വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനായി  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ @ ക്യാമ്പസ് പദ്ധതിയുമായി കുടുംബശ്രീ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർഥിനികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം നേടാനും സ്വന്തം സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്താനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

പുതുതലമുറയുടെ സർഗാത്മകതയും ആശയങ്ങളും സംരംഭകത്വ ശേഷിയും പ്രയോജനപ്പെടുത്തി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുതിയ വഴികൾ കണ്ടെത്താനാണ് പദ്ധതി ഊന്നൽ നൽകുന്നത്. ക്രിയേറ്റീവ് മേഖല, ഉൽപാദന-സേവന മേഖല, ഐ.ടി ആൻഡ് ടെക്നോളജി എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് പദ്ധതിയുടെ ഭാഗമായി പരിശീലനവും സംരംഭക പിന്തുണയും ലഭ്യമാക്കുന്നത്. ഫിലിം മേക്കിങ്, ഡിജിറ്റൽ മാർക്കറ്റിങ്, കണ്ടന്റ് റൈറ്റിങ്, ഡിസൈനിങ്, എഡിറ്റിങ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ആപ്പ് ബിൽഡിങ്, സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മസംരംഭങ്ങൾ, കൃഷി, കരകൗശല നിർമാണം, ടൂറിസം, ഫാഷൻ, ബ്യൂട്ടി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ വിദ്യാർഥിനികൾക്ക് പരിശീലനം നേടാനും സംരംഭങ്ങൾ ആരംഭിക്കാനും അവസരമുണ്ടാകും.

കോളേജുകളിൽ വിദ്യാർഥിനികളെ ഉൾപ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംരംഭക ആശയങ്ങൾ കണ്ടെത്തുന്നതും അവയെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ കുടുംബശ്രീ പിന്തുണ നൽകും. പരിശീലനം, സംരംഭക പ്രോത്സാഹനം, ധനസഹായം, വിപണന പിന്തുണ എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. ആശയരൂപീകരണം മുതൽ സംരംഭത്തിന്റെ വളർച്ച വരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ മാർഗനിർദേശവും പിന്തുണയും ഉറപ്പാക്കുന്നതിലൂടെ വിദ്യാർഥിനികൾക്ക് സംരംഭം ആരംഭിക്കാൻ സാധിക്കും.

പഠനകാലത്തുതന്നെ തൊഴിൽ ലോകത്തിന്റെ സാധ്യതകൾ പരിചയപ്പെടാനും പ്രായോഗിക നൈപുണ്യങ്ങൾ ആർജിക്കാനും വരുമാനമാർഗങ്ങൾ കണ്ടെത്താനും വിദ്യാർഥിനികളെ പ്രാപ്തരാക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. പരമ്പരാഗത തൊഴിൽ മേഖലകൾക്കപ്പുറം ഡിജിറ്റൽ സാങ്കേതികവിദ്യയിലും നൂതന വ്യവസായ മേഖലകളിലും യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. കുടുംബശ്രീ  പിന്തുണയോടെ സ്ത്രീകൾ ഇതിനകം സാമ്പത്തികവും സാമൂഹികവുമായ പുരോഗതി കൈവരിച്ചിട്ടുള്ളതിനാൽ പുതുതലമുറയിലെ വിദ്യാർഥിനികൾ കൂടി ഈ സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും വ്യാപ്തിയും കൈവരിക്കാനാകും.

കുടുംബശ്രീ @ ക്യാമ്പസ് കേവലം സംരംഭങ്ങൾ രൂപീകരിക്കുന്നതിനുള്ള പദ്ധതി മാത്രമല്ല, വിദ്യാർഥിനികളെ പങ്കാളികളാക്കി സാമൂഹിക വികസനത്തിന് പുതിയ ദിശാബോധം നൽകുന്ന വലിയ ആശയമാണ്. യുവതലമുറയുടെ സ്വപ്നങ്ങളും ആശയങ്ങളും യാഥാർഥ്യമാക്കുന്നതിനൊപ്പം സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്തം, കൂട്ടായ പ്രവർത്തനശേഷി എന്നിവ വളർത്തിയെടുക്കാനും പദ്ധതിക്ക് സാധിക്കും.

വിദ്യാഭ്യാസവും തൊഴിലും സംരംഭകത്വവും പരസ്പരം ബന്ധിപ്പിച്ച് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുതിയ തലമുറയെ സജ്ജമാക്കുകയാണ് കുടുംബശ്രീ @ ക്യാമ്പസ്. കോളേജ് ക്യാമ്പസുകളെ അറിവിന്റെ കേന്ദ്രങ്ങൾ മാത്രമാക്കി ചുരുക്കാതെ ആശയങ്ങൾ സംരംഭങ്ങളായി വളരുന്ന പ്രായോ​ഗിക ഇടങ്ങളാക്കി മാറ്റാനുള്ള ഈ പദ്ധതി സ്ത്രീസൗഹൃദ വികസനത്തിലും പ്രാദേശിക സാമ്പത്തിക വളർച്ചയിലും പുതിയ സാധ്യതകൾ തുറക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-20 06:35:44

ലേഖനം നമ്പർ: 2145

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo