ഡിജിറ്റൽ സാങ്കേതികവിദ്യയും ഓൺലൈൻ സേവനങ്ങളും ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സാഹചര്യത്തിൽ, സൈബർ സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ അറിവും ജാഗ്രതയും ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന തലത്തിൽ സമഗ്ര ബോധവൽക്കരണ ക്യാമ്പയിനുമായി കേരളം. ഫിഷിംഗ്, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ഭീഷണിപ്പെടുത്തൽ, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, തെറ്റായ വിവരങ്ങളുടെ പ്രചാരണം തുടങ്ങിയ സൈബർ ഭീഷണികളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഐടി മിഷൻ, ഐസിടി അക്കാദമി, സി-ഡിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘സൈബർ ജാഗ്രത – സേഫ് ടെക് (SafeTech) ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു.

2026–27 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തുടനീളം സാധാരണക്കാർ, വിദ്യാർഥികൾ, യുവജനങ്ങൾ, മുതിർന്ന പൗരന്മാർ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള ഏകദേശം രണ്ട് ലക്ഷം പേരിലേക്ക് സൈബർ സുരക്ഷാ അവബോധം എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക അറിവ് ഓരോ പൗരനിലേക്കും എത്തിക്കുന്നതിനാണ് ക്യാമ്പയിൻ മുൻഗണന നൽകുന്നത്.

തദ്ദേശതലം മുതൽ സംസ്ഥാനതലം വരെയുള്ള ജനകീയ ഇടപെടൽ

സൈബർ സുരക്ഷാ അവബോധം ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, അക്ഷയ കേന്ദ്രങ്ങൾ, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. വിവിധ സർക്കാർ സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും സൈബർ സുരക്ഷാ സന്ദേശങ്ങൾ എത്തിക്കും.

സ്‌കൂളുകൾ, കോളേജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സേഫ് ടെക് ക്ലബ്ബുകൾ രൂപീകരിക്കും. സൈബർ സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഒരുതവണത്തെ പരിപാടിയായി പരിമിതപ്പെടുത്താതെ, തുടർച്ചയായ പ്രാദേശിക പ്രവർത്തനങ്ങളാക്കി മാറ്റുന്നതിനുള്ള സ്ഥിരം സംവിധാനങ്ങളായാണ് ക്ലബ്ബുകൾ വികസിപ്പിക്കുക.

ജനപങ്കാളിത്തത്തിലൂടെ സൈബർ സുരക്ഷാ ശൃംഖല

സൈബർ സുരക്ഷയിൽ താൽപര്യവും സാമൂഹിക ഇടപെടലിനുള്ള സന്നദ്ധതയുമുള്ള വിവിധ മേഖലകളിലെ വ്യക്തികളെ സൈബർ സുരക്ഷാ അംബാസഡർമാരായി കണ്ടെത്തും. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസ്റ്റർ ട്രെയിനർ പരിശീലനം നൽകുകയും, പരിശീലനം നേടിയവരുടെ നേതൃത്വത്തിൽ കൂടുതൽ ജനങ്ങളിലേക്ക് സൈബർ സുരക്ഷാ അറിവ് വ്യാപിപ്പിക്കുകയും ചെയ്യും.

സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗം, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും തിരിച്ചറിയൽ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സ്വയം സംരക്ഷിക്കൽ, സൈബർ ഭീഷണികളെ നേരിടുന്നതിനുള്ള മുൻകരുതലുകൾ, തെറ്റായ വിവരങ്ങൾ തിരിച്ചറിയൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക ബോധവൽക്കരണം നൽകും.

ഡിജിറ്റൽ സേവനങ്ങളുടെ പ്രയോജനം എല്ലാവർക്കും സുരക്ഷിതമായി ലഭ്യമാക്കുന്നതിനൊപ്പം, ‘സുരക്ഷിത ഡിജിറ്റൽ പൗരൻ’ എന്ന ആശയം ശക്തിപ്പെടുത്താനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയുടെ സാധ്യതകൾ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്താനും സൈബർ ഭീഷണികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ഓരോ പൗരനെയും പ്രാപ്തരാക്കുന്ന ജനകീയ ഇടപെടലായി സൈബർ ജാഗ്രത ക്യാമ്പയിൻ മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-05 11:19:16

ലേഖനം നമ്പർ: 2107

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo