കേരളത്തിന്റെ ഉത്തരവാദിത്ത വ്യാവസായിക  വളർച്ചയ്ക്ക് കൂടുതൽ ഊർജ്ജവും ദിശാബോധവും ഉറപ്പാക്കി വ്യാവസായിക സൗഹാർദ്ദാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ  സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്' -2025 (Invest Kerala Global Summit 2025 ,IKGS ) ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ഉച്ചകോടി കേരളത്തിന്റെ ഉത്തരവാദിത്ത വ്യാവസായിക വികസനത്തിലെ പുത്തൻ നാഴികക്കല്ലാണ്. 
 
കേരളത്തിന്റെ വികസനമുന്നേറ്റത്തിനു നാന്ദികുറിക്കുന്ന  ഉച്ചകോടി ഒൻപത് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമനി, നോർവെ, മലേഷ്യ, ഫിൻലാൻഡ്, സൗദി അറേബ്യ എന്നിവ ഐകെജിഎസ് 2025 ൻറെ പങ്കാളിത്ത രാജ്യങ്ങളാണ്. ആഗോളവ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സുസ്ഥിര സാങ്കേതിക വിദ്യകൾ, തന്ത്രപ്രധാന വ്യവസായങ്ങൾ, ആരോഗ്യമേഖലയിലെ നവീകരണം, ഫിൻടെക്, ടൂറിസം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിൽ ആണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന മികച്ച നിക്ഷേപങ്ങളും പിന്തുണയും ഉറപ്പാക്കുന്നത് സംബന്ധിച്ച ചർച്ചയ്ക്കായി നർച്ചറിങ് ദ ഫ്യൂച്ചർ ഓഫ് സ്റ്റാർട്ടപ്പ്‌സ് ആൻഡ് ഇന്നൊവേഷൻ, ഫ്യൂച്ചർ ഓഫ് ടാലന്റ് വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 
24 രാജ്യങ്ങളിലെ അംബാസഡർമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരും ഇൻവെസ്റ്റ് കേരളയിൽ പങ്കെടുക്കും. 

സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കുറിച്ചും ഭാവിയിലേക്ക് വഴിയൊരുക്കുന്ന തൊഴിൽ നൈപുണ്യമുള്ളവരെ കണ്ടെത്തുന്നതിനെ കുറിച്ചും നടക്കുന്ന പാനൽ ചർച്ചകൾ ലോകത്തിനു മുന്നിൽ സംസ്ഥാനത്തിന്റെ കരുത്ത് അവതരിപ്പിക്കാനുള്ള വേദിയാകും. സ്റ്റാർട്ടപ്പുകളുടെ സുസ്ഥിരതയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഉയർന്നുവരുന്ന പ്രവണതകളെയും വെല്ലുവിളികളെയും സംബന്ധിച്ച് അക്കാദമിക് വിദഗ്ധരും വ്യവസായ പങ്കാളികളും തങ്ങളുടെ കാഴ്ചപാടുകൾ പങ്കുവെയ്ക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കാനുമുള്ള മാർഗങ്ങൾ രൂപപ്പെടുത്തുന്നതിന് ഇത് സഹായിക്കും.

എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, ലോജിസ്റ്റിക്‌സ്, മാരിടൈം ആൻഡ് പാക്കേജിംഗ്, ഫാർമ, മെഡിക്കൽ ഡിവൈസസ് ആൻഡ് ബയോടെക്, പുനരുപയോഗ ഊർജ്ജം, ആയുർവേദം, ഫുഡ് ടെക്, ഉയർന്ന മൂല്യവർദ്ധിത റബ്ബർ ഉൽപ്പന്നങ്ങൾ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ. ജർമനി, വിയറ്റ്‌നാം, നോർവെ, യുഎഇ, ഫ്രാൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ ഉച്ചകോടിയിൽ എത്തും.വിവിധ മേഖലകളിലെ വിദേശ കമ്പനികളുമായും നിക്ഷേപകരുമായും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുള്ള മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനും ഇത് സഹായിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്ന ഹരിത സംരംഭങ്ങൾക്ക് അനുയോജ്യമായ സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉച്ചകോടി അവസരമൊരുക്കും.

കേരളം ലോകോത്തര കമ്പനികളുടെയും നിക്ഷേപ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപ സംഗമം കടന്നുവരുന്നത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി പുതിയ വ്യവസായ നയത്തിൽ സംസ്ഥാന സർക്കാർ കണ്ടെത്തിയ 22 മുൻഗണനാ മേഖലകൾ കേന്ദ്രീകരിച്ച് ആദ്യ ഇന്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ് , കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്‌സ് റൗണ്ട് ടേബിൾ, ഫുഡ് ടെക് മാനേജ്‌മെന്റ് ആന്റ് റീസൈക്ലിങ്ങ് കോൺക്ലേവ് , ടൂറിസം കോൺക്ലേവ്, ഓട്ടോമോട്ടീവ് സമ്മിറ്റ്, വിഴിഞ്ഞം കോൺക്ലേവ്, അംബാസിഡേഴ്‌സ്മീറ്റ് തുടങ്ങി നിരവധി പരിപാടികൾ വ്യവസായ വകുപ്പ് പൂർത്തിയാക്കിരുന്നു. രാജ്യത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി മാറിയ കേരളം വ്യവസായ രംഗത്തുണ്ടാക്കിയ വളർച്ച അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. ചെന്നൈ, ബംഗളുരു, ഹൈദ്രാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിൽ സംരംഭകരുമായി ഇന്റസ്ട്രിയൽ റോഡ് ഷോകൾ, ഗൾഫ് മേഖലയിൽ  റോഡ് ഷോ തുടങ്ങിയ മുന്നൊരുക്കത്തോടെയാണ് 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്' സംഘടിപ്പിക്കുന്നത്.   

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്

ഇൻവസ്റ്റ് കേരള

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-20 17:12:37

ലേഖനം നമ്പർ: 1701

sitelisthead