നൂതനമായ സാങ്കേതിക വിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ സുസ്ഥിര കാർഷിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള അതിവേഗ പാതയിലാണിന്നു കേരളം. കാലാവസ്ഥാ വ്യതിയാനം മൂലവും പ്രകൃതി ദുരന്തങ്ങളാലും സമാനതകളില്ലാത്ത പ്രതികൂല സാഹചര്യത്തിൽ കൂടിയാണ് കാർഷിക കേരളം കടന്നുപോകുന്നത്. കാർഷികമേഖലയെ ചലനാത്മകമാക്കുന്ന കർഷകരുടെയും കർഷക തൊഴിലാളികളുടെയും വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഓർഗാനിക് ഫാമിംഗ് വളർച്ച, അഗ്രി-ടെക് അഡോപ്ഷൻ , വിളകളുടെ വൈവിധ്യവൽക്കരണം, നൂതന പദ്ധതികൾ , സുസ്ഥിര സമ്പ്രദായങ്ങൾ , കർഷക സഹകരണ സംഘങ്ങൾ, മൂല്യവർധനവ് , കാലാവസ്ഥാ-പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം സമകാലീന കാർഷികമേഖലയിലെ നൂതന പ്രവണതകളാണ്.
ഓർഗാനിക് സർട്ടിഫിക്കേഷനും സുസ്ഥിരമായ രീതികൾക്കും വർദ്ധിച്ച പിന്തുണയോടെ ജൈവ കൃഷി രീതികളിലേക്ക് കാര്യമായ മുന്നേറ്റമുണ്ട്. സാങ്കേതിക വിദ്യയേയും ആശയ വിനിമയ സംവിധാനങ്ങളെയും സംയോജിപ്പിച്ച് കാർഷിക മേഖലയുടെ വിവിധ തലങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് വകുപ്പ് തുടക്കമിട്ടിരിക്കുകയാണ്. കാർഷിക സംരംഭങ്ങളും കൂട്ടായ്മകളും ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ട് തലസ്ഥാനനഗരിയിൽ കൃഷിവകുപ്പിനായി കാബ്‌കോ എക്‌സ്‌പോ സെന്റർ ആൻഡ് അഗ്രിപാർക്ക് സ്ഥാപിക്കും . 5,000 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള എക്‌സിബിഷൻ സെന്ററിൽ എക്‌സിബിഷനുകൾ, കൺവെൻഷനുകൾ, ട്രേഡ് ഷോകൾ, ബിസിനസ് മീറ്റുകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാവും.
കതിർ ആപ്പ് (കേരള അഗ്രികൾച്ചർ ടെക്‌നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി)
കാർഷിക മേഖലയുടെ സമുന്നതമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടു കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്‌ഫോമാണ് കതിർ (കേരള അഗ്രികൾച്ചർ ടെക്‌നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) ആപ്പ് . കർഷകർക്ക് ലഭ്യമാക്കേണ്ട വിവിധ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ വിവര സങ്കേതമാണിത്. കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോർട്ടലാണ് കതിരെന്നും 3 ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് : കതിർ ആപ്പ്
നവോത്ഥാൻ (അഗ്രികൾച്ചർ വെൽത്ത് ഓപ്പർച്യൂണീറ്റീസ് ഡ്രൈവിങ് ഹോർട്ടികൾച്ചർ ആൻഡ് അഗ്രിബിസിനസ് നെറ്റ് വർക്കിങ്) പദ്ധതി
വൈവിധ്യമാർന്ന ഫാമിംഗ് രീതികൾകൾക്ക് ഭൂമി ലഭ്യത ഉറപ്പു വരുത്താൻ നവോത്ഥാൻ പദ്ധതിക്ക് വകുപ്പ് തുടക്കമിട്ടു. കൃഷിക്ക് അനുയോജ്യമായ ഭൂമി വിട്ടു നൽകുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും കണ്ടെത്തി, അവിടെ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് പ്രത്യേകിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഹോർട്ടികൾച്ചർ, ഹൈഡ്രോപോണിക്‌സ്, കൃത്യതാ കൃഷി, സംരക്ഷിത കൃഷി, കൂൺ കൃഷി, സംയോജിത കൃഷി തുടങ്ങിയ വൈവിധ്യമാർന്ന ഫാമിംഗ് രീതികൾ അവലംബിക്കുവാൻ താൽപര്യമുള്ള വ്യക്തികൾ /ഗ്രൂപ്പുകൾ എന്നിവർക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കുക എന്നതാണ് നവോത്ഥാൻ പദ്ധതിയുടെ മുഖ്യ ഉദ്ദേശം. ഹോർട്ടികൾച്ചർ മേഖലയും അഗ്രിബിസിനസുമായി ബന്ധപ്പെടുത്തി ആകർഷകമായ വരുമാനം കർഷകർക്ക് ഉറപ്പുവരുത്തുന്നതിന് ഇതിലൂടെ കഴിയും. കൂടുതൽ വിവരങ്ങൾക്ക് : നവോത്ഥാൻ
അനുഭവം (അസസ്‌മെന്റ് ഫോർ നർച്ചറിങ് ആന്റ് അപ് ലിഫ്റ്റിങ് ബെനിഫിഷ്യറി ഹാപ്പിനസ് ആന്റ് അഗ്രികൾച്ചറൽ വിസിറ്റർ അസസ്‌മെന്റ് മെക്കാനിസം)
സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് നൂതന സംരംഭമായ 'അനുഭവം'(അസസ്‌മെന്റ് ഫോർ നർച്ചറിങ് ആന്റ് അപ് ലിഫ്റ്റിങ് ബെനിഫിഷ്യറി ഹാപ്പിനസ് ആന്റ് അഗ്രികൾച്ചറൽ വിസിറ്റർ അസസ്‌മെന്റ് മെക്കാനിസം) പദ്ധതിക്ക് തുടക്കം കുറിച്ചു . ഓരോ കൃഷിഭവനിലും വൃക്തിഗത ക്യു ആർ കോഡുകൾ സ്ഥാപിച്ച് കർഷകരുടെ പ്രതികരണങ്ങൾ തത്സമയം ശേഖരിച്ച്, കൃഷിഭവനുകളിലെ സന്ദർശക രജിസ്‌ട്രേഷൻ, പ്രതികരണ സംവിധാനങ്ങൾ എന്നിവ സുസംഘടിതമാക്കുന്നതിന് അനുഭവം ലക്ഷ്യമിടുന്നു. കൂടുതൽ വിവരങ്ങൾക്ക് : അനുഭവം
വെളിച്ചം (വിർച്വൽ എൻഗേജ്‌മെന്റ് ഫോർ ലിവറേജിങ് ഇന്ററാക്ടീവ് കമ്യൂണിറ്റി ഹോൺഡ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ്)
സംസ്ഥാനത്തെ കാർഷികവികസനവും കർഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് കൂടുതൽ ജനകീയവും സുതാര്യവുമാക്കാൻ വിവിധ സർക്കാർയോഗങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ ലൈവായി ഓൺലൈൻ പ്രക്ഷേപണം നടത്തുന്നതിന് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് വെളിച്ചം (വിർച്വൽ എൻഗേജ്‌മെന്റ് ഫോർ ലിവറേജിങ് ഇന്ററാക്ടീവ് കമ്യൂണിറ്റി ഹോൺഡ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ്). സർക്കാർ സംവിധാനത്തിൽ ജനങ്ങളുടെ വിശ്വാസം വളർത്തുക, പൊതുജന പങ്കാളിത്തം വർധിപ്പിക്കുക, തീരുമാനമെടുക്കുന്ന പ്രക്രിയയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നിവ പദ്ധതിയിലൂടെ സാധ്യമാകും. കൂടുതൽ വിവരങ്ങൾക്ക് : വെളിച്ചം
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-21 16:34:21
ലേഖനം നമ്പർ: 1486