സംസ്ഥാനത്തെ എംഎസ്‌എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം) വ്യവസായങ്ങൾക്ക് യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി). എംഎസ്എംഇകളെ വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും മത്സരക്ഷമമാക്കാനും സഹായിക്കുകയാണ് കെഎഫ്സി മെഷിനറി വായ്പ പദ്ധതിയുടെ ലക്ഷ്യം.
മെഷിനറി വായ്പാ പദ്ധതിപ്രകാരം ഉപഭോക്താക്കൾക്ക് ഈട് നൽകേണ്ടതില്ല. സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് വഴിയാണ് വായ്പ നൽകുന്നത്. ഒരു എംഎസ്‌എംഇയ്ക്ക് പരമാവധി അഞ്ചു കോടി രൂപ വരെ ലഭിക്കും. യന്ത്രസാമഗ്രി വാങ്ങുന്ന തുകയുടെ 80 ശതമാനം വരെ വായ്പ ലഭ്യമാകും. ഒരുവർഷത്തെ മോറട്ടോറിയം ഉൾപ്പെടെ ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി. സംരംഭകത്വ വികസന പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുള്ള യൂണിറ്റുകൾക്ക് അഞ്ചുശതമാനം വരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കും. കമ്പനിയുടെ മുഖ്യ പ്രൊമോട്ടറുടെ സിബിൽ സ്കോർ 700-നും മുകളിലുമാകണം, കൂടാതെ എംഎസ്‌എംഇയുടെ സിബിൽ റേറ്റിംഗ് ഒന്നുമുതൽ അഞ്ചുവരെയായിരിക്കണം.
ഉപകരണങ്ങൾ വിശ്വാസ്യതയുള്ള വിതരണക്കാരിൽ നിന്നാണ് വാങ്ങേണ്ടത്. തുക കെഎഫ്‌സി നേരിട്ട് വിതരണക്കാർക്ക് നൽകും. ഈട് നൽകാൻ പ്രയാസം നേരിടുന്ന സംരംഭകർക്ക് യൂണിറ്റുകൾ നവീകരിക്കാനും ബിസിനസ് വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി എംഎസ്‌എംഇകൾക്ക് സാങ്കേതിക നവീകരണവും ഉൽപ്പാദനക്ഷമത വർധനവും സാധ്യമാകും. എംഎസ്എംഇ- ഉദ്യം , ജിഎസ്ടി രജിസ്‌ട്രേഷനുകളുള്ള, തുടർച്ചയായി മൂന്നുവർഷം പ്രവർത്തിച്ചിട്ടുള്ള, കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിലും ലാഭം നേടിയ യൂണിറ്റുകൾക്ക് വായ്പയ്‌ക്ക് അപേക്ഷിക്കാം. കെഎഫ്സി വെബ്സൈറ്റ് www.kfc.org വഴിയോ ബ്രാഞ്ച് വഴിയോ അപേക്ഷ നൽകാം.
ഉൽപ്പാദന, സേവന മേഖലകളിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകി സംസ്ഥാനത്തിന്റെ വ്യവസായവത്കരണം ദ്രുതഗതിയിലാക്കുന്നതിനുള്ള ശ്രമമാണ് കെഎഫ്‌സി പദ്ധതികളിലൂടെ നടപ്പാക്കുന്നത്. പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ വികസനം, ആധുനികീകരണം, വൈവിധ്യവൽക്കരണം എന്നിവയ്ക്കും സഹായം നൽകുന്ന ഈ പദ്ധതികൾ, പ്രത്യേകിച്ച് മെഷിനറി വായ്പാ പദ്ധതി, എംഎസ്‌എംഇകൾക്ക് വളർച്ച, നവീകരണം, മത്സരക്ഷമത എന്നിവയ്ക്കുള്ള ഉറച്ച അടിത്തറ ഒരുക്കുന്നു. വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താനും ഉൽപ്പാദന ശേഷി വർധിപ്പിക്കാനും സംരംഭകർക്ക് ഇത് സഹായകരമാണ്. വ്യവസായ മേഖലയുടെ സുസ്ഥിര വളർച്ചക്കും തൊഴിൽസാദ്ധ്യതകൾ സൃഷ്ടിക്കുന്നതിലും പദ്ധതിക്ക് നിർണായക പങ്കുണ്ട്. സംസ്ഥാനത്തിന്റെ സമഗ്ര വ്യവസായവികസന ദൗത്യത്തിന്റെ ഭാഗമായാണ് കെഎഫ്‌സി പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-11 14:28:35
ലേഖനം നമ്പർ: 1850