സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഡിജിറ്റൽ സുരക്ഷ സംബന്ധിച്ച പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിനുമായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് ക്ലിക്ക്  (CLICK-Community Led Initiative for Cyber Resilient Keralam) ക്യാമ്പയിൻ നടപ്പാക്കുന്നു. 2027ഓടെ സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ശേഷിയുള്ള സമ്പൂർണ സൈബർ റെസിലിയന്റ് കേരളം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സൈബർ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആക്രമണങ്ങൾ സംഭവിച്ചാൽ വേഗത്തിൽ അതിജീവിച്ച് സാധാരണ നിലയിലേക്ക് മടങ്ങാനും വ്യക്തികൾക്കും സമൂഹത്തിനും സ്ഥാപനങ്ങൾക്കുമുള്ള ശേഷിയാണ് സൈബർ റെസിലിയൻസ്. ഓൺലൈൻ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ ജനങ്ങളെ സജ്ജരാക്കുകയും സൈബർ സുരക്ഷയിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ക്യാമ്പയിൻ പ്രാധാന്യം നൽകുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാവസായിക മേഖല, സാമൂഹിക സംഘടനകൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഏകോപിപ്പിച്ച് സൈബർ സുരക്ഷാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിൽ കേരള പൊലീസിനൊപ്പം പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ക്യാമ്പയിന്റെ ഭാഗമായി ഒരുക്കും.

ഡിജിറ്റൽ ഇടങ്ങളിൽ സമ്പൂർണ സുരക്ഷ ഉറപ്പാക്കുക പ്രായോഗികമല്ലെന്ന തിരിച്ചറിവിൽ സൈബർ ആക്രമണങ്ങൾ നേരിടാനുള്ള മുന്നൊരുക്കത്തിനും അതിജീവനശേഷി വികസിപ്പിക്കുന്നതിനും പദ്ധതി ഊന്നൽ നൽകുന്നു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ ഭയമോ അപമാനഭീതിയോ കാരണം പരാതി നൽകാതിരിക്കുകയോ സഹായം തേടുന്നതിൽ നിന്ന് പിന്തിരിയുകയോ ചെയ്യുന്നത് ഒഴിവാക്കുന്നതിനും ബോധവത്കരണം നടത്തും. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ആവശ്യമായ സഹായം തേടാനും നഷ്ടങ്ങളിൽ നിന്ന് കരകയറാനും വ്യക്തികളെ പ്രാപ്തരാക്കുന്നതിനും നടപടികൾ സ്വീകരിക്കും.

അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി സൈബർ സുരക്ഷയെ പൊതുസമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായി വികസിപ്പിക്കുകയാണ് CLICK ക്യാമ്പയിൻ. സുരക്ഷിതവും ഉത്തരവാദിത്തപൂർണവുമായ ഡിജിറ്റൽ ഇടം ഉറപ്പാക്കുന്നതിനും സൈബർ ഭീഷണികളെ അതിജീവിക്കാൻ ശേഷിയുള്ള സമൂഹം രൂപപ്പെടുത്തുന്നതിനും ഈ സംയോജിത ഇടപെടൽ സഹായകമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-31 09:09:45

ലേഖനം നമ്പർ: 2129

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo