ശബരിമല തീർഥാടനം കൂടുതൽ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഐ.ടി. വിഭാഗം വികസിപ്പിച്ചെടുത്ത ശരൺ (Sabarimala Assistance and Route Advisory Network -SARAN - saran.lsgdpr.in )  ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. ശബരിമലയിലേക്കുള്ള വിവിധ തീർഥാടന പാതകളിലെ ഇടത്താവളങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ വിവരങ്ങൾ, പ്രാദേശിക അറിയിപ്പുകൾ എന്നിവ ഏകജാലക ഡിജിറ്റൽ സംവിധാനത്തിലൂടെ തീർഥാടകർക്ക് ലഭ്യമാക്കുകയാണ് ശരൺ ആപ്പിന്റെ ലക്ഷ്യം. തീർഥാടന മേഖലയിലെ ഡിജിറ്റൽ ഭരണനിർവഹണത്തിനും ജനസൗഹൃദ സേവന വിതരണത്തിനും മാതൃകയാണ് ശരൺ ഡിജിറ്റൽ സംവിധാനം.  

പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാതെ തന്നെ ക്യു.ആർ. (QR) കോഡ് സ്കാൻ ചെയ്ത് മൊബൈൽ ബ്രൗസറിലൂടെ ശരൺ സേവനം നേരിട്ട് ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഫോണിന്റെ ഹോം സ്ക്രീനിൽ ആപ്പ് പോലെ ചേർത്തുവെക്കാനും സാധിക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളിൽ സേവനം ലഭിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കും ഭാഷാപരമായ തടസ്സങ്ങളില്ലാതെ ആവശ്യമായ വിവരങ്ങൾ മനസ്സിലാക്കാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും.

പ്രധാന സവിശേഷതകളും സേവനങ്ങളും 

•    ആപ്പ് ഡൗൺലോഡ് ചെയ്യാതെ ഉപയോഗിക്കാം: പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. ക്യു.ആർ. (QR) കോഡ് സ്കാൻ ചെയ്ത് മൊബൈൽ ബ്രൗസറിലൂടെ നേരിട്ട് ഉപയോഗിക്കാം; ആവശ്യമെങ്കിൽ ഫോണിന്റെ ഹോം സ്ക്രീനിലേക്ക് എളുപ്പത്തിൽ ചേർത്തുവെക്കാനും സാധിക്കും.
•    ആറ് ഭാഷകളിൽ സേവനം: മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളിൽ സേവനം ലഭ്യമായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും തടസ്സങ്ങളില്ലാതെ വിവരങ്ങൾ പ്രയോജനപ്പെടുത്താം.
•    ഇടത്താവളങ്ങൾ കണ്ടെത്തൽ: ഇടത്താവളത്തിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ പേര് നൽകി തിരയാനും, ലൊക്കേഷൻ സൗകര്യം ഉപയോഗിച്ച് തൊട്ടടുത്തുള്ള ഇടത്താവളങ്ങൾ ദൂരക്രമത്തിൽ കണ്ടെത്താനും സാധിക്കും.
•    അടിസ്ഥാന സൗകര്യങ്ങളുടെ മുൻകൂർ വിവരങ്ങൾ: ഓരോ ഇടത്താവളത്തിലെയും ഉൾക്കൊള്ളാവുന്ന ആളുകളുടെ ശേഷി, കുടിവെള്ളം, ശൗചാലയം, കുളിക്കാനുള്ള സൗകര്യം, വാഹന പാർക്കിങ് ശേഷി, മൊബൈൽ ചാർജിങ് പോയിന്റുകൾ, ഫാനുകളും ലൈറ്റുകളും, വോളണ്ടിയർ സേവനം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ എന്നിവ മുൻകൂട്ടി അറിയാൻ കഴിയും.
•    ലൈവ് മാപ്പും നാവിഗേഷനും: ഇടത്താവളങ്ങൾക്ക് പുറമെ സമീപത്തുള്ള ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ, എ.ടി.എം., പെട്രോൾ പമ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവ വിഭാഗം തിരിച്ച് കണ്ടെത്താനും ഗൂഗിൾ മാപ്സ് വഴി ദിശയറിയാനും സൗകര്യമുണ്ട്.
•    പൂജാ സമയവും അറിയിപ്പുകളും: ദിവസേനയുള്ള പൂജാ സമയങ്ങൾ ഹോം സ്ക്രീനിൽ തന്നെ ലഭ്യമാണ്. അന്നദാനം, പ്രത്യേക ബസ് സർവീസുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ അറിയിപ്പുകൾ തീയതിയും സമയവും സഹിതം നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. പ്രസിദ്ധീകരിച്ച് രണ്ട് ദിവസത്തിനുശേഷം ഇവ പൊതുപട്ടികയിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യപ്പെടും.
•    ശുചിത്വ വിലയിരുത്തലും പരാതി പരിഹാരവും: ഇടത്താവളങ്ങളിലെ ശുചിത്വം വിലയിരുത്താനും പരാതികളും പ്രശ്നങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യാനും തീർത്ഥാടകർക്ക് അവസരമുണ്ട്.

ഭരണനിർവഹണവും ഏകോപന സംവിധാനവും

സേവനങ്ങളുടെ ഗുണനിലവാരവും വിവരങ്ങളുടെ കൃത്യതയും ഉറപ്പാക്കുന്നതിനായി ശരൺ ഡിജിറ്റൽ സംവിധാനത്തിൽ ത്രിതല ഭരണനിർവഹണ-ഏകോപന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ തലത്തിലും വ്യക്തമായ ചുമതലകൾ നിശ്ചയിച്ചിട്ടുള്ള ഈ സംവിധാനം വിവരങ്ങളുടെ സമയബന്ധിതമായ പുതുക്കലിനും പരാതികളുടെ കാര്യക്ഷമമായ പരിഹാരത്തിനും ഭരണപരമായ മേൽനോട്ടത്തിനും സഹായിക്കുന്നു.

നോഡൽ ഓഫീസർമാർ: ചുമതലയിലുള്ള ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഹെൽപ്‌ലൈൻ നമ്പറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുതുക്കുക, പ്രാദേശിക അറിയിപ്പുകൾ പ്രസിദ്ധീകരിക്കുക, തീർഥാടകരുടെ പരാതികൾ പരിശോധിച്ച് പരിഹരിക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നു.

ജില്ലാ അഡ്മിനിസ്ട്രേറ്റർമാർ: അതത് ജില്ലകളിലെ ഇടത്താവളങ്ങളുടെ പ്രവർത്തനങ്ങളും ലഭ്യമാക്കുന്ന വിവരങ്ങളും നിരീക്ഷിക്കുകയും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.

പ്രധാന അഡ്മിൻ: വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ നിയന്ത്രിക്കുകയും സംസ്ഥാനതലത്തിൽ ഭരണപരമായ മേൽനോട്ടവും ഏകോപനവും നിർവഹിക്കുകയും ചെയ്യുന്നു. ഈ ത്രിതല സംവിധാനം ഉത്തരവാദിത്തങ്ങൾ വ്യക്തമായി വിഭജിക്കുന്നതിനും വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും സേവനവിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്നു.

 

സാങ്കേതികവിദ്യയുടെ സഹായത്തോടെ തീർഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന ഇടപെടലാണ് ശരൺ ഡിജിറ്റൽ സംവിധാനം. വിവരങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിലൂടെ തീർഥാടകരുടെ യാത്രാ പ്രയാസങ്ങൾ കുറയ്ക്കാനും ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനും പൊതുസേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്താനും ഈ സംവിധാനം സഹായിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-21 09:49:34

ലേഖനം നമ്പർ: 2148

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo