വിദ്യാർഥികളുടെ മാനസികാരോഗ്യസംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി ''സന്തോഷത്തോടെ പഠിക്കാം'' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനവ്യാപക ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. 'ജീവിതാനുഭവങ്ങൾ കേൾക്കാം, യഥാർഥ ശബ്ദങ്ങൾ, യഥാർഥ മാറ്റം' എന്നതാണ് ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഈ വർഷത്തെ പ്രമേയം.
പഠനസമ്മർദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിങും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കുന്നതിന് ക്യാമ്പയിനിൽ പ്രത്യേക പ്രാധാന്യം നൽകും. വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ, കൗൺസലിങ് സെഷനുകൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് സംബന്ധിച്ചും പ്രത്യേക ബോധവത്കരണം നൽകും.
കൂടാതെ വിദ്യാർഥികളെ ലഹരിയുടെ പിടിയിൽപ്പെടുന്നതിൽ നിന്ന് രക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. തെറ്റായ കൂട്ടുകെട്ടുകളിലേക്കും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിലേക്കും കുട്ടികൾ എത്തിപ്പെടുന്നത് തടയുന്നതിനായി ആവശ്യമായ മാർഗനിർദേശവും കൗൺസലിങ് പിന്തുണയും ഉറപ്പാക്കും.
ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, കൗൺസിലർമാർ തുടങ്ങിയവരുടെ സേവനം ക്യാമ്പയിനായി പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രികളിൽ സൗജന്യ മാനസികാരോഗ്യ ക്ലിനിക്കുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആരോഗ്യ സംവിധാനങ്ങൾ എന്നിവയുടെ ഏകോപനത്തോടെ സ്കൂളുകളിൽ ആവശ്യമായ വിദഗ്ധ സേവനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രത്യേക മാനസികാരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് അവർക്ക് അനുയോജ്യമായ മാനസികാരോഗ്യ പിന്തുണ, കൗൺസലിങ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കും. ക്യാമ്പയിനിലെ എല്ലാ പ്രവർത്തനങ്ങളിലും അവരുടെ തുല്യവും സജീവവുമായ പങ്കാളിത്തവും ഉറപ്പാക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ ധാരണകളും അപമാനബോധവും കുറയ്ക്കുന്നതിനായി വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയുള്ള ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും.
പാഠപുസ്തക പഠനത്തിനപ്പുറം വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനും സർഗ്ഗാത്മക വളർച്ചയ്ക്കും മുൻഗണന നൽകുന്ന 'സന്തോഷത്തോടെ പഠിക്കാം' എന്ന ക്യാമ്പയിൻ വിദ്യാഭ്യാസ രംഗത്ത് പുതിയൊരു മാറ്റത്തിന് വഴിതുറക്കും. പരീക്ഷാഭയവും ലഹരി ഭീഷണിയും ഉൾപ്പെടെയുള്ള ആധുനിക കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതോടൊപ്പം, അപകർഷതാബോധമില്ലാതെ മാനസികാരോഗ്യ പ്രശ്നങ്ങളെ സമീപിക്കാൻ സമൂഹത്തെ പ്രാപ്തമാക്കാനും ഈ സംരംഭത്തിന് സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-12 06:08:03
ലേഖനം നമ്പർ: 2118