സംസ്ഥാനത്ത് റേഷന്‍ വിതരണം കൂടുതല്‍ എളുപ്പമാക്കാന്‍ 24 മണിക്കൂറും സേവനം ലഭിക്കുന്ന അന്നപൂര്‍ത്തി ഗ്രെയ്ന്‍ എടിഎം (Annapurti Grain ATM) പദ്ധതിയുമായി ഭക്ഷ്യവകുപ്പ്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എളുപ്പത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനായി സ്ഥാപിക്കുന്ന സ്വയമേവ പ്രവര്‍ത്തിക്കുന്ന യന്ത്രമാണ് ഗ്രെയ്ന്‍ എടിഎം. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവില്‍ വിതരണം ചെയ്യുന്നതിനും ഈ സംവിധാനം പ്രയോജനകരമാകും.

ബയോമെട്രിക് തിരിച്ചറിയല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ധാന്യവിതരണം നടത്തുന്നതിലൂടെ വിതരണത്തിലെ സുതാര്യത വര്‍ധിപ്പിക്കാനും ഗുണഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും. ആദ്യഘട്ടത്തില്‍ സ്ഥലസൗകര്യവും അടിസ്ഥാനസൗകര്യങ്ങളും പരി​ഗണിച്ച് തെരഞ്ഞെടുത്ത മാതൃകാ റേഷന്‍ കടകളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയവും വേള്‍ഡ് ഫുഡ് പ്രോഗ്രാമും (WFP) സഹകരിച്ചാണ് അന്നപൂര്‍ത്തി ഗ്രെയിന്‍ എ.ടി.എം. പദ്ധതി നടപ്പാക്കുന്നത്.

കേരളത്തില്‍ 3 യൂണിറ്റ് സ്ഥാപിക്കാന്‍ കഴിയുന്ന പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ ആദ്യം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കും. നഗരപ്രദേശങ്ങളില്‍ 24 മണിക്കൂറും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുക, വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുക, ഉപഭോക്താക്കള്‍ക്ക് കൂടുതൽ സൗകര്യം നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവില്‍ 2 ഭക്ഷ്യ ധാന്യ ഡ്രം, 2 ലിഫ്റ്റ് ബക്കറ്റ് ഉള്ള മോഡല്‍ അതായത് അരി, ഗോതമ്പ് എന്ന രണ്ടിനങ്ങള്‍ മാത്രം നല്‍കാനുള്ള സംവിധാനമാണുള്ളത്. എന്നാല്‍ കേരളത്തില്‍ 4 ഇനം (പുഴുക്കലരി, കുത്തരി, പച്ചരി, ഗോതമ്പ്) വിതരണം ചെയ്യേണ്ടിവരും. യന്ത്രം സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, വൈദ്യുതി, ഇന്റര്‍നെറ്റ്, വാഹനപ്രവേശനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും WFP സാങ്കേതിക പരിശോധന നടത്തുകയും വേണം.

ബാങ്ക് എടിഎം പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തില്‍ റേഷന്‍ കാര്‍ഡ് നമ്പറോ ആധാര്‍ നമ്പറോ നല്‍കി, ബയോമെട്രിക് വിരലയടയാളം നല്‍കി ധാന്യങ്ങള്‍ കൈപ്പറ്റാം. അഞ്ച് മിനിറ്റിനുള്ളില്‍ ഏകദേശം 50 കിലോഗ്രാം വരെ അരിയോ ഗോതമ്പോ ഇതിലൂടെ പുറത്തുനല്‍കാന്‍ സാധിക്കും. റേഷൻ കടകളിലെ നീണ്ട ക്യൂ ഒഴിവാക്കി ഏതു സമയത്തും സുതാര്യമായി റേഷൻ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൊതുവിതരണ സമ്പ്രദായത്തിൽ വരുത്തുന്ന ആധുനികവല്‍ക്കരണം ജനങ്ങളുടെ ജീവിതത്തെ നേരിട്ട്, ​ഗുണപരമായി ബാധിക്കുന്ന സമൂലമായ മാറ്റമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-03 09:05:30

ലേഖനം നമ്പർ: 2131

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo