കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്  ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മാർച്ച് 3 മുതൽ 10 വരെ കൊല്ലം ആശ്രാമം മൈതാനിയിൽ "കൊല്ലം @ 75" എന്ന പേരിൽ പ്രദർശന-വിപണന മേള സംഘടിപ്പിക്കുന്നു. ജില്ലയുടെ  ചരിത്ര-  സാമ്പത്തിക-സാമൂഹിക- സാംസ്കാരിക മേഖലകളെയും, സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെയും ജനങ്ങളിലേക്കെത്തിക്കുക,സാമ്പത്തിക-വാണിജ്യ മേഖലയിലെ പുതിയ സാധ്യതകളെ പ്രോത്സാഹിപ്പിക്കുക, വിജ്ഞാന-വിനോദപരമായ അനുഭവങ്ങൾ പ്രദാനം ചെയ്യുക, സാമൂഹിക-സാംസ്കാരിക സംഗമത്തിന് അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  കൊല്ലം @ 75  എന്ന പേരിൽ ജില്ലയുടെ എഴുപത്തഞ്ചാമത് വാർഷികം ആഘോഷിക്കുന്നത്. കേരളത്തിന്റെ  ചരിത്രവും നവീന വികസന പദ്ധതികളും സമന്വയിപ്പിച്ച്  നടത്തുന്ന  പ്രദർശന വിപണന മേളയിൽ  വിവിധ കലാപരിപാടികൾ, പുസ്തകമേള, സർക്കാർ സേവന സ്റ്റാളുകൾ, വാണിജ്യ സ്റ്റാളുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ, കൊല്ലത്തിന്റെ വികസന മുന്നേറ്റം, ഭാവി സാധ്യതകൾ എന്നിവ  പ്രദർശിപ്പിക്കുന്ന മേള കേരളം പിന്നിട്ട ചരിത്ര വികസന നാഴികക്കല്ലുകളുടെ നേർക്കാഴ്ചയാവും. രാവിലെ 9 മുതൽ രാത്രി 9 വരെ പ്രദർശന-വിപണന മേള ജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാവുന്നതാണ്. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഏകോപനത്തിൽ ജില്ലാ ഭരണകൂടവും സർക്കാരിന്റെ വിവിധ വകുപ്പുകളും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.


പ്രദർശന-വിപണന സ്റ്റാളുകൾ 

40,000 സ്‌ക്വയർഫീറ്റിൽ ശീതീകരിച്ച 200-ലധികം സ്റ്റാളുകൾ.

സർക്കാർ വകുപ്പുകളുടെ 60-ഓളം തീം-വിപണന സ്റ്റാളുകൾ.

95 കൊമേഷ്യൽ സ്റ്റാളുകളിലൂടെ ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം.

ഡി.സി. ബുക്സ്, മാതൃഭൂമി ബുക്സ്, ചിന്ത പബ്ലിഷേഴ്സ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, സൈന്ധവ ബുക്സ് തുടങ്ങിയവ ഉൾപ്പെടുന്ന 50-ഓളം പുസ്തക സ്റ്റാളുകൾ.

ആരോഗ്യം, ഫയർ ആൻഡ് റെസ്‌ക്യൂ, വനം, എക്സൈസ്, പൊലീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പ്രത്യേക പ്രദർശനങ്ങൾ.


സൗജന്യ സേവനങ്ങൾ

ആധാർ എൻറോൾമെന്റ്, അപ്ഡേഷൻ, കുട്ടികളുടെ എൻറോൾമെന്റ്, ആധാർ പ്രിന്റിംഗ്.

ആയുർവേദം വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും പ്രത്യേക ഒ.പി. സേവനങ്ങൾ.

കൗൺസിലിംഗ്, മൃഗസംരക്ഷണ സേവനങ്ങൾ.


കലാപരിപാടികൾ (വൈകിട്ട് 6 മണി മുതൽ)

മാർച്ച് 3: രൂപ രേവതി നയിക്കുന്ന വയലിൻ ഫ്യൂഷൻ.

മാർച്ച് 4: മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 51 കലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളം.

മാർച്ച് 5: തേക്കിൻക്കാട്-ആട്ടം ബാൻഡ് ഫ്യൂഷൻ മ്യൂസിക്ക്.

മാർച്ച് 6: ഗായകൻ അലോഷിയുടെ സംഗീതവിരുന്ന്.

മാർച്ച് 7: അതുൽ നറുകര ബാൻഡ്.

മാർച്ച് 8: സ്റ്റീഫൻ ദേവസിയുടെ  സംഗീതനിശ.

സാഹിത്യ പരിപാടികൾ

മാർച്ച് 6: കവിയരങ്ങ് (വൈകിട്ട് 5 മണിക്ക്) – ശാന്തൻ, സുമേഷ് കൃഷ്ണൻ, ചവറ കെ.എസ്. പിള്ള എന്നിവരുടെ സാന്നിധ്യത്തിൽ.

മാർച്ച് 8: പുസ്തക ചർച്ച (വൈകിട്ട് 5 മണിക്ക്) – മനോജ് വെള്ളനാടിന്റെ ഉടൽ വേദം, വി. ഷിനിലാലിന്റെ ഇരു.

ജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങൾ

പൊതുജനങ്ങൾക്കായി സൗജന്യ പ്രവേശനത്തോടൊപ്പം, വിവിധ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനങ്ങളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-03 10:32:28

ലേഖനം നമ്പർ: 1709

sitelisthead