
നവകേരള നിർമിതിയിലേക്കുള്ള കേരളത്തിന്റെ അതിവേഗപാതയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന മാധ്യമ മേഖലയിലെ സ്ത്രീ പ്രാതിനിധ്യം, വെല്ലുവിളികൾ, സാധ്യതകൾ എന്നിവ വിശകലനം ചെയ്തു ലിംഗസമതത്തിലധിഷ്ടിതമായ ഒരു മാധ്യമ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനസമ്പർക്ക വകുപ്പ് ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഫെബ്രുവരി 18, 19 തീയതികളിലായി നടക്കുന്ന കോൺക്ലേവിൽ രാജ്യത്തേയും സംസ്ഥാനത്തെയും മാധ്യപ്രവർത്തകരും വിവിധ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ വ്യക്തികളും പങ്കെടുക്കും.
വനിതാ മാധ്യമപ്രവർത്തകരെ സംബന്ധിച്ച അനുഭവങ്ങൾ പങ്കുവയ്ക്കാനും മാധ്യമ ലോകത്ത് അവരുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒരു നവവേദി സൃഷ്ടിക്കലിനും കോൺക്ലേവ് പ്രധാന്യം നൽകും. മാധ്യമ മേഖലയിൽ സ്ത്രീശക്തീകരണം, ലിംഗ സമത്വം എന്നിവ സാധ്യമാക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ വിദഗ്ദ്ധരും നയരൂപകരും മുതിർന്ന മാധ്യമപ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും.
മാധ്യമരംഗത്തെ സ്ത്രീ സാന്നിധ്യവും ലിംഗസമത്വം ഉറപ്പാക്കലും മാധ്യമ മേഖലയിലെ സമഗ്രമായ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവ് 2025 ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ള നിർണായക ചർച്ചകൾക്കും നടപടികൾക്കും വേദിയാകുന്നു. പ്രാതിനിധ്യം, തൊഴിൽ സുരക്ഷ, മാധ്യമ സാംസ്‌കാരത്തിലെ വനിതാ എന്നീ വിഷയങ്ങളിലുള്ള ചർച്ചകൾ പുതിയ പരിഹാര മാർഗങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും.ഇത്തരം വേദികൾ വാർത്താമാധ്യമരംഗത്തെ സ്ത്രീകളുടെ ശാക്തീകരണത്തിന് ദിശാനിർദ്ദേശങ്ങൾ നൽകുകയും മാറ്റങ്ങൾക്കായി പുതിയ അടിസ്ഥാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. സ്ത്രീകളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താൻ കേരള സർക്കാരിന്റെ ഇത്തരം ഇടപെടലുകൾ മാധ്യമലോകത്ത് സമത്വം ഉറപ്പാക്കുന്നതിനുള്ള നിർണായക ഘട്ടമാകും.
സുതാര്യത, ഉത്തരവാദിത്തം, പൊതുജന പങ്കാളിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് മാധ്യമങ്ങൾ ഒരു ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട് ഡിജിറ്റൽ യുഗത്തിൽ, സർക്കാരുകളും പൗരന്മാരും തമ്മിലുള്ള സംവാദത്തിൽ ഒരു മാധ്യമമായി നവ മാധ്യമങ്ങൾ മാറിയിരിക്കുന്നു, ഇത് കൂടുതൽ സംവേദനാത്മകവും പ്രതികരണശേഷിയുള്ളതുമായ ഒരു ഭരണ സംവിധാനം വളർത്തിയെടുക്കുന്നതിനു സഹായകരമാകും. മാധ്യമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും വിശകലനം ചെയ്ത് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യവും കോൺക്ലേവിന്റെ പിന്നിലുണ്ട്. സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയും തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന നയപരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള പ്രധാന വേദിയായി ഈ പരിപാടി പ്രവർത്തിക്കും.
ചർച്ചകൾ, വിദഗ്ദ്ധ സമിതികൾ, നയപരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ അജണ്ടയോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മാധ്യമ പ്രവർത്തന മേഖലയിൽ ന്യായസമതുലിതവും പിന്തുണയുള്ളതുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം. മാധ്യമ മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും അവർക്കു നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ഈ സമ്മേളനം വഴിയൊരുക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-17 17:04:15
ലേഖനം നമ്പർ: 1669