റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് കൃത്യസമയത്ത് മികച്ച ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ‘ഗോൾഡൻ ഗോൾ’ എന്ന സമഗ്ര അടിയന്തര പരിചരണ പദ്ധതിക്ക് തുടക്കമിടുന്നു. അപകടത്തിൽപ്പെടുന്നവർക്ക് പരിക്കിന്റെ സ്വഭാവവും ഗുരുതരാവസ്ഥയും കൃത്യമായി തിരിച്ചറിഞ്ഞ്, ഏറ്റവും അനുയോജ്യമായ ആശുപത്രിയിൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. 108 ആംബുലൻസുകൾക്കൊപ്പം ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിലുള്ള സർക്കാർ ആംബുലൻസുകളെയും ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കും. തുടർഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധസംഘടനകൾ എന്നിവയെക്കൂടി ഈ ശൃംഖലയിൽ പങ്കാളികളാക്കും.

പ്രധാന സവിശേഷതകൾ:

  • ജി.പി.എസ് ട്രാക്കിങ്, ജി.ഐ.എസ് മാപ്പിങ്, കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം എന്നിവയിലൂടെ അപകടസ്ഥലത്തേക്ക് ഏറ്റവും അടുത്തുള്ള അനുയോജ്യമായ ആംബുലൻസ് വേഗത്തിലെത്തിക്കും.
  • രോഗിയുടെ ആരോഗ്യനിലയും പരിക്കുകളുടെ വിവരങ്ങളും ആംബുലൻസിൽ നിന്നുതന്നെ കൺട്രോൾ സെന്ററിലേക്കും ആശുപത്രിയിലേക്കും കൈമാറും. രോഗിയെത്തിക്കുന്നതിന് മുമ്പുതന്നെ ഡോക്ടർമാർക്കും ട്രോമാ ചികിത്സാ സംഘങ്ങൾക്കും അടിയന്തര ചികിത്സയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്താനാകും.
  • സർക്കാർ ആശുപത്രികൾക്ക് പുറമേ KASP–PM-JAY പദ്ധതികളിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികളിലും അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കും.
  • അപകടസമയത്ത് മാതൃകാപരമായി ഇടപെടുന്ന പൊതുജനങ്ങൾ, ആംബുലൻസ് ജീവനക്കാർ, കോൾ സെന്റർ പ്രവർത്തകർ, ഡോക്ടർമാർ, ട്രോമാ ചികിത്സാ സംഘങ്ങൾ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ എന്നിവരെ പദ്ധതിയുടെ ഭാഗമായി ആദരിക്കും.

വിവിധ സർക്കാർ വകുപ്പുകൾ, ആശുപത്രികൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരെ ഒരേ ശൃംഖലയിൽ കോർത്തിണക്കി ജീവൻ രക്ഷിക്കുന്ന ഒരു ജനകീയ അടിയന്തര പരിചരണ സംവിധാനമായി ‘ഗോൾഡൻ ഗോൾ’ പദ്ധതി മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-03 10:35:34

ലേഖനം നമ്പർ: 2132

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo