
'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക' (#BeatPlasticPollution) എന്ന പ്രമേയത്തിലൂന്നി പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള ദൗത്യത്തോടെ ലോക പരിസ്ഥിതി ദിനം 2025 ആചരിച്ച് കേരളം. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തിലാണ് ആഗോള തലത്തിൽ വിവിധ കർമ്മ പരിപാടികൾ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്.ദക്ഷിണ കൊറിയയിലെ ജെജു ദ്വീപാണ് ഈ വർഷത്തെ ആഗോള ആതിഥേയത്വം വഹിക്കുന്നത്.
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി രാജ്യങ്ങളുടെ നേതൃത്വത്തിൽ ആഗോള ഉടമ്പടിക്ക് വേണ്ടിയുള്ള ചർച്ചകൾ നിലവിൽ നടക്കുകയാണ്. ഈ ചർച്ചകൾക്ക് കുടുതൽ പിന്തുണ നൽകുന്ന തരത്തിലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തിൽ #BeatPlasticPollution ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പ്രശ്നങ്ങൾക്ക് യാഥാർത്ഥ്യപരമായ പരിഹാരങ്ങൾ ആഗോളതലത്തിൽ പ്രദർശിപ്പിക്കുകയാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം. വ്യക്തികളും, സംഘടനകളും, വ്യവസായ മേഖലയുടെയും സർക്കാരുകളും ഉൾപ്പെടെ സുസ്ഥിരമായ രീതികൾ സ്വീകരിച്ച് വ്യവസ്ഥാപിതമായ മാറ്റം കൈവരിക്കാൻ പ്രചോദനം നൽകുകയാണ് പ്രധാന ഉദ്ദേശ്യം.
സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കി വിവിധ പരിപാടികൾ സർക്കാർ നടപ്പാക്കുന്നു. പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചു. ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവൽക്കരണ പ്രവർത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബർ 30 വരെയാണ് ഒരു തൈ നടാം ക്യാമ്പയിൻ. കുളമാവ്, ആറുപുന്ന, ഉണ്ടപൈൻ, കമ്പകം, പൊന്നുഞാവൽ എന്നിങ്ങനെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകൾ ക്യാമ്പയിന്റെ ഭാഗമായി നടും.
വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹ്യ രാഷ്ടീയ സംഘടനകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നട്ടുപിടിപ്പിക്കാനുള്ള തൈകൾ പ്രാദേശികമായി ശേഖരിക്കും. വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന തൈകൾക്കു പുറമേ ഗ്രാമപഞ്ചായത്തുകൾ വഴി പൊതു ജനങ്ങളിൽ നിന്നും ജനകീയമായും തൈകൾ ശേഖരിക്കും. കൂടാതെ ‘ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിനിലൂടെ സ്കൂൾ വിദ്യാർത്ഥികളും തൈകൾ ശേഖരിക്കും.
നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ (BMC), പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ പരിപാലന സമിതി രൂപീകരിക്കും. സ്കൂളുകൾക്ക് പുറമെ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐ.കൾ, അങ്കണവാടികൾ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂൺ 24 മുതൽ തൈകളുടെ കൈമാറ്റവും, വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. നടീൽ വാരവും തൈകളുടെ കൈമാറ്റവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയമായി നടത്തുന്നതിനൊപ്പം നട്ടതും കൈമാറ്റം ചെയ്തതുമായ തൈകളുടെ ഇനം തിരിച്ചുള്ള വിവര ശേഖരണവും ക്യാമ്പയിന്റെ ഭാഗമായി നടത്തും.
കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ എന്നിവരുടെ വീട്ടിലും വൃക്ഷത്തൈ നടീൽ സംഘടിപ്പിക്കും. പ്രദേശത്തെ ജലാശയങ്ങളുടെ പരിസരമോ, പാതയോരമോ വൃക്ഷത്തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് നടന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മാതൃകാ ടൗണുകളായ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലും വൃക്ഷവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിലും, ഓട്ടോ, ടാക്സി, മറ്റു വാഹന സ്റ്റാന്റുകളിലെ തൊഴിലാളികൾക്കിടയിലും വൃക്ഷത്തൈകളുടെ കൈമാറ്റവും ലഭ്യമായ സ്ഥലങ്ങളിൽ നടീലും സംഘടിപ്പിച്ചു കൊണ്ട് വൃക്ഷവൽക്കരണ ക്യാമ്പയിൻ കൂടുതൽ ജനകീയമാക്കും.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നു. പ്രകൃതിയിൽ ക്രമാതീതമായി വർദ്ധിക്കുന്ന കാർബൺ എമിഷന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ കേരള റൈഡ് നടത്തുന്നത്. ഓഫീസുകളിലേയ്ക്കുള്ള യാത്രയ്ക്കായി പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക, സ്വകാര്യ വാഹനത്തിൽ ഒറ്റയ്ക്ക് ഓഫീസിൽ വരുന്നവർ സഹപ്രവർത്തകരുമായി ഒരുമിച്ച് വെഹിക്കിൾ പൂളിംഗ് അനുവർത്തിക്കുക, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്നും ഒരു വാഹനത്തിൽ ഓഫീസിൽ എത്തുന്നതിനുള്ള കമ്മ്യൂണിറ്റി പൂളിംഗ് അനുവർത്തിക്കുക, സൈക്കിൾ, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, എസി, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ അമിതമായ ഉപയോഗം കുറയ്ക്കുക തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാണ് തദ്ദേശ വകുപ്പ് മുന്നോട്ട് വച്ചിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി വ്യക്തി, ഗ്രൂപ്പ്, സ്ഥാപനം എന്നീ കാറ്റഗറിയിൽ ഏറ്റവും മികച്ച മാതൃക അനുവർത്തിക്കുന്നവർക്ക് പ്രത്യേക അനുമോദനവും സമ്മാനവും നൽകും.
കുഞ്ഞിനൊപ്പം തലമുറകൾക്ക് സമ്മാനമായി വൃക്ഷതൈ എന്ന വേറിട്ട ആശയവുമായി ആരോഗ്യ വകുപ്പും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമാകുകയാണ്. പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ നൽകുന്ന പദ്ധതി പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചു . ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പിന്നീട് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ച് സംസ്ഥാന വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ആശുപത്രികളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കി വരുന്നു. പ്ലാസ്റ്റിക് നിർമ്മിതമായ ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കാനായി എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ശാസ്ത്രീയമായുള്ള ശേഖരണവും, സംസ്‌കരണവും ഉറപ്പുവരുത്തുന്നതിനും എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശ്രമം തുടരുന്നുണ്ട്. ഇത് കൂടാതെ, പ്ലാസ്റ്റിക് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കേണ്ടതിന്റെ ഭാഗമായി അവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഭൂമിയിൽ സർവവ്യാപിയായി കഴിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് മലിനീകരണം നേരിടാൻ കൂട്ടായ നടപടികൾ സ്വീകരിക്കണമെന്നാണ് ലോക പരിസ്ഥിതി ദിനത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ഇന്ന് ഒരു വർഷം 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്നു. അതിൽ 50% പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒറ്റത്തവണ ഉപയോഗത്തിനായി മാത്രമുള്ളതാണ്. അതിനാൽ തന്നെ ഭൂമി നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക് മലിനീകരണം. ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 9.3 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന പ്ലാസ്റ്റിക് മാലിന്യ ഉത്പാദന നിരക്കുകളിലൊന്നാണ്.
കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ ആവാസവ്യവസ്ഥയുടെ താളം തെറ്റാതെ നോക്കേണ്ട കൂട്ടായ ഉത്തരവാദിത്തം സമൂഹത്തിന്റേതാണ്. ഭാവിതലമുറയ്ക്കായി വികസിത ലോകം നിർമ്മിക്കുന്നതിനൊപ്പം ആരോഗ്യമുള്ള പ്രകൃതിയും കാത്തുസൂക്ഷിക്കേണ്ടതായുണ്ട്. അത്തരം സാമൂഹ്യബോധങ്ങളുടെ ഓർമ്മപ്പെടുത്തലുകളാകട്ടെ ഓരോ പരിസ്ഥിതി ദിനങ്ങളും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-05 12:30:07
ലേഖനം നമ്പർ: 1775