സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ കൂടുതൽ ആകർഷകമാക്കുന്നതിനായി സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കി വിനോദസഞ്ചാരവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം സിനിമാ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രം കിരീടം ചിത്രീകരിച്ച തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ഗ്രാമപ്രദേശവും അവിടുത്തെ പാലവും, കായലിന്റെ പരിസരവും വികസിപ്പിച്ചുകൊണ്ടാണ് സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കിയത്.
സിബി മലയിൽ സംവിധാനവും ലോഹിതദാസ് തിരക്കഥയുമൊരുക്കി മോഹൻലാൽ നായകനായ കിരീടം1989ലാണ് പുറത്തിറങ്ങിയത്. സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച പാലവും (കിരീടം പാലം ) പ്രദേശവും വിനോദസഞ്ചാര സൗഹൃദമായ രീതിയിൽ നവീകരിച്ചു. സിനിമാ ലൊക്കേഷനിൽ എത്തുന്ന സഞ്ചാരികൾക്കായി വീക്ഷണ കേന്ദ്രങ്ങൾ, വിശ്രമ സ്ഥലങ്ങൾ, വഴികാട്ടി സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പാലത്തിന് സമീപം സിനിമയിലെ പ്രധാന അഭിനേതാക്കളായ മോഹൻലാലിന്റെയും പാർവ്വതിയുടെയും ശില്പങ്ങൾ സ്ഥാപിച്ച് സഞ്ചാരികൾക്ക് സിനിമയുടെ ഓർമ്മകൾ അനുഭവിക്കാനുള്ള സൗകര്യവും ടൂറിസം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് മുഖേനയാണ് സിനിമാ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

വെള്ളായണിയിൽ നടപ്പാക്കിയ സിനിമാ ടൂറിസം പദ്ധതി വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വർദ്ധിപ്പിച്ചു. ഇതിലൂടെ പ്രാദേശിക വികസനത്തിന് പുതിയ സാധ്യതകൾ തുറന്നുകിട്ടി. ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വെള്ളായണി മാറി. സിനിമയ്ക്കപ്പുറം കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ അഭിമാനകരമായ ഒരു കേന്ദ്രം കൂടിയായി കിരീടം പാലം മാറിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ മറ്റ് ചില പ്രധാന സിനിമാ ലൊക്കേഷനുകളെയും സിനിമാ ടൂറിസത്തിന്റെ ഭാഗമായി വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതോടൊപ്പം, ലോകത്തിന്റെ വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഷൂട്ടിംഗിനായി കേരളത്തിലെ ലൊക്കേഷനുകൾ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള പ്രത്യേക മാർക്കറ്റിംഗ് പ്രവർത്തനങ്ങളും പ്രമോഷൻ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.
_1758785241.jpeg)
കേരളത്തിലെ ആദ്യ സിനിമാ ടൂറിസം പദ്ധതി, വിനോദസഞ്ചാരത്തെയും സാംസ്‌കാരിക പൈതൃകത്തെയും സമന്വയിപ്പിക്കുന്ന നവീന മാതൃകയായി മാറുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതോടൊപ്പം പ്രാദേശിക വികസനത്തിനും തൊഴിൽസാദ്ധ്യതകൾക്കും വഴിയൊരുക്കുന്ന ഈ സംരംഭം, പുതുമയാർന്ന ആശയത്തിലൂടെ കേരളത്തെ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തി ലോകത്തിനു മുന്നിൽ എത്തിക്കുകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11
ലേഖനം നമ്പർ: 1870