത്തിന്റെ വ്യവസായിക വളർച്ചയിൽ പ്രവാസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക, പ്രവാസി നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-03 09:03:46
ലേഖനം നമ്പർ: 2130