സംസ്ഥാനത്തെ ഭിന്നശേഷി കലാപ്രതിഭകളുടെ സർഗാത്മക കഴിവുകൾക്ക് ആഗോളതലത്തിൽ അംഗീകാരവും കൂടുതൽ അവസരങ്ങളും ഉറപ്പാക്കി ‘റിഥം’ വെർച്വൽ പ്ലാറ്റ്ഫോമിന് തുടക്കമായി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷിക്കാർക്ക് പിന്തുണയും പ്രോത്സാഹനവും നൽകി അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായാണ് റിഥം പ്രവർത്തിക്കുന്നത്. നിലവിലുള്ള സംസ്ഥാനതല ആർട്ട് ട്രൂപ്പായ ‘അനുയാത്ര റിഥ’ത്തിന് പുറമെ എല്ലാ ജില്ലകളിലും പുതിയ ആർട്ട് ട്രൂപ്പുകൾ രൂപീകരിക്കും. ഓരോ ജില്ലയിൽ നിന്നും കണ്ടെത്തുന്ന കലാപ്രതിഭകളുടെ പ്രകടനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കും.
യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപ്രകടനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനൊപ്പം അവയിൽ നിന്നുള്ള മോണിറ്റൈസേഷൻ വരുമാനം പൂർണമായും കലാകാരന്മാർക്ക് ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കലാപ്രകടനങ്ങൾ ഡോക്യുമെന്റ് ചെയ്ത് ഡിജിറ്റൽ ആർക്കൈവായി സംരക്ഷിക്കുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
വെർച്വൽ പ്ലാറ്റ്ഫോമിന് പുറമെ സർക്കാർ പൊതുപരിപാടികളിലും വിവിധ കലാ-സാംസ്കാരിക വേദികളിലും ഭിന്നശേഷി കലാകാരന്മാർക്ക് അവസരങ്ങൾ ലഭ്യമാക്കും. ഇത്തരം വേദികളിൽ നിന്ന് ലഭിക്കുന്ന വരുമാനവും പൂർണമായും കലാകാരന്മാർക്ക് നൽകും. കലാപ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും പ്രതിഭകൾക്ക് തുടർച്ചയായ പിന്തുണ ഉറപ്പാക്കുന്നതിനുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ട്രൂപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തും.
പ്രമുഖരുടെ പങ്കാളിത്തത്തോടെ ആവശ്യമായ പരിശീലനവും തുടർപിന്തുണയും ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഭിന്നശേഷി കലാകാരന്മാരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവയ്ക്ക് അർഹമായ അംഗീകാരവും അവസരങ്ങളും ഉറപ്പാക്കുന്നതിലൂടെ അവരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് വഴിയൊരുക്കുകയാണ് റിഥം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കലാപ്രകടനങ്ങൾക്ക് ഡിജിറ്റൽ വേദിയൊരുക്കുന്നതും വരുമാനസാധ്യതകൾ വികസിപ്പിക്കുന്നതും കലാകാരന്മാരുടെ സ്വയംപര്യാപ്തതയ്ക്ക് സഹായകമാകും.
ഭിന്നശേഷി സൗഹൃദവും എല്ലാവരേയും ഉൾച്ചേർക്കുന്നതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന ഈ സംരംഭം, സംസ്ഥാനത്തെ കലാപ്രതിഭകൾക്ക് കൂടുതൽ ദൃശ്യതയും പുതിയ അവസരങ്ങളും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ സർഗാത്മക സംഭാവനകൾ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനും സഹായകമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-23 09:16:49
ലേഖനം നമ്പർ: 2125