ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസരംഗത്ത് തുല്യതയും അവസരസമത്വവും ഉറപ്പാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ എന്റിച്ച്‌മെന്റ് സമഗ്ര പദ്ധതി നടപ്പാക്കുന്നു. ഗോത്ര മേഖലകൾ, തീരദേശങ്ങൾ, തോട്ടം മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള പൊതുവിദ്യാലയ വിദ്യാർത്ഥികളുടെ അക്കാദമിക ശാക്തീകരണവും സമഗ്രവികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഭൂമിശാസ്ത്രപരമായ പരിമിതികൾ, സാമൂഹിക സാഹചര്യങ്ങൾ, മാനസിക സംഘർഷങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ പഠനരംഗത്ത് പിന്നാക്കം പോകുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന പിന്തുണ ഉറപ്പാക്കി അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ പദ്ധതിയിലൂടെ സാധിക്കും.  മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസവും സമഗ്ര ഉന്നമനവും പദ്ധതിയുടെ പ്രധാന പരിഗണനകളിലൊന്നാണ്.

2026–27 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ 445 സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ വ്യക്തിത്വവികസനത്തിനും നൈപുണി വികസനത്തിനും ഉപരിപഠന-കരിയർ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ ഇടപെടലുകളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, പ്രത്യേക പഠന പിന്തുണ, റസിഡൻഷ്യൽ ക്യാമ്പുകൾ, നൈപുണി വികസന ശില്പശാലകൾ, പഠനയാത്രകൾ തുടങ്ങിയ അക്കാദമികവും അനുബന്ധവുമായ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഭൗതിക പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ഇടപെടലുകൾക്കൊപ്പം രക്ഷിതാക്കൾക്കായി ബോധവത്കരണ പരിപാടികളും നടപ്പാക്കും.

കൂടാതെ പ്രാദേശിക സാഹചര്യങ്ങൾക്കും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ പഠനപ്രക്രിയയെ കൂടുതൽ ഫലപ്രദമാക്കുന്നതിനും പദ്ധതി സഹായകമാകും. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനൊപ്പം പഠനത്തിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കാനും ഉപരിപഠനത്തിനും തൊഴിൽ മേഖലയിലേക്കുള്ള പ്രവേശനത്തിനും ആവശ്യമായ പിന്തുണ നൽകാനും സ്‌പെഷ്യൽ എന്റിച്ച്‌മെന്റ് പദ്ധതി ശ്രദ്ധ നൽകും. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലെ കുട്ടികൾക്ക് തുല്യമായ പഠനാവസരങ്ങൾ ഉറപ്പാക്കി അക്കാദമിക മികവിലേക്കും സമഗ്രവികസനത്തിലേക്കും അവരെ കൈപിടിച്ചുയർത്തുന്നതിനുള്ള സമ​ഗ്ര ഇടപെടലാണ് സ്‌പെഷ്യൽ എന്റിച്ച്‌മെന്റ് പദ്ധതി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-01 05:49:29

ലേഖനം നമ്പർ: 2101

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo