കേരളത്തിന്റെ ചലച്ചിത്ര മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനും കാലാനുസൃതമായ മാറ്റങ്ങളിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ട്, സംസ്ഥാന സർക്കാർ കേരള ഫിലിം പോളിസി കോൺക്ലേവ് (KFPC) സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 2, 3 തീയതികളിൽ കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ഈ സംഗമം, 'നല്ല സിനിമ നല്ല നാളെ' എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായി, ജനാധിപത്യപരമായ പങ്കാളിത്തത്തിലൂടെയും സമഗ്രമായ ചർച്ചകളിലൂടെയും സംസ്ഥാനത്തിന്റെ ചലച്ചിത്ര നയം രൂപീകരിക്കുന്നതിന് വഴിയൊരുക്കും. സാംസ്‌കാരിക വകുപ്പ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC), കേരള ചലച്ചിത്ര അക്കാദമി വെൽഫെയർ ബോർഡ് എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് ഈ സുപ്രധാന കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക മേഖലകളിൽ സിനിമയ്ക്കുള്ള പ്രാധാന്യം ഉൾക്കൊണ്ട്, ഒരു സമഗ്ര ചലച്ചിത്ര നയം രൂപീകരിക്കാനുള്ള ചർച്ചാ വേദിയാണിത്. ചലച്ചിത്ര മേഖലയിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ട്, നിലവിലെ വെല്ലുവിളികളെയും ഭാവി സാധ്യതകളെയും വിലയിരുത്തി ഒരു നവീന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനുള്ള നാഴികക്കല്ലാകും ഈ സംഗമം.

സിനിമയെ സംബന്ധിച്ച് കേരള സർക്കാരിന്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ചപ്പാടിൽ നിന്നാണ് ഒരു പുതിയ സിനിമാ നയം രൂപീകരിക്കുക എന്ന ആശയം ഉടലെടുത്തത്. ദീർഘകാലമായി ഈ മേഖലയിലെ പല സമിതികളും ഒരു പുതിയ സിനിമാ നയത്തിന്റെ ആവശ്യകതയെക്കുറിച്ച് ശിപാർശ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി, 2023 ജൂണിൽ സിനിമാ നയത്തിനായി ഒരു പാനൽ രൂപീകരിക്കുകയുണ്ടായി. ഈ പാനൽ സിനിമയിലെ സമഗ്ര മേഖലകളിലെയും സംഘടനകളുമായും വ്യക്തികളുമായും ചേർന്ന് 75-ഓളം വിഷയങ്ങളിൽ കേരളത്തിലുടനീളം വിപുലമായ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. ഈ ചർച്ചകളിൽ നിന്നും ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ചാണ് ഇപ്പോൾ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 

പ്രധാന ലക്ഷ്യങ്ങൾ

  • സമഗ്ര ചലച്ചിത്ര നയം: 'നല്ല സിനിമ നല്ല നാളെ' എന്ന ലക്ഷ്യത്തോടെ, ജനാധിപത്യപരമായ പങ്കാളിത്തത്തിലൂടെയും ആഴത്തിലുള്ള ചർച്ചകളിലൂടെയും കേരളത്തിന് ഒരു സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുക എന്നതാണ് കോൺക്ലേവിന്റെ പ്രഥമ ലക്ഷ്യം.
  • സാങ്കേതികവിദ്യയുടെ സമന്വയം: സിനിമ ഒരു കലാരൂപവും ശക്തമായ മാധ്യമവുമാണ്. ഇതിനെ എ.വി.ജി.സി (ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്‌സ്), എക്സ്.ആർ (എക്സ്റ്റൻഡഡ് റിയാലിറ്റി) തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിച്ച് വ്യവസായ വളർച്ചയ്ക്ക് വഴിയൊരുക്കുക.
  • സമഗ്ര അക്കാദമിക വിശകലനം: ചലച്ചിത്ര മേഖലയെക്കുറിച്ച് രാജ്യത്ത് ഇന്നേവരെ നടന്നിട്ടില്ലാത്ത വിധം ആഴത്തിലുള്ള ഒരു അക്കാദമിക അന്വേഷണം നടത്തുക. ഇത് നിലവിലുള്ള തലമുറയ്ക്ക് മാത്രമല്ല, വരും തലമുറകൾക്കും പ്രയോജനപ്പെടുന്ന ഒരു പഠനമായിരിക്കും.
  • തൊഴിൽ സാഹചര്യങ്ങൾ: ചലച്ചിത്ര മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ലിംഗനീതി ഉറപ്പാക്കുന്നതിനും, പരാതി പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുക.
  • ആഗോള കാഴ്ചപ്പാടുകൾ ഉൾക്കൊള്ളൽ: ജർമ്മനി, യുകെ, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിനിധികളുടെ പങ്കാളിത്തത്തിലൂടെ ആഗോളതലത്തിലെ മികച്ച രീതികളും കാഴ്ചപ്പാടുകളും ചർച്ച ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യുക.


പ്രധാന സെഷനുകൾ

രണ്ട് ദിവസത്തെ കോൺക്ലേവിൽ വിവിധ വേദികളിലായി ഒൻപതോളം പ്രധാന സെഷനുകളിലായി സിനിമയുടെ വിവിധ വശങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടക്കും. ഓരോ സെഷനും നയിക്കുന്നത് അതതു വിഷയങ്ങളിലെ വിദഗ്ധരും ചലച്ചിത്ര പ്രവർത്തകരുമായിരിക്കും.

 

  • മലയാള സിനിമയിൽ ലിംഗനീതിയും ഉൾക്കൊള്ളലും: ചലച്ചിത്ര വ്യവസായത്തിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്നതിനും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ സ്ഥാപിക്കുന്നതിനും ഊന്നൽ നൽകി കൊണ്ടുള്ള ചർച്ചകൾ
  • തൊഴിൽ-കരാർ-പണിയിടം, നിയമപരമായ ചട്ടക്കൂടുകളും സന്തുലിതമായ പരാതി പരിഹാര സംവിധാനവും: സിനിമാ രംഗത്ത് തൊഴിൽ നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും, സുതാര്യവും ഫലപ്രദവുമായ പരാതി പരിഹാര സംവിധാനങ്ങൾ രൂപീകരിക്കുന്നതിനും കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കും.
  • നാളുകളിലെ സാങ്കേതികവിദ്യയും നൈപുണ്യ വികസനവും: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യാ രംഗത്ത് ചലച്ചിത്ര പ്രവർത്തകരുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും, പുതിയ സാങ്കേതികവിദ്യകളെ സിനിമയുമായി എങ്ങനെ സമന്വയിപ്പിക്കാമെന്നും ചർച്ച ചെയ്യും.
  • പ്രാദേശിക കലാകാരന്മാരെയും മലയാളത്തിലുള്ള സ്വതന്ത്ര സിനിമയെയും ശാക്തീകരിക്കൽ: പ്രാദേശിക പ്രതിഭകളെയും, സ്വതന്ത്രമായി സിനിമ ചെയ്യുന്നവരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കും.
  • തിയേറ്ററുകൾ - ഇ-ടിക്കറ്റിംഗ് - വിതരണക്കാർ - പ്രദർശകർ: സിനിമകളുടെ വിതരണം, പ്രദർശനം, ടിക്കറ്റിംഗ് സംവിധാനങ്ങൾ എന്നിവയെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള വിപണി അധിഷ്ഠിത പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യും.
  • സുഗമമായ ചലച്ചിത്ര നിർമ്മാണവും സൗകര്യമൊരുക്കലും: ചലച്ചിത്ര നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കി, സിനിമാ ചിത്രീകരണത്തിന് ആവശ്യമായ മികച്ച സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള വഴികൾ കണ്ടെത്തും.
  • സിനിമാ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും പൈതൃക ആർക്കൈവുകളുടെ വികസനവും: ചലച്ചിത്ര വ്യവസായത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സിനിമയുടെ ചരിത്രപരമായ രേഖകളും കലാസൃഷ്ടികളും സംരക്ഷിക്കുന്നതിനുള്ള ആർക്കൈവുകൾ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകും.
  • ഫിലിം ടൂറിസം - സോഫ്റ്റ് ഇക്കണോമിക് പവർ - ആഗോളവ്യാപകമായ നിർമാണം എന്നിവയ്ക്കായി മലയാള സിനിമയെ ഉപയോഗപ്പെടുത്തുക: സിനിമാ ടൂറിസത്തിലൂടെയും, മലയാള സിനിമയുടെ ആഗോള വ്യാപനത്തിലൂടെയും, അന്താരാഷ്ട്ര തലത്തിലുള്ള നിർമ്മാണ പങ്കാളിത്തത്തിലൂടെയും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.
  • ചലച്ചിത്ര വിദ്യാഭ്യാസവും സമൂഹ പങ്കാളിത്തവും - ചലച്ചിത്രമേളകൾ, ഫിലിം സൊസൈറ്റികൾ എന്നിവയുടെ പങ്ക്: ചലച്ചിത്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ചലച്ചിത്ര മേളകളിലൂടെയും ഫിലിം സൊസൈറ്റികളിലൂടെയും സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള വഴികൾ കണ്ടെത്തും.

 

പങ്കാളിത്തവും പ്രാതിനിധ്യവും

അന്താരാഷ്ട്ര സാന്നിധ്യം: ജർമ്മനി, യുകെ, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ഫ്രാൻസ്, ഇറ്റലി, കൊറിയ, ജപ്പാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഇത് ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളും കാഴ്ചപ്പാടുകളും സ്വാംശീകരിക്കാൻ സഹായിക്കും.

ദേശീയ പ്രാതിനിധ്യം: ഇന്ത്യയിൽ ഇതിനോടകം സിനിമാ നയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോൺക്ലേവിന്റെ ഭാഗമാകും. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (NFDC), കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമുണ്ടാകും. ഏകദേശം 500 ഓളം പേർ കോൺക്ലേവിൽ പങ്കെടുക്കും.

കോൺക്ലേവിലെ ചർച്ചകളിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങളും നിർദ്ദേശങ്ങളും കേരളത്തിന്റെ സമഗ്രമായ ചലച്ചിത്ര നയത്തിന് നേരിട്ട് ദിശാബോധം നൽകും. ഈ സംവാദങ്ങളിൽ ഉയരുന്ന സമവായങ്ങളും കാഴ്ചപ്പാടുകളും പരിഗണിച്ച്, അന്തിമ സിനിമാ നയത്തിന് രൂപം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോൺക്ലേവിനു ശേഷം ഈ നയത്തിന്റെ കരടുരൂപം കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കും. ഈ പുതിയ ചലച്ചിത്ര നയം, കേരളത്തിന്റെ ചലച്ചിത്ര മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുകയും, കാലഘട്ടത്തിനനുസരിച്ചുള്ള ആധുനികവും പ്രായോഗികവുമായ വളർച്ച സാധ്യമാക്കുകയും ചെയ്യും. മലയാള സിനിമയെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ ഈ ആഗോള സംഗമം ഒരു നിർണായകമായ നാഴികക്കല്ലായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-08-01 13:47:47

ലേഖനം നമ്പർ: 1812

sitelisthead