സംസ്ഥാനത്ത് ഗുരുതരമായ രോഗങ്ങൾ നേരിടുന്ന  വ്യക്തികൾക്ക് സാന്ത്വന പരിചരണം ഉറപ്പാക്കുന്നതിനായി കേരള കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതി നടപ്പാക്കാനൊരുങ്ങി തദ്ദേശ സ്വയം ഭരണ വകുപ്പ്. സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചിലവഴിക്കാൻ സന്നദ്ധതയുള്ളവരെയാണ് പാലിയേറ്റീവ് സേവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.  ഗ്രാമ-നഗര, എപിഎൽ/ ബിപിഎൽ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ എല്ലാ ആളുകളേയും കുടുംബങ്ങളേയും കണ്ണിചേർത്തുകൊണ്ട് മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. ജില്ലാ തലത്തിൽ 30 പ്രവർത്തകരെ ഉൾപ്പെടുത്തി ഓരോ ബാച്ച് അടിസ്ഥാനത്തിൽ പരിശീലനം നൽകും. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം സന്നദ്ധപ്രവർത്തകരെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കും. നിലവിൽ 1043 സ്ഥാപനങ്ങളും 7765 സന്നദ്ധപ്രവർത്തകരും 'കേരള കെയറിന്റെ' ഭാഗമാണ്. 

സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി, വിവിധ തലങ്ങളിൽ ലഭ്യമായ സാന്ത്വന പരിചരണ സേവനങ്ങളുടെ ഏകോപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കിടപ്പിലായ ഓരോ രോഗിയെയും അവരുടെ അയൽപക്കത്തുള്ള പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുമായി ബന്ധിപ്പിക്കുന്നു. വാർഡ് കൗൺസിലറുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു Neighbourhood Network for Palliative Care (NNPC) ടീം ഓരോ വാർഡിലും ആവശ്യമുള്ള രോഗികളെ സഹായിക്കുന്നതിനായി രൂപീകരിച്ചു വരുന്നു. kerala.care എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഇതിനായി ഒരുക്കിയിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ (JAK) പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. കിടപ്പിലല്ലാത്ത എന്നാൽ ഗുരുതര രോഗങ്ങൾ  അനുഭവിക്കുന്ന ദീർഘകാല രോഗങ്ങളുള്ള രോഗികളെ രജിസ്റ്റർ ചെയ്യുന്നതിനും, അവർക്ക് ആവശ്യമായ തുടർപരിചരണം ഉറപ്പാക്കുകയും ചെയ്യുന്നതും ഇവരാണ്. ഇതിനായി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിയമിതരായിട്ടുള്ള എം.എൽ.എസ്.പി നഴ്സുമാർക്ക് പരിശീലനം നൽകി വരുന്നു. 

എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും കിടപ്പിലായ രോഗികൾക്ക് ഹോം കെയർ നൽകാൻ പാലിയേറ്റീവ് ഹോം കെയർ ടീം പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി നഴ്സുമാരാണ് ഹോം കെയർ ടീമിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി, കിടപ്പിലായ എല്ലാ രോഗികളുടെയും വീട്ടിൽ ഹോം കെയർ ടീം മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിച്ച് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

സർക്കാർ മേഖലയിൽ 14 ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പാലിയേറ്റീവ് പരിശീലനം നൽകുന്ന പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ മേഖലയിലും 6 പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഡോക്ടർമാർക്കുള്ള 6 ആഴ്ചത്തെ പരിശീലനം (BCCPM), നഴ്സുമാർക്കുള്ള 6 ആഴ്ചത്തെ പരിശീലനം (BCCPN), കമ്മ്യൂണിറ്റി നഴ്സുമാർക്കുള്ള നാല് മാസത്തെ പരിശീലനം (CCCPN), ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള 10 ദിവസത്തെ പരിശീലനം, ആരോഗ്യ പ്രവർത്തകർക്കുള്ള 3 ദിവസത്തെ പരിശീലനം, സന്നദ്ധ പ്രവർത്തകർക്കുള്ള 3 ദിവസത്തെ പരിശീലനം എന്നിവ സംഘടിപ്പിച്ചു വരുന്നു. ഈ കോഴ്സുകൾക്കുള്ള ഏകീകൃത സിലബസ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

പാലിയേറ്റീവ് കെയർ രംഗത്തെ ഇതുവരെയുള്ള നേട്ടങ്ങൾ ശക്തിപ്പെടുത്തിയും കൂടുതൽ വിപുലപ്പെടുത്തിയും കേരളത്തെ ഒരു സമ്പൂർണ പാലിയേറ്റീവ് സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ അവരുടെ വീടുകളിൽ മികച്ച പരിചരണം ലഭിക്കുന്ന തരത്തിൽ സാർവത്രിക പാലിയേറ്റീവ് കെയർ സംവിധാനം ഒരുക്കാനാണ്  ഉദ്ദേശിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സന്നദ്ധ സംഘടനകളെയും സന്നദ്ധ പ്രവർത്തകരെയും, സർക്കാർ സംവിധാനങ്ങളെയും ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിലും മറ്റ് തലത്തിലും ഏകോപിപ്പിച്ച് ആവശ്യമുള്ള എല്ലാവർക്കും മികച്ച പരിചരണം ഉറപ്പാക്കും.

ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന കേരളത്തിന്റെ സവിശേഷമായ സംവിധാനമാണ് കേരള കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതി. കിടപ്പുരോഗികളല്ലെങ്കിലും ഗുരുതരമായ രോഗങ്ങളുള്ള ആർക്കും സാന്ത്വന ചികിത്സ വീടുകളിൽ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിലുള്ള പാലിയേറ്റീവ് നഴ്സുമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഉറപ്പാക്കും.   മറ്റ് സേവനങ്ങൾ സന്നദ്ധപ്രവർത്തകർ മുഖേനയാണ് നിർവഹിക്കുക. ഇതിനായി സാന്ത്വനചികിത്സ ആവശ്യമായ രോഗികളുടെ വിപുലമായ വിവരശേഖരണവും രജിസ്ട്രേഷനും സംസ്ഥാനത്തെങ്ങും വിപുലമായി നടത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ, സെക്കന്ററി യൂണിറ്റുകളെ തയ്യാറാക്കുന്ന പ്രവൃത്തി, നഴ്സുമാർക്കുള്ള വിപുലമായ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ  sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-30 17:45:42

ലേഖനം നമ്പർ: 1789

sitelisthead