നീതിയും സമത്വവും ഉറപ്പാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു തിരിച്ചറിഞ്ഞ് സുസ്ഥിര മാറ്റത്തിന്റെ ചാലകശക്തിയായി സ്ത്രീ സമൂഹത്തെ വാർത്തെടുക്കുന്നതിനു "എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ, സമത്വം, ശാക്തീകരണം'എന്ന  പ്രമേയം മുന്നോട്ട് വെച്ച്    അന്താരാഷ്ട്ര  വനിതാ ദിനം  2025. സ്ത്രീ സൗഹൃദ  സമൂഹം ആഹ്വാനം  ചെയ്യുന്നതിനോടൊപ്പം തന്നെ സ്ത്രീകളും  പെൺകുട്ടികളും പുരോഗതിയുടെ ഗുണഭോക്താക്കൾ മാത്രമല്ല, സുസ്ഥിര  ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളികളാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഈ തീം അടിവരയിടുന്നു. 

സ്ത്രീകളുടെ വികസന മുന്നേറ്റങ്ങൾക്ക് ഊർജ്ജം  പകർന്നു    സ്ത്രീസൗഹൃദ കേരളം സാധ്യമാക്കാൻ സർക്കാർ  നടപ്പിലായേക്കുന്ന  പദ്ധതികൾ  രാജ്യത്തിനാകെ മാതൃകയാണ്. സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം, ക്ഷേമം എന്നിവ  ഉറപ്പുവരുത്താൻ വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടുള്ള പദ്ധതികളാണ്  സംസ്ഥാനം  നടപ്പാക്കിയത്. തൊഴിലിടങ്ങളിൽ ഇരുന്ന് പണിയെടുക്കാനുള്ള അവകാശം, അധ്യാപകർക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം, കോളേജ് വിദ്യാർത്ഥികൾക്ക് ആർത്തവ അവധി, വിദ്യാർത്ഥിനികൾക്ക് പ്രസവ അവധി, ലിംഗപദവി ബജറ്റ്, അംഗണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് പാഠപുസ്തകം, ജെൻഡർ ന്യൂട്രൽ സ്‌കൂൾ യൂണിഫോം, ചരിത്രത്തിൽ ആദ്യമായി വനിത ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാർ തുടങ്ങി സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്ന നിരവധി നവോത്ഥാന നേട്ടങ്ങളുടെ നിറവിലാണ് ഈ വർഷത്തെ വനിതാദിനം സംസ്ഥാനം ആചരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് , സാമൂഹ്യ നീതി വകുപ്പ് , വനിതാ കമ്മീഷൻ , വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാനത്ത് സ്ത്രീ മുന്നേറ്റ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. 

കേരളത്തിന്റെ ജെൻഡർ ബജറ്റിംഗ് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദത്തിന് അർഹമായ പ്രവർത്തനമായിരുന്നു. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു ജെൻഡർ ബജറ്റിംഗ് നടക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വികസനവും ക്ഷേമവും ഉറപ്പാക്കാൻ വനിതാശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട് . വനിതാശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് നിർഭയ സെല്ലിനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി നിർഭയ നയം നടപ്പിലാക്കി. പോക്‌സോ അതിജീവിതരെ താമസിപ്പിക്കുന്നതിനായി സംസ്ഥാനത്താകെ 19 ഹോമുകൾ പ്രവർത്തിക്കുന്നുണ്ട് 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 22 ഓളം തൊഴിൽ മേഖലകളിൽ വനിതാകമ്മീഷൻ പബ്ലിക് ഹിയറിങ്ങുകൾ നടത്തി എല്ലാ തൊഴിൽ ഇടങ്ങളിലും പോഷ് ആക്ട് അനുസരിച്ചുള്ള പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കാനുള്ള നിർദ്ദേശം നൽകുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുൾപ്പെടെ സ്വമേധയാ ഇടപെട്ട് നിരവധി സംഭവങ്ങളിൽ നിയമം നടപ്പാക്കാനായതും സ്ത്രീകൾക്ക് സുരക്ഷിതത്വവും കരുത്തുമേകുന്ന പ്രവർത്തങ്ങൾ ആയിരുന്നു.

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് വേണ്ടി 1988  രൂപീകരിച്ച  കേരളസംസ്ഥാന വനിതാ  വികസന കോർപ്പറേഷൻ  സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിലും പുരോഗതിയിലും സ്ത്രീകളെ പങ്കാളികളാക്കുന്നതിന്  മുഖ്യപങ്ക് വഹിച്ചു. വളർന്നു. ഇതുവരെ സ്വയംതൊഴിൽ സംരംഭകർക്കായി 144606 വനിതകൾക്ക്  1688.09 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. 2,44,369 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതടക്കം വലിയ തോതിലുള്ള സാമ്പത്തിക മാറ്റങ്ങൾ കൊണ്ടുവരാൻ വനിതാവികസന കോർപ്പറേഷനു സാധിച്ചു.സ്ത്രീസുരക്ഷയ്ക്കായി 181 വനിതാ ഹെൽപ് ലൈൻ നമ്പർ, ആർത്തവ  ശുചിത്വ ബോധവത്ക്കരണത്തിനായി ഷീ പാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണത്തിന് വനമിത്ര തുടങ്ങിയ പദ്ധതികൾ  സ്ത്രീകളുടെ വികസന ക്ഷേമത്തിൽ സുപ്രധാന പങ്കു വഹിച്ചു. 


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വനിതാകൂട്ടായ്മായ കുടുംബശ്രീയിൽ 46.16 ലക്ഷം സ്ത്രീകളാണുള്ളത്. സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണേർഷിപ്പ് പ്രോഗ്രാം, കമ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് മുഖേന 26,971 സംരംഭങ്ങൾക്ക് പ്രാഥമിക വായ്പാസഹായമായി 110.50 കോടി രൂപയുടെ സഹായം ലഭ്യമാക്കി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിലുൾപ്പെടുത്തി പ്രളയബാധിത മേഖലകളിൽ കാർഷിക-കാർഷികേതര മേഖലകളിൽ 20,047 സംരംഭങ്ങൾക്ക് തുടക്കമിട്ടു. സംസ്ഥാനത്തൊട്ടാകെ 3 ലക്ഷത്തോളം വനിതകളുടെ ഉപജീവനമാർഗ്ഗമായ 1.43 ലക്ഷം സൂക്ഷമസംരംഭങ്ങൾ കുടുംബശ്രീയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു.വയനാട് ദുരന്തബാധിതരുടെ പുന‍സ്ഥാപനത്തിനായുള്ള മൈക്രോപ്ലാൻ തയാറാക്കിയതും കുടുംബശ്രീയുടെ നേതൃത്വത്തിലാണെന്നത് അഭിമാനകരമാണ്. ബാലസഭകൾ, സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്, കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങൾ, കേരള ചിക്കൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കുടുംബശ്രീയുടെ പ്രവർത്തനം സജീവമായി കഴിഞ്ഞു.


ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'ആരോഗ്യം ആനന്ദം: അകറ്റാം അർബുദം' ജനകീയ ക്യാമ്പയിനിന് വലിയൊരു ചരിത്ര മുന്നേറ്റമാണ്. 30 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ ക്യാൻസർ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ആദ്യഘട്ടത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി 4ന് കാൻസർ ദിനത്തിലാണ് തുടക്കമിട്ടത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗളാർബുദം (സെർവിക്കൽ ക്യാൻസർ) ,മറ്റ് അർബുദങ്ങൾ എന്നിവയ്ക്ക് സ്‌ക്രീനിംഗ്, പരിശോധന, ചികിത്സയും ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതുവരെ 4 ലക്ഷത്തോളം പേർ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. 1398 സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സ്‌ക്രീനിംഗിനായുള്ള സൗകര്യമൊരുക്കി. 


സ്ത്രീകളെ സ്വയംരക്ഷയ്ക്ക് പ്രാപ്തരാക്കുകയും ആത്മവിശ്വാസമേകുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് കേരള പൊലീസ് നടപ്പാക്കുന്നത്. പ്രതിരോധ മുറകൾ പരിശീലിപ്പിച്ച് സുരക്ഷയൊരുക്കുന്ന പദ്ധതിയിൽ 7 ലക്ഷം സ്ത്രീകളും പെൺകുട്ടികളും പരിശീലനം അഭ്യസിച്ചിട്ടുണ്ട്. പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിലൂടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നു. തിരുവനന്തപുരത്ത് പൈലറ്റ് പ്രോജക്ട് ആയി നടപ്പാക്കിയ പിങ്ക് പൊലീസ് പാട്രോൾ ഇന്ന് സംസ്ഥാനമൊട്ടാകെ പ്രവർത്തനം നടത്തുന്നു.വനിതാ സെല്ലിൽ സ്ത്രീകൾക്കുള്ള നിയമപ്രശ്‌നങ്ങൾ പരാതിപ്പെടാൻ എല്ലാ ജില്ലകളിലും സൗകര്യമുണ്ട്. പൊലീസിൽ വനിതാപ്രാധിനിത്യം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും അപരാജിത ഓൺലൈൻ പോലുള്ള സുരക്ഷ സംവിധാനങ്ങളുമടക്കം സ്ത്രീസുരക്ഷയ്ക്കായി നിരവധി പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-10 11:56:48

ലേഖനം നമ്പർ: 1718

sitelisthead