പട്ടികജാതി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പഞ്ചമി ഗ്രാമം പദ്ധതി നടപ്പാക്കുന്നു. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്തതും ഒരു പ്രദേശത്ത് 15-ൽ താഴെ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്നതും, കുറഞ്ഞത് മൂന്ന് കുടുംബങ്ങളെങ്കിലും ഉള്ളതുമായ പ്രദേശങ്ങളുടെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്കായി മാർഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗ്രാമങ്ങളുടെ തെരഞ്ഞെടുപ്പും സാമ്പത്തിക സഹായവും
സംസ്ഥാനത്തെ ഓരോ നിയോജകമണ്ഡലത്തിലും പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഗ്രാമങ്ങളെ കണ്ടെത്തി വികസനത്തിനായി തെരഞ്ഞെടുക്കും. ഒരു സാമ്പത്തിക വർഷം ഒരു നിയോജകമണ്ഡലത്തിൽ പരമാവധി രണ്ട് ഗ്രാമങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താം. ഓരോ ഗ്രാമത്തിനും പരമാവധി 40 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾ അനുവദിക്കും. പട്ടികജാതി ജനസംഖ്യ കൂടുതലുള്ള ജില്ലകളിൽ പദ്ധതി നടത്തിപ്പിന് മുൻഗണന നൽകും.
തെരഞ്ഞെടുക്കുന്ന ഗ്രാമങ്ങൾ മുൻപ് മറ്റ് ഗ്രാമവികസന പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ ഉറപ്പുവരുത്തണം. പദ്ധതിയിലേക്ക് ഗ്രാമങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള അംഗീകാര നടപടികൾ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സ്വീകരിക്കുകയും തുടർനടപടികൾക്കായി സർക്കാരിന്റെ സാധൂകരണം നേടുകയും വേണം.
അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന
പഞ്ചമി ഗ്രാമം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണന ആവശ്യമായ പ്രദേശങ്ങളിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും.
കുടിവെള്ള സൗകര്യം: പൈപ്പ് ജല കണക്ഷനുകൾ, കമ്മ്യൂണിറ്റി കിണറുകൾ, കുഴൽക്കിണറുകൾ, പൊതുജലവിതരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിലൂടെയും സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള സ്രോതസ്സുകൾ ഉറപ്പാക്കുന്നതിലൂടെയും ജലലഭ്യത മെച്ചപ്പെടുത്തും.
വൈദ്യുതി സൗകര്യം: തെരുവുവിളക്കുകൾ സ്ഥാപിക്കൽ, വൈദ്യുത പോസ്റ്റുകളും ലൈനുകളും ഒരുക്കൽ, വ്യക്തിഗത വൈദ്യുതി കണക്ഷനുകൾ നൽകൽ, വീടുകളിലെ വയറിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുക്കും.
മാലിന്യസംസ്കരണവും ഡ്രെയിനേജ് സംവിധാനവും: വെള്ളം കെട്ടിനിൽക്കുന്നത് തടയുന്നതിനും പരിസരശുചിത്വവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുന്നതിനുമായി ഡ്രെയിനേജ് സൗകര്യങ്ങൾ, മലിനജല സംസ്കരണ സംവിധാനങ്ങൾ, സോക്ക്പിറ്റുകൾ, ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ സ്ഥാപിക്കുന്നതിന് മുൻഗണന നൽകും.
റോഡ് കണക്റ്റിവിറ്റി: ഗ്രാമങ്ങൾക്കുള്ളിലെ റോഡുകളുടെയും നടപ്പാതകളുടെയും നിർമാണവും അറ്റകുറ്റപ്പണികളും പൊതുഗതാഗത സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ശുചിത്വ സൗകര്യങ്ങൾ: വ്യക്തിഗത ഗാർഹിക ശുചിമുറികളുടെ നിർമാണം, നിലവിലുള്ള ശുചിമുറികളുടെയും മറ്റ് ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകും.
ഇന്റർനെറ്റ് കണക്റ്റിവിറ്റി: ഇന്റർനെറ്റ് ആക്സസ് പോയിന്റുകൾ, കമ്മ്യൂണിറ്റി വൈഫൈ സൗകര്യങ്ങൾ, വിജ്ഞാൻവാടികളിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
ഭവന നവീകരണവും സുരക്ഷയും: ഗ്രാമങ്ങളിലെ പഴക്കമുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾക്കും അടുക്കള നവീകരണത്തിനും സഹായം നൽകും. അപകടാവസ്ഥയിലുള്ള വീടുകളുടെയും ഗ്രാമങ്ങളുടെയും സംരക്ഷണഭിത്തികൾ നിർമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും.
പരമ്പരാഗത ആരാധനാ ഇടങ്ങളുടെ പുനരുദ്ധാരണം: ഗ്രാമങ്ങൾക്കുള്ളിലെ പരമ്പരാഗത ആരാധനാ ഇടങ്ങളുടെ പുനരുദ്ധാരണവും പദ്ധതിയുടെ ഭാഗമായി പരിഗണിക്കും.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന പട്ടികജാതി ജനവാസ മേഖലകളെ വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് പഞ്ചമി ഗ്രാമം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുടിവെള്ളം, വൈദ്യുതി, റോഡ്, ശുചിത്വം, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാനും പദ്ധതിക്ക് സാധിക്കും. പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായി വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലൂടെ പട്ടികജാതി കുടുംബങ്ങളുടെ സാമൂഹികവും അടിസ്ഥാന സൗകര്യപരവുമായ പുരോഗതിക്ക് പദ്ധതി പിന്തുണ നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-22 10:38:28
ലേഖനം നമ്പർ: 2123