സംസ്ഥാനത്തെ വയോജന ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരുടെ സാമൂഹികവും മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം തലമുറകൾ തമ്മിലുള്ള ബന്ധവും സാമൂഹിക പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായി ‘ഓണർ എ ഹോം’ (Honor a Home) പദ്ധതിയുമായി മുതിർന്ന പൗരന്മാരുടെ വകുപ്പ്. തലമുറകൾ തമ്മിലുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതി – ’Generations Together’ന്റെ ഭാഗമായി 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓണർ എ ഹോം- (Honor a Home)
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സായംപ്രഭ ഹോമുകളും സർക്കാർ വയോജന ഭവനങ്ങളും തൊട്ടടുത്തുള്ള സ്കൂളുകൾ, കോളേജുകൾ, എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, യുവജന ക്ലബ്ബുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് ദീർഘകാല സാമൂഹിക പങ്കാളിത്തം രൂപപ്പെടുത്തുന്നതാണ് പദ്ധതി.
മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളിൽ വയോജനങ്ങൾക്ക് ആവശ്യമായ കരുതലും പിന്തുണയും ഉറപ്പാക്കുകയും അവരെ സമൂഹത്തിന്റെ സജീവ ഭാഗമാക്കി നിലനിർത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വയോജന സംരക്ഷണത്തെ കേവലം സ്ഥാപനാധിഷ്ഠിത പരിചരണത്തിൽ പരിമിതപ്പെടുത്താതെ, സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കുന്ന സമഗ്ര സമീപനമാണ് പദ്ധതി സ്വീകരിക്കുന്നത്.
തദ്ദേശീയ തലത്തിൽ സ്ഥാപനങ്ങളെ പരസ്പരം മാപ്പ് ചെയ്ത് ആവശ്യമായ ഏകോപനം ഉറപ്പാക്കും. ഇതിലൂടെ വയോജന ഭവനങ്ങളിലെത്തുന്ന യുവതലമുറയുടെ നിരന്തര സാന്നിധ്യവും ഇടപെടലും ഉറപ്പാക്കുന്നതിനൊപ്പം മുതിർന്നവരുടെ സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കുന്നതിനും അവരുടെ മാനസികവും വൈകാരികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സാധിക്കും.
ഒരു വിദ്യാർത്ഥി ഒരു വയോജന സുഹൃത്ത്
പദ്ധതിയുടെ ശ്രദ്ധേയമായ ഇടപെടലുകളിലൊന്ന് ‘ഒരു വിദ്യാർത്ഥി ഒരു വയോജന സുഹൃത്ത്’ എന്ന ആശയമാണ്. വിദ്യാർത്ഥികളും വയോജനങ്ങളും തമ്മിൽ സ്ഥിരമായ സൗഹൃദബന്ധം രൂപപ്പെടുത്തുന്നതിലൂടെ തലമുറകൾ തമ്മിലുള്ള ആശയവിനിമയത്തിനും അനുഭവപങ്കിടലിനും അവസരമൊരുങ്ങും. പ്രതിമാസ സന്ദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, വായനാ കൂട്ടായ്മകൾ, കായിക-വിനോദ പ്രവർത്തനങ്ങൾ, ഉത്സവാഘോഷങ്ങൾ, ജന്മദിനാഘോഷങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സംയുക്തമായി സംഘടിപ്പിക്കും. വയോജനങ്ങളുമായി സംവദിച്ച് അവരുടെ ജീവിതാനുഭവങ്ങളും ഓർമകളും വിദ്യാർത്ഥികൾ രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. മുതിർന്ന തലമുറയുടെ അറിവും അനുഭവസമ്പത്തും പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദിയായും പദ്ധതി മാറും.
ഡിജിറ്റൽ സാക്ഷരതയിലൂടെ സ്വയംപര്യാപ്തത
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സാഹചര്യത്തിൽ വയോജനങ്ങളുടെ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിനും പദ്ധതിയിൽ പ്രത്യേക പരിഗണന നൽകുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ, സ്മാർട്ട്ഫോൺ, യു.പി.ഐ, വിവിധ ഓൺലൈൻ സേവനങ്ങൾ, വീഡിയോ കോൾ തുടങ്ങിയവ സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കുന്നതിനുള്ള പരിശീലനം മുതിർന്നവർക്ക് നൽകും. ഡിജിറ്റൽ സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കുന്നതിനുള്ള ആത്മവിശ്വാസം വളർത്തുന്നതിലൂടെ വയോജനങ്ങളുടെ സ്വയംപര്യാപ്തത വർധിപ്പിക്കാനും ദൈനംദിന സേവനങ്ങളിലേക്കുള്ള അവരുടെ പ്രവേശനം കൂടുതൽ സുഗമമാക്കാനും സാധിക്കും.
വയോജന ക്ഷേമം കൂടുതൽ വിപുലമായ സാമൂഹിക ഇടപെടലുകളുമായി ബന്ധിപ്പിക്കുന്നതിനായി ലൈബ്രറി വികസനം, പരിസ്ഥിതി പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വിദ്യാർത്ഥികളും യുവജനങ്ങളും പൊതുസമൂഹവും വയോജന സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നതിലൂടെ കരുതലിന്റെയും സഹകരണത്തിന്റെയും സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കും.
വയോജനങ്ങളെ സംരക്ഷണത്തിന്റെ മാത്രം ഗുണഭോക്താക്കളായി കാണാതെ, അവരുടെ അറിവും അനുഭവങ്ങളും സമൂഹത്തിന്റെ വിഭവമായി പരിഗണിക്കുന്ന സമീപനമാണ് ‘ഓണർ എ ഹോം’ മുന്നോട്ടുവയ്ക്കുന്നത്. തലമുറകൾ തമ്മിലുള്ള അകലം കുറച്ച് പരസ്പര ബഹുമാനവും സഹകരണവും വളർത്തിയെടുക്കുന്നതിലൂടെ കൂടുതൽ ഉൾച്ചേർന്നതും കരുതലുള്ളതുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലായി പദ്ധതി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-08 07:13:07
ലേഖനം നമ്പർ: 2111