സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ലഹരിവിമുക്ത കേരളത്തിനായി സമഗ്രമായ ബോധവൽക്കരണവും പ്രതിരോധ നടപടികളും നടപ്പിലാക്കി സർക്കാർ. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ പോലീസ്, എക്സൈസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സന്നദ്ധസംഘങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സംയോജിത സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ" എന്ന സംസ്ഥാനതല ക്യാമ്പയിന് തുടക്കമായി. കൗമാരക്കാരിലും യുവജനങ്ങളിലുമുൾപ്പെടെയുള്ള സർഗാത്മക, കർമശേഷികളെ നശിപ്പിച്ച് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ലഹരിക്കെതിരെ കൂട്ടായ പ്രതിരോധത്തിലേക്കുള്ള ശക്തമായ ചുവടുവെയ്പാണിത്. ക്യാമ്പയിനിന്റെ പ്രഥമ ഘട്ടം മാർച്ച് 17 മുതൽ 25 വരെ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ നടക്കും. 3500-ത്തോളം എൻഎസ്എസ് യൂണിറ്റുകളുടെയും മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പങ്കാളിത്തത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

ജനജാഗ്രത സദസ്സുകൾ, ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല, ലഹരിവിരുദ്ധ സംവാദങ്ങൾ, വാക്കും വരയും: ലഹരിക്കെതിരെ പ്രാദേശിക ക ലാകാരന്മാരുടെ കൂട്ടായ്മ, ലഹരിവിരുദ്ധ സന്ദേശ മരങ്ങൾ, ലഹരിക്കെതിരെ മൺചെരാതുകൾ തെളിയിക്കൽ, ലഹരിവിരുദ്ധ ബഹുജന റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ മാരത്തോൺ/കൂട്ടയോട്ടം, തത്സമയ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ലഹരിക്കെതിരെ മുദ്രാവാക്യ രചന, ലഹരിവിരുദ്ധ റീൽ നിർമാണം തുടങ്ങിയ വ്യത്യസ്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. 

ഇതോടൊപ്പം, 'സ്‌നേഹാദരം' എന്ന പേരിൽ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ആയിരം സാമൂഹ്യപ്രവർത്തകരെ/ ഉദ്യോഗസ്ഥരെ ആയിരം കേന്ദ്രങ്ങളിലും കണ്ടെത്തി അവരെ പ്രത്യേകം ആദരിക്കും. ലഹരിമുക്തി നേടിയവരുടെ സംഗമങ്ങളും 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. പൊതു ഇടങ്ങളിൽ ലഹരിവിരുദ്ധ ഡോക്യുമെന്ററി/സിനിമ പ്രദർശനങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

നാഷണൽ സർവ്വീസ് സ്‌കീമിന്റെ ലഹരിവിരുദ്ധ കർമസേനയായ 'ആസാദ്' സേനയുടെ പ്രവർത്തനങ്ങൾ ക്യാമ്പസുകളിലും പങ്കാളിത്ത ഗ്രാമങ്ങളിലും സജീവമാണ്. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' സംസ്ഥാനതല ക്യാമ്പയിന്, 'ആസാദ്' സേന നേതൃത്വം നൽകും. 

സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കി പൊലീസും ലഹരിമുക്ത കേരളത്തിനായി സജീവമാണ്. മുൻപ്  കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുകയും കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. അതുപോലെതന്നെ ഹോട്ടലുകൾ/ റിസോർട്ടുകൾ എന്നിവിടങ്ങളിലെ എല്ലാ ഡിജെ പാർട്ടികളും കർശന നിരീക്ഷണത്തിനു വിധേയമാക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തടയിടാനായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജ്ജിതമാക്കും. 

സൈബർ ഡോം ടീമും എസ്എസ്ബിയിലെ ടെക്നിക്കൽ ഇന്റലിജൻസ് വിങ്ങും ഡാർക്ക് നെറ്റിൽ വ്യാപാരം ചെയ്യുന്ന മയക്കുമരുന്നുകളെക്കുറിച്ചും അന്തർസംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര ഡീലർമാരെക്കുറിച്ചും വിവരങ്ങൾ  ശേഖരിക്കും. ഇതുകൂടാതെ, YODHAV (9995966666), ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്സ് നമ്പർ (9497927797, 9497979794) എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ജില്ലാ പോലീസ് മേധാവികളെ ഉടൻ അറിയിക്കും.

ജനമൈത്രി പദ്ധതി സജീവമാക്കുകയും, മയക്കുമരുന്ന് പ്രശ്‌നത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും മയക്കുമരുന്ന് വ്യാപാരികളുടെ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിനുമായി റസിഡൻസ് അസോസിയേഷനുകൾ/എൻജിഒകൾ, കോർഡിനേഷൻ കമ്മിറ്റികൾ എന്നിവരുമായി ചേർന്ന് പൊലീസ് പ്രവർത്തിക്കും ചെയ്യും. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുമായി സ്‌കൂളുകളിലും കോളേജുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ആന്റി നാർക്കോട്ടിക് ക്ലബ്ബുകൾ, ക്ലീൻ കാമ്പസ്-സേഫ് ക്യാമ്പസ് പദ്ധതികൾ എന്നിവ സജീവമാക്കും. 

മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവൽക്കരണ മിഷന് എക്‌സൈസ് രൂപം നൽകിയിട്ടുളളത്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂൾ കോളേജ് ലഹരി വിരുദ്ധ ക്‌ളബ്ബുകൾ, എസ്.പി.സി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മദ്യവർജ്ജന സമിതികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി- യുവജന -മഹിളാ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാർത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിൻറെ ദൂക്ഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ലഹരി വിമുക്ത കേരളം  എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് വിമുക്തി ബോധവൽക്കരണ മിഷൻറെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു.

കുട്ടികൾ ലഹരിയുടെ പിടിയിലാണെന്ന് ബോധ്യമായാൽ പൊലീസ് ഇൻസ്പെക്ടർമാരെ രഹസ്യമായി അറിയിച്ച് കൗൺസിലിങ്ങും ഡോക്ടറുടെ സേവനവും ലഭ്യമാക്കാം. കൃത്യമായ വിവരം സഹിതം 9995966666 (യോദ്ധാവ്) എന്ന വാട്സ്ആപ്പിലോ, എക്സൈസിന്റെ നേർവഴി പദ്ധതിയിലോ (9656178000, 14405 (ടോൾ ഫ്രീ)) ബന്ധപ്പെടാം. മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികൾക്ക് ആശ്വാസവും മാർഗനിർദേശവും നൽകാൻ 'ചിരി' ഹെൽപ്പ് ലൈനിന്റെ സഹായം തേടാം. ടോൾഫ്രീ നമ്പർ 9497900200 വഴി കുട്ടികൾ, അവരുടെ കൂട്ടുകാർ, മാതാപിതാക്കൾ, അധ്യാപകർ, അല്ലെങ്കിൽ അഭ്യുദയകാംക്ഷികൾ എന്നിവർക്ക് സഹായത്തിനായി ബന്ധപ്പെടാം.

ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായസേവനങ്ങൾ ലഭ്യമാണ്.

ലഹരി ഉപയോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ 

9995966666 : യോദ്ധാവ് (വാട്‌സാപ്പ് )
14405 :വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
1090 : ജില്ല നാർക്കോട്ടിക് സെന്റർ
1098 : ചൈൽഡ് ലൈൻ
112: പൊലീസ് ഹെൽപ് ലൈൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-17 18:39:41

ലേഖനം നമ്പർ: 1725

sitelisthead