ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങളും സൗകര്യങ്ങളും ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനുമായി ശബരി പോർട്ടൽ സജ്ജമായി. sabariportaldcpta.in എന്ന പോർട്ടലിലൂടെ വെർച്വൽ ക്യൂ ബുക്കിങ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാകും. തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കുന്നതിനൊപ്പം വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാനും പോർട്ടലിലൂടെ സാധിക്കും. 

തീർത്ഥാടകർക്ക് വിവിധ ഓഫീസുകളെയും വകുപ്പുകളെയും നേരിട്ട് സമീപിക്കാതെ ആവശ്യമായ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുകയാണ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നേരിട്ട് കൈമാറുന്നതിനും അവയുടെ തുടർനടപടികൾ നിരീക്ഷിക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾക്കൊപ്പം വിപുലമായ ഭരണനിർവഹണ ഡാഷ്ബോർഡും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാണാതായവരെ കണ്ടെത്താനും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും സംവിധാനം

തീർത്ഥാടനകാലത്തെ തിരക്കിനിടെ കൂട്ടംതെറ്റിപ്പോകുന്നവരെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട സാധനങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനും പോർട്ടലിൽ പ്രത്യേക സൗകര്യമുണ്ട്. ഒരാളെ കാണാതായാൽ പോർട്ടലിലൂടെ വിവരം റിപ്പോർട്ട് ചെയ്യാം. പരാതികൾ സ്വയം പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി പരാതിക്കാരന് വാട്സാപ്പ് സന്ദേശങ്ങളിലൂടെ അറിയാനാകും.

കുട്ടികൾ, മുതിർന്നവർ ഉൾപ്പെടെയുള്ള തീർത്ഥാടകരെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വീണ്ടെടുക്കുന്നതിനും ഈ സംവിധാനം സഹായിക്കും. കളഞ്ഞുകിട്ടിയ വസ്തുക്കളെക്കുറിച്ചും വിവരം നൽകാം. പരാതിക്കൊപ്പം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനും തുടർനടപടികൾ ഡിജിറ്റലായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്.

ശബരി മാപ്പിലൂടെ സേവനകേന്ദ്രങ്ങൾ കണ്ടെത്താം

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, മെഡിക്കൽ സഹായകേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സേവനകേന്ദ്രങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങിയവയുടെ സ്ഥാനം ശബരി മാപ്പിലൂടെ കണ്ടെത്താം. മൊബൈൽ ലൊക്കേഷൻ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള സൗകര്യങ്ങൾ തിരിച്ചറിയുന്നതിനും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവിടേക്കുള്ള വഴി കണ്ടെത്തുന്നതിനും കഴിയും. 

ദർശനത്തിനുള്ള കാത്തിരിപ്പ് സമയം, ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരുടെ എണ്ണം, പൂജാസമയങ്ങൾ, ദർശന ഷെഡ്യൂൾ, പമ്പ ത്രിവേണി സ്നാനഘട്ടത്തിലെ ജലനിരപ്പ്, സ്നാനഘട്ടത്തിന്റെ പ്രവർത്തനനില എന്നിവയും പോർട്ടലിൽ ലഭ്യമാകും. ഔദ്യോഗിക അറിയിപ്പുകൾ, മുന്നറിയിപ്പുകൾ, തീർത്ഥാടകർ പാലിക്കേണ്ട നിർദേശങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ട്രെക്കിങ് പാതകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബസ്, ട്രെയിൻ, ആരോഗ്യസേവന വിവരങ്ങൾ ഏകജാലക സംവിധാനത്തിൽ

കെ.എസ്.ആർ.ടി.സി സംവിധാനവുമായി സാങ്കേതികമായി സംയോജിപ്പിച്ചിട്ടുള്ള പോർട്ടലിൽ പമ്പയിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ, നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകൾ, ശബരിമല സ്പെഷ്യൽ സർവീസുകൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും. അടുത്ത അരമണിക്കൂറിലും ഒരു മണിക്കൂറിലും ലഭ്യമായ ബസ് സർവീസുകൾ തിരിച്ചറിയുന്നതിനും ടിക്കറ്റ് ബുക്കിങ്ങിനായി കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലേക്ക് പ്രവേശിക്കുന്നതിനും സൗകര്യമുണ്ട്.

ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവയും ലഭ്യമാകും. ആശുപത്രി വിവരങ്ങളിൽ ക്ലിക്ക് ചെയ്ത് നേരിട്ട് ബന്ധപ്പെടാം. താമസസൗകര്യങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പോർട്ടലിലൂടെ അറിയാം.

അമിതവില ഈടാക്കിയാൽ ഓൺലൈനായി പരാതി നൽകാം

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കടകളിൽ വിലനിയന്ത്രണം ഉറപ്പാക്കുന്നതിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ സാധനങ്ങളുടെ ഔദ്യോഗിക വിലവിവരങ്ങൾ പല ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്. 'ചെക്ക് മൈ ബിൽ' സംവിധാനത്തിലൂടെ വാങ്ങിയ സാധനങ്ങളുടെ വില പരിശോധിക്കാം. അധികവില ഈടാക്കുകയോ ബിൽ നൽകാതിരിക്കുകയോ ചെയ്താൽ കടയുടെ വിവരങ്ങളും ബില്ലും ഉൾപ്പെടുത്തി പരാതി സമർപ്പിക്കാം.

ശുചിത്വം, പൊതു ശൗചാലയങ്ങൾ, കെ.എസ്.ആർ.ടി.സി, ദേവസ്വം ബോർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും പോർട്ടലിലൂടെ അറിയിക്കാം. പരാതികൾ ബന്ധപ്പെട്ട കൺട്രോൾ റൂമുകളിലേക്കും പരിശോധനാ സ്ക്വാഡുകളിലേക്കും കൈമാറും. തുടർനടപടികളുടെ വിവരങ്ങൾ വാട്സാപ്പിലൂടെ പരാതിക്കാരന് ലഭിക്കും. 112, 1077, 108, 100, 101 എന്നീ അടിയന്തര സേവന നമ്പറുകളിലേക്ക് പോർട്ടലിൽ നിന്ന് നേരിട്ട് വിളിക്കാനും സൗകര്യമുണ്ട്.

വാട്സാപ്പ് ചാറ്റ്ബോട്ടിലൂടെ വിവരങ്ങൾ ലഭ്യമാകും

ശബരി ചാറ്റ്ബോട്ടിന്റെ സഹായത്തോടെ വാട്സാപ്പിലൂടെ ആവശ്യമായ വിവരങ്ങൾ തേടാം. യാത്ര, ഗതാഗതം, താമസം, ആരോഗ്യസേവനങ്ങൾ, ദർശനം, അടിയന്തര സഹായം തുടങ്ങിയ വിഷയങ്ങളിൽ സംവാദരീതിയിൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാരുടെ ഡ്യൂട്ടി, ഹാജർ, പ്രവർത്തന റിപ്പോർട്ടുകൾ ഡിജിറ്റലായി

തീർത്ഥാടനവുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിപുലമായ ഡാഷ്ബോർഡും സജ്ജമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽ നിന്ന് ജീവനക്കാരെ നാമനിർദേശം ചെയ്യുന്നതിനും ജില്ലാ ഓഫീസുകൾ വഴി അപേക്ഷകൾ കൈമാറുന്നതിനും മുൻഗണനാക്രമത്തിൽ ഡ്യൂട്ടി അനുവദിക്കുന്നതിനും സംവിധാനമുണ്ട്. ഡ്യൂട്ടി ഉത്തരവുകൾ ലഭിക്കുന്ന ജീവനക്കാർക്ക് വാട്സാപ്പ് സന്ദേശമായും ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇ-മെയിൽ വഴിയും അറിയിപ്പ് ലഭിക്കും.

ഡ്യൂട്ടി ബ്ലോക്ക് അടിസ്ഥാനത്തിൽ ഹാജർ രേഖപ്പെടുത്തുന്നതിനും ഹാജരാകാത്ത ജീവനക്കാർക്ക് സ്വയമേവ അറിയിപ്പ് നൽകുന്നതിനും കഴിയും. ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും നാലുമണിക്കൂർ ഇടവിട്ടുള്ള പ്രവർത്തന റിപ്പോർട്ടുകൾ ഒപ്പിട്ട പി.ഡി.എഫ് രൂപത്തിൽ സമർപ്പിക്കാം. ജീവനക്കാരുടെ പ്രവർത്തന വിലയിരുത്തൽ, യോഗങ്ങളുടെ മിനിറ്റ്സ്, ഉത്തരവുകൾ, ചുമതലകൾ, പ്രവർത്തന റിപ്പോർട്ടുകൾ എന്നിവയും ഡിജിറ്റലായി കൈകാര്യം ചെയ്യാം.

ശുചീകരണ, ആരോഗ്യപ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം

സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി പ്രദേശം 15 മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും മേൽനോട്ട ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഏകദേശം 300 മുതൽ 400 വരെ ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനം ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും. ഓരോ മൂന്ന് മണിക്കൂർ ഇടവിട്ടും മേൽനോട്ട ഉദ്യോഗസ്ഥരുടെ മൊബൈലിൽ സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് ലഭിക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും നേരിടുന്ന പ്രശ്നങ്ങളും ഇതിലൂടെ രേഖപ്പെടുത്താം.

ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ, ആശുപത്രികളിലെ ഒ.പി., ഐ.പി. വിവരങ്ങൾ, രോഗികളുടെ റഫറൽ, തുടർചികിത്സ എന്നിവയും ഡിജിറ്റലായി രേഖപ്പെടുത്തും. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന രോഗികളുടെ തുടർചികിത്സാ വിവരങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ട്. ആശുപത്രികൾക്ക് റഫറൽ ലോഗിൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മരണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് സ്വയമേവ ഇ-മെയിൽ അറിയിപ്പ് ലഭിക്കും.

മൂന്ന് കേന്ദ്രങ്ങളിൽ സംയോജിത നിയന്ത്രണ സംവിധാനം

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന അടിയന്തര പ്രവർത്തനകേന്ദ്രങ്ങൾ ഇത്തവണ സംയോജിത നിയന്ത്രണകേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പരിഹാരനടപടികൾ ഏകോപിപ്പിക്കാം.

പരാതി നൽകുന്നയാളുടെ സ്ഥാനം കൃത്യമായി തിരിച്ചറിയുന്നതിനായി ജിയോ ഫെൻസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, നിലയ്ക്കലിലെ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഭൗമമേഖലയിൽ നിന്ന് പരാതി നൽകണം. പരാതിയുടെ സ്ഥാനം തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട നിയന്ത്രണ കേന്ദ്രത്തിലേക്കും വകുപ്പിന്റെ ലോഗിനിലേക്കും വിവരം സ്വയം കൈമാറും. 

കാലാവസ്ഥ, താപനില, ജലസംഭരണികളിലെ ജലനിരപ്പ്, വന്യമൃഗങ്ങളുടെ ആക്രമണം, വാഹനാപകടങ്ങൾ, കെ.എസ്.ആർ.ടി.സി സർവീസുകൾ, വിലനിയന്ത്രണ സ്ക്വാഡുകളുടെ പരിശോധനകൾ തുടങ്ങിയ വിവരങ്ങളും ഡാഷ്ബോർഡിലൂടെ നിരീക്ഷിക്കാം. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കുന്നതിനും പരാതികളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിനും പോർട്ടൽ സഹായകമാകും.

സാങ്കേതികവിദ്യയെ ഭരണനിർവഹണത്തിന്റെ ഭാഗമാക്കി തീർത്ഥാടകർക്ക് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുകയാണ് ശബരി പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്. തീർത്ഥാടകർക്ക് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനൊപ്പം ഉദ്യോഗസ്ഥർക്ക് തത്സമയ വിവരങ്ങളും വകുപ്പുകൾക്ക് ഏകോപിത പ്രവർത്തന സംവിധാനവും ഒരുക്കുന്നതിലൂടെ ശബരിമല തീർത്ഥാടനത്തിന്റെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനും ഈ പോർട്ടൽ സഹായിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-06 09:21:35

ലേഖനം നമ്പർ: 2138

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo