കേരളത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിനും വ്യവസായ വളർച്ചക്കുമുള്ള രൂപരേഖ നൽകിക്കൊണ്ട് നവകേരളനിർമിതിയിലേക്കുള്ള സംസ്ഥാനത്തിന്റെ യാത്രയിലെ സുപ്രധാന നാഴികകല്ലായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. വ്യാവസായിക വികസനത്തിനായി  യുണൈറ്റഡ് കേരള എന്ന സന്ദേശം നൽകാൻ ഈ ഉച്ചകോടിക്ക് സാധിച്ചുവെന്നത് മാത്രമല്ല കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം ലോകശ്രദ്ധയിലേക്കെത്തിക്കുന്നതിനും ഇത് വഴിയൊരുക്കി. സുസ്ഥിര വികസനം, ഡിജിറ്റൽ ഇന്നോവേഷൻ, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ വ്യാവസായിക വളർച്ചയ്ക്ക് കരുത്തേകുന്ന ചർച്ചകൾക്കുള്ള വിശാലമായ വേദിയായിരുന്നു ഇത്  . 1,52,905 കോടി രൂപയുടെ നിക്ഷേപം, 26 രാജ്യങ്ങൾ, 4000 ത്തോളം പ്രതിനിധികൾ, 370ൽ ഏറെ താൽപര്യ പത്രങ്ങൾ കൂടാതെ ,115  എക്സിബിഷനുകൾ, ബി2ബി മീറ്റിംഗുകൾ എന്നിവയും ഉച്ചകോടിയുടെ പ്രത്യേകതകളായിരുന്നു. 

സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, അന്താരാഷ്ട്ര പ്രതിനിധികൾ, തുടങ്ങി വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം ഉച്ചകോടിയിൽ ഉണ്ടായിരുന്നു. വ്യവസായം, ഗതാഗതം, വാണിജ്യം, നൈപുണ്യവികസനം എന്നിവയുടെ ചുമതലയുള്ളവരുൾപ്പെടെ സംസ്ഥാന, കേന്ദ്ര വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പുരോഗമനപരമായ നയപരിഷ്‌കാരങ്ങൾ, കാര്യക്ഷമമായ ബിസിനസ് നടപടിക്രമങ്ങൾ, അടിസ്ഥാനസൗകര്യ പദ്ധതികളെന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചു . സുതാര്യമായ ഭരണവും കാര്യക്ഷമമായ പൊതുസേവന വിതരണവും പ്രോത്സാഹിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉച്ചകോടി ചർച്ച ചെയ്തു. 

പ്രമുഖ സ്വകാര്യ സംരംഭങ്ങളിലെ എക്‌സിക്യൂട്ടീവുകൾ കേരളത്തിന്റെ സുപ്രധാന വ്യാവസായിക നേട്ടങ്ങളും വളർച്ചാ സാധ്യതകളും ഉയർത്തിക്കാട്ടി. കേരളത്തിന്റെ വ്യാവസായിക ശേഷിയിലുള്ള ശക്തമായ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന മൂലധന നിക്ഷേപങ്ങൾ വിവിധ സെഷനുകളിൽ പ്രതിഫലിച്ചു. ഇന്ത്യയുടെ മൊത്ത ഉൽപാദനരംഗത്ത് ഗണ്യമായ സംഭാവന നൽകുന്ന മെഡിക്കൽ ഉപകരണ വ്യവസായം പോലുള്ള ഉയർന്നുവരുന്ന മേഖലകൾക്കും ഊന്നൽ നൽകി.

സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെയും ആഗോളസമ്പദ് വ്യവസ്ഥയിലേക്ക് ചുവടുവെക്കുന്നതിന്റെയും ആവശ്യകതകൾ  അന്തരാഷ്ട്ര പ്രതിനിധികൾ ചർച്ച ചെയ്തു. സാങ്കേതികവിദ്യ, ആരോഗ്യപരിപാലനം, പുനരുപയോഗ ഊർജം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളിലെ സഹകരണ സംരംഭങ്ങളുടെ സാധ്യതകൾ വിശകലനം ചെയ്തു. കേരളത്തെ ആഗോള സാമ്പത്തിക ചട്ടക്കൂടിലേക്ക് സംയോജിപ്പിച്ച് ആഗോള നിക്ഷേപത്തിനും വിജ്ഞാന കൈമാറ്റത്തിനും വഴിയൊരുക്കുക എന്ന ദൗത്യത്തിലെത്തുന്നതിന് ഇത്തരം അവലോകനങ്ങൾ സഹായകരമാകും.

പ്രധാന ചർച്ചകളും ഉൾക്കാഴ്ചകളും

സുസ്ഥിര വികസനവും ഭരണപദ്ധതിയും
കേരളത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) സൂചികയിലുള്ള നേട്ടങ്ങളെയും, ബിസിനസ് സൗകര്യങ്ങളിലെ മുന്നേറ്റത്തേയും ചർച്ചയുടെ പ്രമേയമാക്കി. ബിസിനസ്സ് സമ്പ്രദായങ്ങൾ, നൂതന ഡിജിറ്റൽ ഇക്കോസിസ്റ്റം, ഇ-ഗവേണൻസ്, സ്റ്റാർട്ടപ്പ് സംസ്‌കാരം തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ നിക്ഷേപക സൗഹൃദമാക്കുന്നതിനുള്ള കാരണങ്ങളാണ്.

എംഎസ്എംഇ വളർച്ചയും വ്യാവസായിക നവീകരണവും

സംസ്ഥാനത്തിന്റെ വളരുന്ന എംഎസ്എംഇ മേഖലയായിരുന്നു ഉച്ചകോടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. സുതാര്യവും ലളിതമായ  ലൈസൻസിംഗ് പ്രക്രിയ പോലുള്ള നൂതന നടപടികൾ - കേന്ദ്രീകൃതവും സോഫ്‌റ്റ്വെയർ അധിഷ്ഠിതവുമായ പരിശോധനാ സംവിധാനങ്ങൾ എന്നിവ പ്രാദേശിക വ്യവസായങ്ങൾ വളർത്തുന്നതിന് കാരണമായി. കൂടാതെ, മെഡിക്കൽ ഉപകരണ വ്യവസായത്തിലെ ഗണ്യമായ പുരോഗതിയും വിശാലമായ വിജ്ഞാന സമ്പദ് വ്യവസ്ഥയും ചർച്ചകളിൽ എടുത്തുകാട്ടുകയും കേരളത്തെ വ്യാവസായിക നവീകരണത്തിന്റെ കേന്ദ്രമായി സ്ഥാപിക്കുകയും ചെയ്തു.

അടിസ്ഥാനസൗകര്യ വികസനവും  കണക്റ്റിവിറ്റിയും

മൂന്ന് ലക്ഷം കോടിയിലധികം രൂപ മുതൽമുടക്കിലുള്ള പദ്ധതികളാണ് അടിസ്ഥാനസൗകര്യ വികസനവും കണക്റ്റിവിറ്റിയും ലക്ഷ്യമാക്കി സർക്കാർ ആവിഷ്‌കരിക്കുന്നത്. റോഡുകൾ, ഹൈവേകൾ, ബൈപാസുകൾ, ഇടനാഴികൾ എന്നിവയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

പാലക്കാട്-മലപ്പുറം ബൈപാസ്: 10,000 കോടി
തിരുവനന്തപുരം ഔട്ടർ റോഡ്: 5,000 കോടി
അങ്കമാലി ബൈപാസ്: 6,000 കോടി
ഇതിനു പുറമെ, 50,000 കോടി ബജറ്റിൽ 31 പുതിയ പദ്ധതികൾക്കും, ഭാരത് മാല പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 300 കിലോമീറ്റർ റോഡ് വികസന പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്.

സാമ്പത്തിക വളർച്ചയും ആഗോള പങ്കാളിത്തവും:

ടൂറിസം, ലോജിസ്റ്റിക് , ഉല്പാദന വിതരണം , ഡിജിറ്റൽ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ നടപ്പാക്കപ്പെടുന്ന നയങ്ങളെ കുറിച്ചുള്ള ചർച്ചകൾ കേരളം നിക്ഷേപ സൗഹൃദ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതായുള്ള സൂചനകൾ പ്രകടമാക്കുന്നതായിരുന്നു. സംസ്ഥാനത്തെ സമൃദ്ധമായ പ്രകൃതി വിഭവങ്ങളും നൈപുണ്യമുള്ള തൊഴിലാളി ശക്തിയും വ്യവസായ മുന്നേറ്റവും ആഗോള വിപണികളിലേക്ക് എത്തിച്ചേരുന്നതിന് അനുയോജ്യമായ ഘടങ്ങളായി ഉച്ചകോടി വിലയിരുത്തി. യുഎഇ, ബഹ്റെയ്ൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള സഹകരണ പദ്ധതികൾ കേരളത്തിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ സഹായിക്കും. ഇത് വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകൾ പ്രാപ്തമാക്കാനും സഹായിക്കും. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപ പ്രഖ്യാപനം ഈ ഉച്ചകോടിയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് വലിയ മുതൽക്കൂട്ടാകും.

ജനസൗഹൃദപരമായ  നയപരിഷ്‌കാരങ്ങൾ, ഉറപ്പുള്ള അടിസ്ഥാനസൗകര്യങ്ങൾ, യോജിച്ച  ബിസിനസ് അന്തരീക്ഷം എന്നിവ കേരളത്തെ ഉയർന്ന നിലവാരമുള്ള നിക്ഷേപ കേന്ദ്രമായി ഉയർത്തുന്നു. ഇതിലൂടെ ആഭ്യന്തര-അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് പുതിയ വാതായനങ്ങൾ തുറക്കപ്പെടുന്നു. വമ്പൻ റോഡ് - ഹൈവേ വികസന പദ്ധതികളിലേക്കുള്ള കോടികളുടെ നിക്ഷേപവും, വിമാനത്താവള കപ്പാസിറ്റിയിലെ വർദ്ധനയും, കണക്ടിവിറ്റിയും വ്യവസായ ശേഷിയും വിപുലീകരിക്കുന്നതിലൂടെ, സംസ്ഥാനം സുസ്ഥിര സാമ്പത്തിക വളർച്ചയിലേക്കും സമ്പദ്വ്യവസ്ഥയിലേക്കും എത്തിച്ചേരും.കേരളത്തിന്റെ വ്യാവസായിക വളർച്ചക്കും സാമ്പത്തിക സുസ്ഥിരതക്കും ഉതകുന്ന  നിർണായക ചുവടുവെയ്പായിരുന്നു  ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് . 

കൂടുതൽ വായിക്കുക  : IKGS 2025 :  കേരളത്തിന്റെ ഉത്തരവാദിത്ത വ്യാവസായിക വളർച്ചയിലെ പുത്തൻ നാഴികക്കല്ല്

Investkerala2025.kerala

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-24 18:09:47

ലേഖനം നമ്പർ: 1706

sitelisthead