തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസംവിധാനങ്ങളെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 1,200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റുകൾ നിലവിൽ വന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് പ്രതികരണം രേഖപ്പെടുത്തുന്നതിനുള്ള ക്യുആർ കോഡ് അധിഷ്ഠിത സിറ്റിസൺ ഫീഡ്ബാക്ക് സംവിധാനത്തിനും തുടക്കമായി.

സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കിയ ഈ ഡിജിറ്റൽ സംവിധാനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളെയും ജനങ്ങളെയും കൂടുതൽ അടുത്ത് ബന്ധിപ്പിക്കുന്ന പുതിയ ഇടപെടലാണ്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ജനപങ്കാളിത്തവും ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയ്ക്കാണ് ഔദ്യോഗിക വെബ്സൈറ്റുകൾ സജ്ജമായത്. ഓരോ തദ്ദേശസ്ഥാപനത്തിന്റെയും സ്ഥാപന പ്രൊഫൈൽ, ഭരണപരമായ വിവരങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൗരസേവനങ്ങൾ, വികസന പദ്ധതികൾ, ബജറ്റ്, തീരുമാനങ്ങൾ, അറിയിപ്പുകൾ, റിപ്പോർട്ടുകൾ, ടെൻഡറുകൾ തുടങ്ങിയ വിവരങ്ങൾ ഏകീകൃതവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.

പ്രാദേശിക ഭരണവിവരങ്ങൾക്കപ്പുറം ഓരോ പ്രദേശത്തിന്റെയും ചരിത്രം, സംസ്കാരം, പൈതൃകം, വിനോദസഞ്ചാര സാധ്യതകൾ, പ്രകൃതിവിഭവങ്ങൾ, വികസന പ്രവർത്തനങ്ങൾ, വിവിധ മേഖലകളിലെ നേട്ടങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഡിജിറ്റൽ വേദിയായും വെബ്സൈറ്റുകൾ പ്രവർത്തിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വികസന ഇടപെടലുകളും കൂടുതൽ സുതാര്യമായി പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്നതിനും ഇത് സഹായകമാകും.

ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പൗരന്മാരുടെ പ്രവേശനം കൂടുതൽ സുഗമമാക്കുന്നതിനും വെബ്സൈറ്റുകൾ വഴിയൊരുക്കുന്നു. K-SMART ഉൾപ്പെടെയുള്ള സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുമായുള്ള സംയോജനത്തിലൂടെ സർട്ടിഫിക്കറ്റുകൾ, വസ്തുനികുതി, കെട്ടിടവുമായി ബന്ധപ്പെട്ട സേവനങ്ങൾ, ലൈസൻസുകൾ, ഓൺലൈൻ പണമടയ്ക്കൽ, അപേക്ഷകൾ, പരാതിപരിഹാരം തുടങ്ങിയ വിവിധ സേവനങ്ങളിലേക്ക് പൊതുജനങ്ങൾക്ക് വേഗത്തിലും സൗകര്യപ്രദമായും പ്രവേശിക്കാനാകും.

സേവന ഗുണനിലവാരം വിലയിരുത്താൻ സിറ്റിസൺ ഫീഡ് ബാക്ക് സംവിധാനം

തദ്ദേശസ്ഥാപനങ്ങളിലെ സേവനവിതരണത്തിന്റെ ഗുണനിലവാരം നിരന്തരം വിലയിരുത്തുന്നതിനും ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടപ്പാക്കുന്നതിനും ക്യുആർ കോഡ് അധിഷ്ഠിത പൗരപ്രതികരണ സംവിധാനം സഹായിക്കും. തദ്ദേശസ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫീസുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യുആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താം.

ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും, ആവശ്യമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെയും മാർഗനിർദേശങ്ങളുടെയും ലഭ്യത, സേവനം ലഭിക്കുന്നതിനുള്ള നടപടിക്രമം, കാത്തിരിപ്പ് സമയം, ഓഫീസിലെ കാത്തിരിപ്പ് സ്ഥലം, ഇരിപ്പിട സൗകര്യം, ശുചിമുറികളുടെ ശുചിത്വം എന്നിവ സംബന്ധിച്ചും പ്രതികരണം രേഖപ്പെടുത്താം. ഫെസിലിറ്റേഷൻ സെന്ററുകളിൽ ആവശ്യമായ ഫോമുകൾ, സ്റ്റേഷനറി, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും പ്രാപ്യതയും വിലയിരുത്തുന്നതിനും സംവിധാനത്തിലൂടെ അവസരമുണ്ടാകും.

പൗരന്മാരിൽ നിന്നുള്ള പ്രതികരണങ്ങൾ സേവനവിതരണത്തിന്റെ നിലവാരം വിലയിരുത്തുന്നതിനും ആവശ്യമായ ഭരണപരമായ ഇടപെടലുകൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള പ്രധാന ഉപാധിയായി മാറും. ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രേഡിംഗ് നടത്തുകയും അത് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും.

ജനങ്ങളുടെ അഭിപ്രായം ഭരണസംവിധാനത്തിന്റെ തുടർച്ചയായ മെച്ചപ്പെടുത്തലിന് ഉപയോഗപ്പെടുത്തുന്ന ഈ സംവിധാനം പൗരകേന്ദ്രീകൃത സേവനവിതരണത്തിനും ഉത്തരവാദിത്വമുള്ള തദ്ദേശഭരണത്തിലേക്കുമുള്ള നിർണായക ചുവടുവയ്പ്പാണ്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ്‌ 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-05 10:58:47

ലേഖനം നമ്പർ: 2106

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo