ഡെങ്കിപ്പനി വ്യാപന സാധ്യത മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന മെഷീൻ ലേണിങ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനമായ ‘ഡെങ്കി ഏർലി വാണിങ് സിസ്റ്റം (DEWS)’ യാഥാർത്ഥ്യമാക്കി തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV). ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നതിന് മുമ്പുതന്നെ ജില്ലാ അടിസ്ഥാനത്തിൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുൻകൂട്ടി പ്രവചിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇത് സഹായകമാകും. ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും വിശകലനം ചെയ്താണ് ഡെങ്കി ഏർലി വാണിങ് സിസ്റ്റം ഡെങ്കിപ്പനി വ്യാപനസാധ്യത മുൻകൂട്ടി പ്രവചിക്കുന്നത്.
ഐഎവിയിലെ വൈറസ് ജീനോമിക്സ്, ബയോഇൻഫർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ. അഭിനന്ദ് സി. എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡെങ്കി ഏർലി വാണിങ് സിസ്റ്റം വികസിപ്പിച്ചത്. മഴയുടെ അളവ്, താപനില, അന്തരീക്ഷ ആർദ്രത, റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനി കേസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ ആഴ്ചയിലെയും രോഗവ്യാപന പ്രവണതകൾ വിശകലനം ചെയ്ത് ജില്ലാടിസ്ഥാനത്തിൽ മുന്നറിയിപ്പുകൾ നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
2020 മാർച്ച് മുതൽ 2026 ഫെബ്രുവരി വരെയുള്ള ആറുവർഷത്തെ ദൈനംദിന വിവരങ്ങളാണ് മെഷീൻ ലേണിങ് മോഡൽ വികസിപ്പിക്കാൻ ഉപയോഗിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിൽനിന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻകാല രോഗവ്യാപന രീതികളും കാലാവസ്ഥാ വ്യതിയാനങ്ങളും വിശകലനം ചെയ്തു. ഇതിലൂടെ ഡെങ്കിപ്പനി വ്യാപനസാധ്യത കുറഞ്ഞത്, മിതമായത്, ഉയർന്നത്, വളരെ ഉയർന്നത് എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചറിയാനാകും.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തെയും അതിജീവനത്തെയും മഴ, താപനില, അന്തരീക്ഷ ആർദ്രത തുടങ്ങിയ ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മാത്രമല്ല രോഗവ്യാപനത്തെ നിർണയിക്കുന്നത്. കാലാവസ്ഥാ വിവരങ്ങൾക്കൊപ്പം രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങളും വിലയിരുത്തുന്നതിലൂടെ രോഗവ്യാപനസാധ്യത വർധിക്കുന്ന ഘട്ടം നേരത്തേ തിരിച്ചറിയുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം.
രോഗവ്യാപനസാധ്യത ഉയരുന്നതായി മുന്നറിയിപ്പ് ലഭിക്കുന്ന പ്രദേശങ്ങളിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും ജനകീയ ബോധവത്കരണം നടത്താനും രോഗനിരീക്ഷണം മെച്ചപ്പെടുത്താനും ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും ആരോഗ്യവകുപ്പിന് ഇതിലൂടെ സാധിക്കും. പരിമിതമായ ആരോഗ്യവിഭവങ്ങൾ രോഗവ്യാപനസാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് മുൻഗണനാക്രമത്തിൽ വിന്യസിക്കുന്നതിനും ജില്ലാതല പ്രവചനങ്ങൾ സഹായകമാകും.
ഡാറ്റാ സയൻസ്, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ പൊതുജനാരോഗ്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താനുള്ള ഐഎവിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. നിലവിലുള്ള രോഗനിരീക്ഷണ സംവിധാനങ്ങൾക്ക് പകരമായല്ല, അവയ്ക്ക് പിന്തുണ നൽകുന്ന ഉപാധിയായാണ് DEWS വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : https://dews.iav.res.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-17 11:05:30
ലേഖനം നമ്പർ: 2122