വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ വികസനവും ആഗോള സാങ്കേതിക നിക്ഷേപങ്ങളെ ആകർഷിക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ സാങ്കേതിക മേഖലകൾക്ക് ഏകീകൃത ബ്രാൻഡ് ഐഡന്റിറ്റിയായി ‘ടെക് കേരളം’ (Tech Keralam) അവതരിപ്പിച്ചു. കേരളത്തിന്റെ സാങ്കേതികവിദ്യാ ആവാസവ്യവസ്ഥയെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനും നിക്ഷേപം, ഗവേഷണം, സംരംഭകത്വം, നൈപുണ്യവികസനം എന്നിവയ്ക്ക് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കുന്നതിനുമാണ് ടെക് കേരളം ലക്ഷ്യമിടുന്നത്. ‘Knowledge State. Global Destination’ എന്ന ടാഗ്ലൈനോടെ അവതരിപ്പിച്ച ബ്രാൻഡ്, പരമ്പരാഗത ഐടി സേവനങ്ങൾക്കപ്പുറം വളർന്നുവരുന്ന സാങ്കേതിക മേഖലകളിൽ കേരളത്തിന്റെ ശേഷി പ്രയോജനപ്പെടുത്തുന്നതിനുള്ള വികസനക്കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്.
സാങ്കേതിക മേഖലകളുടെ ഏകോപനം
സംസ്ഥാനത്തെ ടെക്നോളജി പാർക്കുകൾ, സ്റ്റാർട്ടപ്പുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയെ പൊതുവായ ബ്രാൻഡ് ഐഡന്റിറ്റിക്ക് കീഴിൽ ഏകോപിപ്പിക്കാനാണ് ടെക് കേരളത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തി ആഗോള വ്യവസായങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും.
ഭാവി സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ സാങ്കേതികവിദ്യ, ബഹിരാകാശ സാങ്കേതികവിദ്യ, സൈബർ സുരക്ഷ, റോബോട്ടിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ എൻജിനീയറിങ്, ആനിമേഷൻ, ഗെയിമിങ്, എക്സ്റ്റൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകളിൽ നിക്ഷേപവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകൾ സംരംഭം മുന്നോട്ടുവയ്ക്കുന്നു. സാങ്കേതികവിദ്യാ രംഗത്തെ പുതിയ പ്രവണതകൾക്കനുസൃതമായി സംസ്ഥാനത്തിന്റെ വ്യവസായ അടിത്തറ വിപുലീകരിക്കുന്നതിനും നൂതനാശയങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനും ഈ മേഖലകളിലെ വികസനം സഹായകമാകും.
നിക്ഷേപവും തൊഴിലവസരങ്ങളും
ആഗോള നിക്ഷേപം ആകർഷിക്കുക, ഗവേഷണ പങ്കാളിത്തം ശക്തിപ്പെടുത്തുക, സാങ്കേതിക സംരംഭങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുക, ഉയർന്ന നൈപുണ്യം ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ടെക് കേരളത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കേരളത്തിന്റെ സാങ്കേതിക ശേഷികൾ അന്താരാഷ്ട്ര നിക്ഷേപകർക്കും വ്യവസായങ്ങൾക്കും പരിചയപ്പെടുത്തുന്നതിലൂടെ പുതിയ സംരംഭങ്ങൾക്കും വ്യവസായ സഹകരണങ്ങൾക്കും സാധ്യതകൾ വർധിപ്പിക്കാനാകും.
വിദ്യാഭ്യാസം, നൈപുണ്യവികസനം, ഗവേഷണം എന്നിവയിലൂടെ രൂപപ്പെട്ട സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷിയെ വളർന്നുവരുന്ന സാങ്കേതിക മേഖലകളുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സംരംഭം ലക്ഷ്യമിടുന്നു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മലയാളി പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും നിക്ഷേപബന്ധങ്ങളും സംസ്ഥാനത്തിന്റെ സാങ്കേതിക വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും അവസരങ്ങളുണ്ട്.
വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക്
വിദ്യാഭ്യാസം, നൈപുണ്യമുള്ള തൊഴിൽസേന, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതിക പാർക്കുകൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ ആഗോള സാങ്കേതിക ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുകയാണ് ടെക് കേരളത്തിലൂടെ. സാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംരംഭകർ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ വിജ്ഞാനത്തെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയും.
ഏകീകൃത ബ്രാൻഡിങ്ങിനൊപ്പം നിക്ഷേപസാധ്യതകൾ പ്രായോഗികമാക്കുക, ഗവേഷണഫലങ്ങളെ വ്യവസായവികസനവുമായി ബന്ധിപ്പിക്കുക, നൂതന സംരംഭങ്ങൾക്ക് വളർച്ചാസാഹചര്യങ്ങൾ ഒരുക്കുക എന്നിവയും ഈ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിൽ നിർണായകമാണ്. അറിവും നൂതനാശയങ്ങളും സാങ്കേതിക മികവും വികസനത്തിന്റെ ചാലകശക്തികളാക്കി മാറ്റുന്നതിനുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ പുതിയ ചുവടുവയ്പ്പാണ് ടെക് കേരളം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-13 08:51:08
ലേഖനം നമ്പർ: 2119