
ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ പുനരധിവാസ ടൗൺഷിപ്പ് പദ്ധതി യാഥാർഥ്യത്തിലേക്ക്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി വീണ്ടെടുത്ത് സുസ്ഥിര ജനജീവിതം കെട്ടിപ്പടുക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെയാണ് ടൗൺഷിപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കൽപ്പറ്റ നഗരസഭ പരിധിയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ഈ പുതിയ ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്നത്. പ്രദേശത്തു ദുരന്ത നിവാരണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അതിവേഗ സംവിധാനങ്ങളാണ് സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സജ്ജമാക്കിയത്.
ദുരന്തത്തിന് ഇരയായവരെ സംരക്ഷിക്കുന്നതിനും പിഴവുകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനങ്ങളൊന്നാകെ അതിവേഗം പ്രവർത്തനസജ്ജമായി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, കേന്ദ്ര സർക്കാർ ഏജൻസികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുൻകരുതലുകൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ തുടങ്ങിയ ദൗത്യങ്ങളിലൂടെ ശക്തമായ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ദുരന്തം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോൾ വയനാട്ടിൽ നടപ്പിലാക്കുന്ന പുനരധിവാസ ടൗൺഷിപ്പ് പദ്ധതി ദുരന്തത്തിൽ നിന്നും അതിജീവിച്ചവരുടെ വീക്ഷണങ്ങൾ , പ്രകൃതി സന്തുലിതാവസ്ഥ , എന്നിവയെ അടിസ്ഥാനമാക്കി ദുരന്ത പ്രതിരോധ സംവിധാനങ്ങളോടെയാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നുമുള്ള ഫണ്ടിനൊപ്പം പൊതു-സ്വകാര്യ ഫണ്ടുകളും സിഎസ്ആർ, സ്‌പോൺസർഷിപ്പ് ഫണ്ടുകളും വിനിയോഗിച്ചാണ് പുനരധിവാസ പദ്ധതി സജ്ജമാക്കിയിട്ടുള്ളത്. എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിക്ക് ഇരുപത്തിയാറരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
ഓരോ കുടുംബത്തിനും 7 സെന്റിൽ 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീട്, കുടിവെള്ളം, വൈദ്യുതി, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി അനുബന്ധ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഒരുക്കും . ആരോഗ്യകേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, പൊതുമാർക്കറ്റ്, ലൈബ്രറി, ഓപ്പൺ എയർ തിയേറ്റർ, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, പാർക്കുകൾ എന്നിവ ഉൾക്കൊള്ളുന്ന ടൗൺഷിപ്പിൽ ദുരന്തബാധിതർക്കുള്ള ഉപജീവന മാർഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 120 കോടി രൂപ ചെലവഴിച്ച് പ്രദേശത്തെ റോഡുകളും പുനർനിർമിക്കും. ദുരന്തത്തെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരുടെ എത്രകാലം നീണ്ട ചികിത്സയ്ക്കുമുള്ള ചെലവ് സർക്കാർ വഹിക്കും.
ടൗൺഷിപ്പ് പദ്ധതിയുടെ ഭരണ വകുപ്പായി ദുരന്തനിവാരണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിൻറെ മേൽനോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഭൂരഹിതരായിട്ടുള്ളതും ഭവനരഹിതായിട്ടുള്ളതുമായ മുഴുവൻ ദുരിതബാധിതർക്കും സുരക്ഷിതമായ വീടുകളൊരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി ജനകീയ പിന്തുണയോടെ വളരെ വേഗം പൂർത്തിയാകുമെന്ന് സർക്കാർ ഉറപ്പു നൽകുന്നുണ്ട്.
ഭാവിയിൽ ഒരു നില കൂട്ടിച്ചേർക്കാൻ കഴിയുന്ന തരത്തിലാണ് ടൗൺഷിപ്പിലെ ഭവന നിർമാണം വിഭാവനം ചെയ്തിട്ടുള്ളത്.അർഹരായ ആരെയും ഒഴിവാക്കാതെ രണ്ട് ഫേസുകളിലായി ആളുകളെ തെരഞ്ഞെടുത്താണ് ഭവനം ഉറപ്പാക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ ലിസ്റ്റ് അനുസരിച്ച് ആദ്യ ഫേസിൽ പൂർണമായും വീടുകൾ നഷ്ടമായവർക്കാണ് ഭവനമൊരുക്കുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ പേരുൾപ്പെടുത്തുന്നതിനുള്ള അപ്പീൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ 2025 മാർച്ച് 30 വരെ ദീർഘിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വിധത്തിൽ നിർമ്മിക്കുന്ന വീടുകളിൽ രണ്ട് മുറി, പ്രധാനമുറി, ശുചിമുറി, അടുക്കള, സിറ്റൗട്ട്, ഡൈനിംഗ്ഹാൾ, പഠനമുറി തുടങ്ങിയെല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
ജീവനോപാധി നഷ്ടമായവരെ കൂടി ചേർത്തുപിടിച്ചാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ദുരന്തത്തെ തുടർന്ന് ജോലി നഷ്ടമായ അറുന്നൂറോളം ജീപ്പ് ഡ്രൈവർമാരുടെ പുനരധിവാസം , ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട പതിനാല് കുട്ടികൾക്കും പഠനാവശ്യത്തിന് മാത്രം 10 ലക്ഷം രൂപ എന്നിവ ഇത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി 2221.10 കോടി രൂപ ആവശ്യമായി വരുമെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ.
ദുരന്തമുണ്ടായി ഒരു മാസത്തിനകം ദുരന്തം അഭിമുഖീകരിച്ച മുഴുവൻ ആളുകളെയും താൽക്കാലികമായി പുനരധിവസിപ്പിച്ചു. അതിജീവനത്തിന്റെ ആദ്യ പടിയായി വാടക വീട് ലഭ്യമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6000 രൂപ വാടകയിനത്തിൽ ലഭ്യമാക്കി, വീട്ടുപകരണങ്ങൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ സൗജന്യമായി വിതരണം ചെയ്തു. 400 ഫർണിച്ചർ കിറ്റുകൾ ഒന്നാം ഘട്ടത്തിലും 481 കിറ്റുകൾ രണ്ടാം ഘട്ടത്തിലുമായി സ്പോൺസർഷിപ്പിലൂടെയാണ് വിതരണം ചെയ്തത്. സർക്കാർ ക്വാർട്ടേഴ്സുകളിലേക്ക് 69 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. 16 ഗ്രാമപഞ്ചായത്ത് പരിധികളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭാ പരിധികളിലുമായി 891 കുടുംബങ്ങളെയും താമസിപ്പിച്ചു. അതോടൊപ്പം 10,000 രൂപ ആശ്വാസമെന്നുള്ള നിലയിൽ ഓരോ കുടുംബത്തിനും കൊടുക്കാനും സർക്കാരിന് കഴിഞ്ഞു. റേഷൻ കാർഡുകൾ മുതൽ നഷ്ടമായ രേഖകളെല്ലാം വീണ്ടെടുക്കാൻ നടപടി സ്വീകരിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രത്യേക കൗൺസിലിങ്ങ് നൽകി. 2024 ആഗസ്റ്റ് മുതലുള്ള കാലയളവിൽ വാടക ഇനത്തിൽ തുക നൽകി. മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായം, ചികിത്സാസഹായം , അടിയന്തര സഹായം, ജീവനോപാധി, വാടക തുടങ്ങിയ വിവിധ ഇനങ്ങളിൽ ദുരന്തബാധിതർക്ക് ഇതുവരെ 25.64 കോടി രൂപയാണ് സർക്കാർ പണമായി നൽകിയത്.
ദുരന്തബാധിത പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വിവിധങ്ങളായ പ്രവൃത്തികൾക്ക് 27.52 കോടി രൂപയുടെ അനുമതി ലഭിച്ചു. ഇതിലൂടെ ചൂരൽമല, അട്ടമല ഭാഗങ്ങളിൽ തൊഴിൽ ലഭ്യമാക്കാനും സാധിച്ചു. ജില്ലാഭരണകൂടത്തിനൊപ്പം കുടുംബശ്രീ ജില്ലാമിഷനും ചേർന്ന് സംഘടിപ്പിച്ച തൊഴിൽ മേളയിലൂടെ 60 പേർക്ക് തൊഴിൽ നൽകാനായി.
ഈ ചിട്ടയായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ്, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ദുരന്തം ബാക്കിയാക്കിയ ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒത്തു ചേരുന്ന ഭാവിയായി മാറും ഈ പുനരധിവാസ ടൗൺഷിപ്പ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-28 11:21:44
ലേഖനം നമ്പർ: 1735