ആരോഗ്യകരമായ ജീവിതവും ദീർഘായുസ്സും എല്ലാവർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരളം സമഗ്ര ആരോഗ്യപരിപാലനത്തിന്റെ പുതിയ മാതൃക നടപ്പാക്കുന്നു. രോഗം വന്നശേഷം ചികിത്സ നൽകുന്നതിൽ മാത്രം ഒതുങ്ങാതെ രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ഗുണമേന്മയുള്ള ചികിത്സ, ആരോഗ്യകരമായ വാർധക്യം എന്നിവയെ ഏകോപിപ്പിച്ചുള്ള സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ്’ എന്ന പേരിൽ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. ടാസ്ക് ഫോഴ്സിന്റെ ചെയർപേഴ്സണായി മുഖ്യമന്ത്രിയും വൈസ് ചെയർപേഴ്സണായി ആരോഗ്യമന്ത്രിയും പ്രവർത്തിക്കും. ആരോഗ്യരംഗത്തെ വിവിധ മേഖലകളിലെ വിദഗ്ധരാണ് സമിതിയിലെ അംഗങ്ങൾ.
ആരോഗ്യ സംരക്ഷണത്തിന് സമഗ്ര സമീപനം
രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലുപരി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന ആരോഗ്യസംവിധാനമാണ് ടാസ്ക് ഫോഴ്സിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലി, പ്രായാധിക്യം, രോഗങ്ങളുടെ വർധന, ആരോഗ്യസേവനങ്ങളുടെ ലഭ്യത തുടങ്ങിയ വിവിധ ഘടകങ്ങൾ സമിതി സമഗ്രമായി പരിശോധിക്കും.
രോഗപ്രതിരോധത്തിനും സമയബന്ധിതമായ ആരോഗ്യ പരിശോധനകൾക്കും ആവശ്യമായ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സമിതി തയ്യാറാക്കും. വ്യക്തിയുടെ ആരോഗ്യ ആവശ്യങ്ങൾ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കൃത്യമായി തിരിച്ചറിഞ്ഞ് ഇടപെടാൻ കഴിയുന്ന സംവിധാനത്തിനാണ് ഇതിലൂടെ പ്രാധാന്യം നൽകുന്നത്.
ആധുനികവും പരമ്പരാഗതവുമായ ചികിത്സാരീതികളുടെ സാധ്യതകൾ
ആരോഗ്യസംരക്ഷണ രംഗത്ത് ലഭ്യമായ വിവിധ അറിവുകളും ചികിത്സാ സംവിധാനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളും ടാസ്ക് ഫോഴ്സ് പരിശോധിക്കും. ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികളുടെ സാധ്യതകളും പരിഗണിക്കും.
വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ ഘട്ടങ്ങളിൽ ആരോഗ്യസേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമായി ഡിജിറ്റൽ ആരോഗ്യസംവിധാനം വികസിപ്പിക്കുന്നതും പദ്ധതിയുടെ പ്രധാന പരിഗണനകളിലൊന്നാണ്.
മൂന്ന് വർഷത്തെ കർമപദ്ധതിക്ക് രൂപരേഖ
ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം ചേർന്ന് രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികൾ, അടുത്ത മൂന്ന് വർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമപദ്ധതി, ആവശ്യമായ ചെലവ്, ധനസമാഹരണ സാധ്യതകൾ എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും വിവിധ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കും. ആരോഗ്യരംഗത്തെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൂടുതൽ ഫലപ്രദമായ ആരോഗ്യപരിപാലന സംവിധാനത്തിലേക്ക് നീങ്ങുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യകരമായ വാർധക്യത്തിന് പ്രത്യേക പരിഗണന
സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ വാർധക്യത്തിനും പ്രത്യേക പരിഗണന നൽകും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടർച്ചയായാണ് ആരോഗ്യ, വെൽനെസ്, ലോങ്ജിവിറ്റി മേഖലകളെ ഏകോപിപ്പിച്ചുള്ള ടാസ്ക് ഫോഴ്സ് രൂപീകരണം. ആരോഗ്യപരിപാലനത്തിന്റെ കേന്ദ്രബിന്ദുവായി ‘രോഗം വന്നശേഷമുള്ള ചികിത്സ’ എന്ന സമീപനത്തിൽ നിന്ന് ‘രോഗം വരാതിരിക്കാനുള്ള മുൻകരുതൽ’ എന്ന സമീപനത്തിലേക്ക് മാറുക എന്ന ആശയമാണ് പദ്ധതിയിലൂടെ പ്രവർത്തികമാകുന്നത്. ഓരോ വ്യക്തിക്കും ആരോഗ്യകരമായ ജീവിതം നയിക്കാൻ ആവശ്യമായ പിന്തുണയും സേവനങ്ങളും ഉറപ്പാക്കുന്ന നൂതന സംവിധാനങ്ങളിലൂടെ ആരോഗ്യരംഗത്ത് ദീർഘകാല മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-08 09:30:49
ലേഖനം നമ്പർ: 2114