രോഗവ്യാപനവും അതുമൂലമുള്ള മരണങ്ങളും തടയുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്. പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യവകുപ്പിനൊപ്പം ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഏകോപിത പ്രവർത്തനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും കലണ്ടർ പ്രസിദ്ധീകരിക്കും. വിവിധ പകർച്ചവ്യാധികളുടെ വ്യാപനസാധ്യതയും കാലാനുസൃതമായ പ്രവണതകളും മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ മാസവും കേരളത്തിൽ പ്രസക്തമായ പകർച്ചവ്യാധികൾ, അവയുടെ പ്രധാന ലക്ഷണങ്ങൾ, രോഗം പകരുന്ന രീതികൾ, വ്യക്തികളും സമൂഹവും സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ എന്നിവ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടുന്ന ശീലം പ്രോത്സാഹിപ്പിക്കാനും സാധിക്കും.
രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സമൂഹത്തിന്റെയും കൂട്ടായ ഇടപെടൽ അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ആസൂത്രിതവും സമയബന്ധിതവുമാക്കുന്നതിനുള്ള മാർഗനിർദേശമായും കലണ്ടർ പ്രയോജനപ്പെടും.
ആരോഗ്യവകുപ്പ് നിയോഗിച്ച ഉന്നതതല ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ കേരളത്തിലെ ആരോഗ്യവിദഗ്ധരാണ് കലണ്ടർ തയ്യാറാക്കിയത്. നിലവിൽ ലഭ്യമായ ശാസ്ത്രീയ വിവരങ്ങളും രോഗവ്യാപനവുമായി ബന്ധപ്പെട്ട അറിവുകളുമാണ് കലണ്ടർ തയ്യാറാക്കുന്നതിനുള്ള അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. പുതിയ ശാസ്ത്രീയ വിവരങ്ങളും തെളിവുകളും ലഭിക്കുന്നതിനനുസരിച്ച് കലണ്ടർ കാലാനുസൃതമായി പുതുക്കുന്നതിനും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-24 06:53:03
ലേഖനം നമ്പർ: 2127