
മാലിന്യസംസ്കരണ രംഗത്ത് നൂതന മാതൃകകൾ സൃഷ്ടിക്കുകയും പുതുമയുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച 'വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ്' വിജയകരമായി സമാപിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്തെ കനകക്കുന്നിൽ നടന്ന ഈ കോൺക്ലേവ്, നൂറു ശതമാനം മാലിന്യമുക്ത കേരളം എന്ന സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യത്തിന് കൂടുതൽ കരുത്ത് പകരുന്ന വേദിയായി മാറി.
സർക്കുലർ എക്കോണമി, കാലാവസ്ഥ പ്രതിരോധം എന്നിവയെ ആസ്പദമാക്കി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, കേരള ഖരമാലിന്യപരിപാലന പദ്ധതി (KSWMP), ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (CKCL), കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യസംസ്‌കരണത്തിലേക്കുള്ള പുതിയ വഴികൾ അന്വേഷിച്ച സമ്മേളനം, ഈ മേഖലയിലെ പുതിയ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കുന്ന വേദിയായി മാറി. സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കോളജ് വിദ്യാർത്ഥികൾ, കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ തുടങ്ങാനുദ്ദേശിക്കുന്നവർ, നിലവിലുള്ള സംരംഭകർ, ഹരിതസ്ഥാപനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം കോൺക്ലേവിന് ലഭിച്ചു.
വ്യക്തിഗതതലത്തിൽ ആരംഭിക്കുന്ന മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ശുചിത്വ സംസ്‌കാരത്തേക്കുള്ള ദിശാബോധത്തിനും പ്രചോദനത്തിനും അടിസ്ഥാനമാകുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് മാതൃകയാകുന്ന തരത്തിൽ സംഘടിപ്പിച്ച കോൺക്ലേവ് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടുകയായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും വിലയിരുത്തി.
മാലിന്യസംസ്‌കരണ പ്ലാന്റുകളെക്കുറിച്ചുള്ള പൊതുആശങ്കകൾ പരിഹരിക്കുന്നതിനായി കോൺക്ലേവിനോടനുബന്ധിച്ച യോഗങ്ങൾ സംഘടിപ്പിച്ചിരുന്നുവെന്നും, സംസ്ഥാനത്ത് സ്ഥാപിക്കപ്പെടുന്ന മാലിന്യസംസ്‌കരണ പദ്ധതികൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഉയർന്ന നിലവാരത്തിൽ നടത്തപ്പെടുന്നുണ്ടെന്നും അവയിൽ വിലയിരുത്തിയതായി യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. “എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം” എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ക്ലീൻ കേരള കോൺക്ലേവിന് നിർണായകമായ ഇടപെടൽ നടത്താൻ കഴിഞ്ഞു.
വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് മാലിന്യ സംസ്‌കരണ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വേസ്റ്റത്തോണിന് ലഭിച്ചത് മികച്ച പ്രതികരണം ലഭിച്ചു. വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ സ്റ്റാർട്ടപ്പുകളിൽ നിന്ന് 21, വിദ്യാർഥികളിൽ നിന്ന് 23, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്ന വിഭാഗത്തിൽ നിന്ന് 12 ഉൾപ്പെടെ ആകെ 56 ആശയങ്ങളാണ് ലഭിച്ചത്.
മാലിന്യസംസ്‌കരണ രംഗത്തെ നവീകരണ സാധ്യതകൾ ഉൾക്കൊള്ളുന്നതോടൊപ്പം സംയോജിത സമീപനങ്ങൾ, സമ്പദ് വ്യവസ്ഥ, നൂതന ആശയങ്ങൾ, നിയമങ്ങൾ, പൊതുജനപങ്കാളിത്തം തുടങ്ങിയ പ്രധാന മേഖലകളെ കോൺക്ലേവ് പ്രാധാന്യത്തോടെ അഭിസംബോധന ചെയ്തു. വിവിധ വിഷയങ്ങളിൽ കോൺഫറൻസുകൾ, സെമിനാറുകൾ, ഓപ്പൺ ഫോറങ്ങൾ, ശില്പശാലകൾ, എക്‌സ്പീരിയൻസ് ഷോകൾ, ലൈവ് ഡെമോൺസ്ട്രേഷനുകൾ എന്നിവയിലൂടെ ശരിയായ മാലിന്യസംസ്‌കരണ രീതികൾ പരിചയപ്പെടുത്തി. കൂടാതെ മാലിന്യസംസ്‌കരണ സാങ്കേതികവിദ്യയിലും സർക്കുലർ എക്കോണമിയിലും പങ്കാളികളായ നിക്ഷേപകസംഗമങ്ങളും, ബിസിനസ് ബൂട്ട്ക്യാമ്പുകൾ, സംരംഭകർക്കുള്ള ശില്പശാലകൾ, ബിസിനസ് മീറ്റുകൾ, കോഫി ടേബിൾ ചർച്ചകൾ തുടങ്ങിയവയും സംഘടിപ്പിച്ചു. AR/VR പോലുള്ള വിവര വിനിമയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ എക്‌സിബിഷനുകളും കോൺക്ലേവിന്റെ ഭാഗമായി.
വൃത്തി കോൺക്ലേവിന്റെ ഭാഗമായി അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഇരുപതോളം ഇൻസ്റ്റലേഷനുകൾ പ്രദർശനത്തിനായി ഒരുക്കിയിരുന്നു. വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച ഈ ഇൻസ്റ്റലേഷനുകൾ ഏപ്രിൽ 30 വരെ പ്രദർശന വേദികളിൽ നിലനിർത്തും. സംസ്ഥാനത്തുടനീളം ഹരിതകർമസേന ശേഖരിച്ച് ശാസ്ത്രീയമായി തരംതിരിച്ച് ക്ലീൻ കേരള മിഷനിലേക്ക് കൈമാറിയ മാലിന്യങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്. പ്രദർശനശേഷം മാലിന്യങ്ങൾ വീണ്ടും ക്ലീൻ കേരള കമ്പനിയിലേക്ക് കൈമാറും.
മാലിന്യ സംസ്‌കരണ മേഖലയിലുള്ള കേരളത്തിന്റെ ദീർഘദൂര കാഴ്ചപ്പാടിനും ശാസ്ത്രീയ സമീപനത്തിനും പ്രചോദനമാണ് 'വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ്' നവോത്ഥാനപരമായ ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, പൊതുജനപങ്കാളിത്തം, നിയമപരമായ ചട്ടങ്ങൾ എന്നിവയെ ഒരുമിച്ച് ചർച്ചചെയ്ത ഈ സമ്മേളനം, മാലിന്യമുക്ത കേരളം എന്ന ലക്ഷ്യസാദ്ധ്യതയെ അതിവേഗം മുൻപോട്ട് നയിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചു.
വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ്
വൃത്തി 2025 : മാലിന്യ സംസ്കരണത്തിനും സുസ്ഥിരതയ്ക്കും വഴിയൊരുക്കി ക്ലീൻ കേരള കോൺക്ലേവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-16 16:52:06
ലേഖനം നമ്പർ: 1751