കേരളത്തിന്റെ പ്രകൃതിസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സർക്കാർ നൂതന ഇക്കോ-ടൂറിസം പദ്ധതികൾ നടപ്പാക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ‘പ്രീമിയം ബയോഡൈവേഴ്‌സിറ്റി എക്‌സ്പീരിയൻസ്’ എന്ന ആശയത്തിന്റെ ഭാഗമായി ഷോല വർക്കേഷൻ, ആത്മ, പ്രീമിയം പോഡ് സ്റ്റേ, ട്രാവൽ ടുഡേ പേ ടുമോറോ,ഇക്കോ ഗൈഡ് പരിശീലനം തുടങ്ങിയ പദ്ധതികൾക്ക് തുടക്കമിട്ടു.
വനമേഖലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനൊപ്പം പ്രകൃതിയോട് ഇണങ്ങുന്ന ഉത്തരവാദിത്ത ടൂറിസം മാതൃകകൾ വികസിപ്പിക്കുകയാണ് വനം വകുപ്പും കേരള വനവികസന കോർപറേഷനും ലക്ഷ്യമിടുന്നത്. പ്രകൃതിസംരക്ഷണം, പ്രാദേശിക ഉപജീവനം, വിനോദസഞ്ചാര വികസനം എന്നിവയെ സമന്വയിപ്പിച്ചുള്ള സുസ്ഥിര സമീപനമാണ് പദ്ധതികളിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ഷോല വർക്കേഷൻ
കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ വർക്കേഷൻ ആശയം നടപ്പാക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന വർക്കേഷൻ സൗകര്യങ്ങൾ ഗവിയിലും സൂര്യനെല്ലിയിലും ഒരുക്കുന്നതാണ് 'SHOLA' (Seek-Hike-Observe-Lodge-Absorb) പദ്ധതി. പ്രൊഫഷണലുകൾക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യത്തോടെ ജോലി ചെയ്യാനും ജോലിയ്ക്ക് ശേഷം പ്രകൃതിയിലേക്ക് ഇറങ്ങി മഴക്കാടുകളും മൂടൽമഞ്ഞും അനുഭവിക്കാനുമുള്ള അവസരം പദ്ധതി നൽകുന്നു. തൊഴിൽ സൗകര്യങ്ങളും വനാനുഭവവും ഒരുമിച്ച് പ്രദാനം ചെയ്യുന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ആത്മ ബ്രാൻഡ്
കേരള വനവികസന കോർപറേഷന്റെ തോട്ടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന തേയിലയും കാപ്പിയും വിപണനം ചെയ്യുന്ന ബ്രാൻഡാണ് 'ആത്മ'. ആത്മ തേയില, ആത്മ കാപ്പി എന്നിവ കേരളത്തിലെ വനമേഖലകളിലെ തനത് ഉൽപ്പന്നങ്ങളാണ്. ഭൂപ്രകൃതിയുടെ സവിശേഷതയും ഉൽപാദനത്തിന്റെ ഉത്തരവാദിത്തവും ആത്മ ബ്രാൻഡിനെ വേറിട്ട് നിർത്തുന്നു.
പ്രീമിയം പോഡ് സ്റ്റേ
പ്രീമിയം പോഡ് സ്റ്റേ പദ്ധതി ഇടുക്കി ജില്ലയിലെ വാഗമണ്ണിലാണ് ആരംഭിക്കുന്നത്. പുൽമേടുകൾക്കും ശാന്തമായ തടാകക്കരയിലുമായി നിർമ്മിച്ചിരിക്കുന്ന ഒതുങ്ങിയ താമസ സൗകര്യമാണ് പോഡ് സ്റ്റേ. സ്വകാര്യതയേറിയ മിനി മുറികളോ ക്യാപ്സൂളുകളോ ആയിരിക്കും ഇവ. നാല് പോഡുകളുടെ നിർമാണം ഡിസംബറിൽ പൂർത്തീകരിക്കും.
ട്രാവൽ ടുഡേ പേ ടുമോറോ
തവണ വ്യവസ്ഥയിൽ വിനോദയാത്രകൾ സാധ്യമാക്കുന്ന ‘ട്രാവൽ ടുഡേ പേ ടുമോറോ’ പദ്ധതി വിനോദസഞ്ചാരത്തെ കൂടുതൽ ജനകീയവും പ്രാപ്യവുമാക്കുന്നതിനുള്ള പുതിയ മാതൃകയാണ്. കേരളത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചെലവ് ഘട്ടംഘട്ടമായി വഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ കൂടുതൽ പേർക്ക് യാത്രാനുഭവം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യാത്രാ മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദസഞ്ചാര പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും.
ഇക്കോ ഗൈഡ് പരിശീലനം
പ്രകൃതി അധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും പരിശീലനം ലഭിച്ച പ്രൊഫഷണൽ ഗൈഡുകളുടെ സേവനം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയാണ് ‘ഇക്കോ ഗൈഡ്’. സന്ദർശകർക്ക് പ്രകൃതിയെയും പ്രാദേശിക പരിസ്ഥിതിയെയും ആഴത്തിൽ മനസ്സിലാക്കുന്നതിനൊപ്പം സുരക്ഷിതവും ഉത്തരവാദിത്തപൂർവവുമായ യാത്രാനുഭവം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ, ഗൈഡുകളുടെ പ്രൊഫഷണൽ നിലവാരം വിലയിരുത്തുന്നതിനും മികവിനനുസരിച്ച് അംഗീകാരം നൽകുന്നതിനുമായി ബാഡ്ജ് പ്രോഗ്രാം നടപ്പാക്കുന്നു. വെള്ളി, സ്വർണ്ണം, പ്ലാറ്റിനം എന്നീ റേറ്റിംഗുകളിലൂടെ ഗൈഡുകൾക്ക് അവരുടെ പ്രൊഫഷണൽ മികവ് ഉയർത്തുന്നതിനും വളർച്ചയ്ക്കും അവസരം ഒരുക്കുന്നു.
എക്കോടൂറിസം കേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനമായ പോഡുകൾ കേരളത്തിന്റെ സാഹചര്യങ്ങൾക്ക് ഏറെ അനുകൂലമാണ്. മൂല്യവർധന ഉറപ്പാക്കി കേരളത്തിന്റെ പ്രത്യേകതയാർന്ന ഉൽപ്പന്നങ്ങൾ കൂടുതലായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. കേരള വനവികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ചന്ദനത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ 'കളഭം' എന്ന ബ്രാൻഡായി പുറത്തിറക്കും.
വനാതിർത്തി പ്രദേശങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം സമീപകാലത്ത് ഗണ്യമായി വർധിച്ചിട്ടുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രാദേശിക സമൂഹങ്ങൾക്ക് കൂടുതൽ തൊഴിൽ–ഉപജീവന അവസരങ്ങൾ ഒരുക്കുന്നതിനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് പിന്തുണ നൽകുന്നതിനും പദ്ധതികൾക്ക് കഴിയും. പ്രകൃതിസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആധുനിക സൗകര്യങ്ങളും മികച്ച വിനോദസഞ്ചാര അനുഭവങ്ങളും ഒരുക്കുന്ന ഇത്തരം ഇടപെടലുകൾ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കും. പ്രകൃതിയെയും പ്രാദേശിക സമൂഹങ്ങളെയും ചേർത്തുനിർത്തുന്ന ഈ സമീപനം കേരളത്തിന്റെ ടൂറിസം വളർച്ചയ്ക്ക് കൂടുതൽ കരുത്തേകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-05 10:47:48
ലേഖനം നമ്പർ: 2104